ചരിത്രം

ദേശ ചരിത്രം

പഞ്ചായത്ത് രൂപപ്പെടുന്നതിന് മുമ്പ് വില്ലേജാഫീസ് എന്ന് നാമകരണം ചെയ്യുന്നതിനും  മുമ്പ് ഈ പ്രദേശത്തെ മേലില പകുതി എന്നാണ് വിളിച്ചിരുന്നത്. അന്ന് പകുതിയുടെ  സര്‍വ്വാധികാരി പാറവത്തിയാര്‍ ആയിരുന്നു. വില്ലേജാഫീസറെ പാറവത്തിയാര്‍ എന്നാണ് അന്ന് വിളിച്ചിരുന്നത്. വില്ലേജാഫീസിനെ പകുതിച്ചേരി എന്നും വിളിച്ചിരുന്നു. മേലില വില്ലേജ് മേലില പഞ്ചായത്തായി മാറ്റപ്പെട്ടുവെന്നല്ലാതെ പ്രദേശത്തിന്റെ പൊതുഘടനയില്‍ മാറ്റമുണ്ടാക്കത്തക്കവണ്ണം കൂട്ടിച്ചേര്‍ക്കലുകള്‍ ഒന്നും നടന്നിട്ടില്ല. എന്നാല്‍ മേലില വില്ലേജില്‍ ഇപ്പോള്‍ ഉള്‍പ്പെടുന്നതും കിഴക്കേ തെരുവ് നീലാംവിള ഭാഗം മുതല്‍ കൊല്ലം-ചെങ്കോട്ട  റോഡിന്റെ ഇരുവശവും ഏതാണ്ട്  അമ്പത് അടി വീതിയിലുള്ള സ്ഥലം സെന്റ് മേരീസ്  ഹൈസ്കൂള്‍ ഉള്‍പ്പെടെ പടിഞ്ഞാറെ  തെരുവ് സി.എസ്.ഐ പള്ളി വരെയുള്ള ഭാഗം അടര്‍ത്തി മാറ്റി കൊട്ടാരക്കര പഞ്ചായത്തില്‍ ചേര്‍ത്തു. മേലില പഞ്ചായത്തിന്റെ ആസ്ഥാനം ചെങ്ങമനാടാണ്. വില്ലേജാഫീസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ചെങ്ങമനാട്ടാണ്. ഈ സ്ഥലം പഞ്ചായത്തിന്റെ ഏതാണ്ടു മദ്ധ്യഭാഗമാണെന്നതിലുപരി എല്ലാ ഭാഗത്തുനിന്നും വന്നു പോകാന്‍ വാഹന സൌകര്യങ്ങളുമുള്ളതാണ്. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് പുനലൂര്‍ റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  ചെങ്ങമനാട്ട് എത്തിച്ചേരാം. വര്‍ഷങ്ങള്‍ക്കു മുമ്പ്  വളരെ പ്രസിദ്ധമായ  ഒരു ആഴ്ച ചന്ത ഇവിടെയുണ്ടായിരുന്നു. നഷ്ടപ്പെട്ട പഴയ പ്രതാപത്തിന്റെ അവശിഷ്ടവുമായി വികസനം മുരടിച്ച  ഈ ചെറുപട്ടണം നിസ്സഹായയായി മിഴിച്ചു നില്‍ക്കുന്നു.

നാട്ടറിവ്

തമിഴ്ഭാഷാ പദങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്ന സ്ഥലമാണിതെന്ന് ഇവിടത്തെ സ്ഥലനാമങ്ങള്‍ കൊണ്ടു തന്നെ മനസ്സിലാക്കാം. തമിഴ്നാടിനോട്  അടുത്തു കിടക്കുന്നതു കൊണ്ടും ആര്യങ്കാവ് ചുരം വഴി വളരെ വേഗം വന്നുപോകാവുന്നതു കൊണ്ടും തമിഴ് ജനതയുടെ സാന്നിദ്ധ്യം സജീവമായിരുന്നു. മറവര്‍ (തേവര്‍ ) എന്ന് പേരുള്ള ഒരു വിഭാഗം ഒരു കാലത്ത് ഈ പ്രദേശങ്ങളെ കൊള്ള ചെയ്തിരുന്നതായി പഴമക്കാര്‍ പറയുന്നു. തമിഴ് പദങ്ങളായ മേടും പള്ളവും ഇവിടുത്തെ സ്ഥല പേരുകളില്‍  കാണാം. ഒന്നാം വാര്‍ഡായ ഐപ്പള്ളൂര്‍ എന്ന പേരു തന്നെ അങ്ങനെ ഉണ്ടായതാണെന്ന് അനുമാനിക്കാം. ആയ + പള്ളം + ഊര്‍ എന്നീ പദങ്ങള്‍ ചേര്‍ന്നതാകാമത്. അതായത് പള്ളമായി നീണ്ടുകിടക്കുന്ന സ്ഥലം. തൊട്ടടുത്ത വാര്‍ഡായ  കിഴക്കേ തെരുവ്  വളരെ മുന്‍പ് പ്രസിദ്ധമായ  വ്യാപാര കേന്ദ്രമായിരുന്നുവെന്നാണ് അറിവ്. ആ കാലത്ത് തെരുവ് എന്ന പേരുണ്ടാവണമെങ്കില്‍ അത്രത്തോളം  പ്രധാന്യം  ഉണ്ടായിരുന്നിരിക്കാം. കൊട്ടാരക്കരയുടെ അടുത്ത പ്രദേശമായ   നെല്ലിക്കുന്നം തുടങ്ങിയ പ്രദേശങ്ങളുമായി അടുത്ത വ്യാപാര ബന്ധം ഈ പ്രദേശത്തിനുണ്ടായിരുന്നു.

