ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

വളരെ പുരാതനമായ ചരിത്ര പാരമ്പര്യമുള്ള പ്രദേശമാണിത്. ഇരുമാപ്ര, ഇടമുറുക് എന്നിവിടങ്ങളില്‍ നിന്നും പുരാതന റോമന്‍ നാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ശവസംസ്കാരത്തിനു വേണ്ടി സ്ഥാപിച്ചിരുന്ന കരിങ്കല്‍ അറകളും തൊപ്പിക്കല്ലുകളും പ്രാചീന സംസ്കാരത്തിന്റെ അവശിഷ്ടങ്ങളായി കോണിപ്പാട്, ഉപ്പിടപ്പാറ, പയസ് മൌണ്ട്, കുളപ്പുരപ്പാറ എന്നിവിടങ്ങളില്‍ ഇപ്പോഴും കാണാവുന്നതാണ്. സവര്‍ണ്ണഹിന്ദു നാടുവാഴിത്തത്തിന്റെയും ജന്‍മിത്തത്തിന്റെയും തിക്ത ഫലങ്ങളനുഭവിച്ചുകഴിഞ്ഞിരുന്ന ഇവിടുത്തെ ആദിമ നിവാസികളായ പട്ടിക വര്‍ഗക്കാര്‍ക്ക്, 1858-ല്‍, റവ:ഹെന്‍ട്രിബേക്കര്‍ ജൂനിയര്‍ എന്ന വിദേശ ക്രിസ്ത്യന്‍ മിഷണറിയുടെ ആഗമനത്തോടെയാണ് വിമോചനത്തിന്റെ പാത തുറന്നുകിട്ടിയത്. കുളത്തിക്കണ്ടത്തിനടുത്തുളള കൊടിത്തോപ്പില്‍ സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന ക്ഷേത്രം കാട്ടാനകളുടെ നിരന്തരമായ ആക്രമണത്തെ തുര്‍ന്ന് മലമുകളിലുളള കല്ലുവെട്ടത്തേക്ക് മാറ്റി സ്ഥാപിച്ചതോടെയാണ് മേലുകാവ് എന്ന് ഈ പ്രദേശം അറിയുവാനിടയായത്. ആര്‍.വി.തോമസ്, ചെറിയാന്‍ കാപ്പന്‍, പി.റ്റി.ചാക്കോ, കെ.എം.ചാണ്ടി തുടങ്ങിയവരാണ് മീനച്ചില്‍ താലുക്കിലുള്‍പ്പെടുന്ന ഈ പ്രദേശത്തെ സ്വാതന്ത്ര്യസമര നേതാക്കന്മാര്‍. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യഭരണത്തിനെതിരായി പാലായില്‍ നടന്നിട്ടുളള ഐതിഹാസികമായ പ്രതിഷേധ മഹാസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് മേലുകാവില്‍ നിന്ന് ഗാന്ധിത്തൊപ്പിയും ധരിച്ച് അനേകമാളുകള്‍ കാല്‍നടയായി പോകാറുണ്ടായിരുന്നു. 1953-ന് ശേഷമാണ് ഈ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലുളള മിക്ക റോഡുകളുടെയും നിര്‍മാണം നടക്കുന്നത്. 66 വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട സി.എം.എസ് ഇംഗ്ളീഷ് സ്ക്കൂളാണ് ആദ്യ സ്കൂള്‍. 10 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 2 ക്ഷേത്രങ്ങളും ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മേലുകാവ് മറ്റം സെന്റ് തോമസ് പളളി, പുറം സെന്റ് മാത്യൂസ് ചര്‍ച്ച്, കുളത്തിക്കണ്ടം ക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. മേലുകാവുമറ്റം തിരുനാള്‍, ഇരുമാപ്രമറ്റം തിരുനാള്‍, എള്ളുംപുറം തിരുനാള്‍, ഉളത്തിക്കണം ഉത്സവം, കല്ലുവെട്ടം ഉത്സവം മുതലായവ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. എടുത്തു പറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കിലും എണ്ണമില്‍, ധാന്യം പൊടിക്കുന്ന മില്‍, ഹോളോബ്രിക്സ്, വര്‍ക്ക്ഷോപ്പ്, ഇലക്ട്രിക് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ പഞ്ചായത്തിലുടനീളം പ്രവര്‍ത്തിക്കുന്നു. മേലുകാവ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1930-ല്‍ ഇരുമാപ്രയിലാണ് സ്ഥാപിതമായത്. സെന്റ് തോമസ് എല്‍.പി.സ്കൂള്‍, പ്രസന്റേഷന്‍ പബ്ളിക് സ്കൂള്‍, സെന്റ് ആന്റണീസ് യു.പി.സ്കൂള്‍, എം.ഡി.സി.എം.എച്ച്.എസ്, സി.എം.എസ്.എച്ച്.എസ്.എസ്, പഞ്ചായത്ത് എല്‍.പി.സ്കൂള്‍, സെന്റ് പോള്‍സ് എല്‍.പി.എസ്, അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് പയസ് യു.പി.എസ്, സി.എം.എസ്സ്.എല്‍.പി.എസ് എന്നിവയാണ് മേലുകാവ് പഞ്ചായത്തിലുള്ള പ്രധാന വിദ്യാലയങ്ങള്‍. പഞ്ചായത്തിലെ ഒരേയൊരു കോളേജാണ് ഹെന്‍ട്രി ബേക്കര്‍ കോളേജ്. മേലുകാവ് പഞ്ചായത്തിലൂടെയാണ് എറണാകുളം-എരുമേലി സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്നത്. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരമൃത്യൂ വരിച്ച ധീരജവാന്‍ ജെയിന്‍.പി.നയനന്‍ ഈ നാട്ടുകാരനായിരുന്നു. ടി.ജെ.മാത്യൂ ഐ.എ.എസ്, ടി.ജെ.ജോസ് ഐ.പി.എസ്, ഈനോസ് പടിഞ്ഞാറെ പുത്തന്‍ പുരയ്ക്കല്‍ ഐ.എ.എസ് എന്നീ പ്രമുഖര്‍ മേലുകാവിന്റെ അഭിമാനങ്ങളാണ്. കോലാനി ഐക്യവേദി ക്ളബ്ബ്, സെവന്‍ ആര്‍ട്സ് ആന്റ് സ്പോര്‍സ് ക്ളബ്ബ് എന്നിവ പഞ്ചായത്തിലെ കലാ-കായിക രംഗത്തെ പരിപോഷിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. പഞ്ചായത്ത് ലൈബ്രറി, വിക്ടറി, പ്രോഗ്രസീവ് ലൈബ്രറി എന്നിവ ഉള്‍പ്പെടെ 3 ഗ്രന്ഥാലയങ്ങളും, 3 വായനശാലകളും ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങളും പഞ്ചായത്തിനകത്തുണ്ട്. മേലുകാവ് ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറി, ഇടമറുക് ഹെല്‍ത്ത് സെന്റര്‍, അസംപ്ഷന്‍ ആശുപത്രി എന്നിവ ചികിത്സാരംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണ്. കൂറ്റന്‍ പാറക്കെട്ടുകളും പുല്‍മേടുകളും കാട്ടരുവികളും ചതുപ്പുപ്രദേശങ്ങളും വറ്റാത്ത നീരുറവകളുമുളള ഇലവീഴാപൂഞ്ചിറ, കോലാനിമുടി എന്നീ സ്ഥലങ്ങള്‍ വളരെയധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളാണ്.