സ്ഥലനാമ ചരിത്രം

ദേശിംങ്ങനാട് രാജ്യത്തെ ഒരു രാജകുമാരന്‍ അറബി നാട്ടില്‍ പോയി  അവിടെ നിന്നും ഒരു അറബി സുന്ദരിയേയും കൂട്ടി കൊല്ലത്ത് എത്തിയെന്നും അറബി സുന്ദരിയുടെ പിതാവ് അവരെ അന്വേഷിച്ച് പിറകേ എത്തിയെന്നും അതറിഞ്ഞ കമിതാക്കള്‍  ഇളയിടത്ത് സ്വരൂപത്തില്‍ എത്തി രഹസ്യമായി പാര്‍ത്തുവെന്നും   അവിടെ നിന്നും ആര്യങ്കാവ്  ചുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനായി ഒറ്റക്കാളവണ്ടിയില്‍ യാത്ര തിരിച്ചുവെന്നും നേരം ഇരുട്ടാകുകയാല്‍  വഴിയരികില്‍ കണ്ട ഒരു വീട്ടില്‍  അഭയം  തേടുകയും  അടുത്ത ദിവസം  അതിരാവിലെ  തമിഴ്നാട്ടിലേക്ക്  യാത്രയാവുകയും ചെയ്തു എന്നും പറയപ്പെടുന്നു. കുറേ കാലത്തിനു ശേഷം കഥാപുരുഷന്‍ തനിക്ക് അഭയം കൊടുത്ത സ്ത്രീയെ  അന്വേഷിച്ചെത്തിയെങ്കിലും  അവിടെ താമസിച്ചിരുന്ന സ്ത്രീയെ കാണാന്‍  കഴിഞ്ഞില്ല. ആ സ്ഥലം കല്ലടയാറിന് അധികം അകലെയല്ലാത്ത കാട്ടുപ്രദേശമായിരുന്നു. ആ വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയുടെ പേര്  നങ്ങേമ എന്നായിരുന്നു. നങ്ങേമ  താമസിച്ചിരുന്ന കാടായതു കൊണ്ട് ആ കാടിന് നങ്ങേമക്കാട്  എന്നു പേരുണ്ടായിയെന്നും കാലക്രമേണ അത് ചെങ്ങമനാട് ആയെന്നുമാണ് ആ കഥ. എന്നാല്‍ കൊട്ടാരക്കരയുടെ തെക്ക് നെല്ലിക്കുന്നത്തിന് അപ്പുറവും വടക്ക് പുത്തൂരിന് ഇപ്പുറവും ചുങ്കത്തറ എന്ന ഒരേ പേരില്‍ രണ്ടു സ്ഥലങ്ങളുണ്ട്. ഇതു രണ്ടും കൊട്ടാരക്കര നാട്ടുരാജ്യത്തിന്റെ അതിര്‍ത്തികളായിരുന്നുവെന്നു പറയുന്നു.  കൊട്ടാരക്കര രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നതും, നിര്‍മ്മിച്ചിരുന്നതുമായ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുമ്പോള്‍  ചുങ്കം പിരിച്ചിരുന്ന സ്ഥലമാകാം ഈ ചുങ്കത്തറകള്‍. ആകയാല്‍ ചെങ്ങമനാട്ട് പ്രദേശം അന്ന് ജംഗമ സാധനങ്ങള്‍ നിര്‍മ്മിച്ചിരുന്ന  സ്ഥലമായിരുന്നിരിക്കാം. ജംഗമ സാധനങ്ങള്‍  (വെങ്കലങ്ങള്‍ ) നിര്‍മ്മിച്ചിരുന്ന സ്ഥലമായതിനാല്‍ സ്ഥലത്തിന്  ജംഗമനാട്  എന്നു വിളിച്ച് കാലക്രമേണ  ചെങ്ങമനാട് ആയതാകാം. അതല്ല ചെമ്മണ്‍നാടാണ് ചെങ്ങമനാട് ആയതെന്നും മറ്റൊരു വിഭാഗം പറയുന്നു. ദേശിങ്ങനാട്, ചിങ്ങനാട് എന്നു കൂടി പേരുണ്ട്.

സാംസ്കാരിക ചരിത്രം

ഇവിടെ ഏഴ് ഹിന്ദു ക്ഷേത്രങ്ങളും പതിനാറ് ക്രിസ്ത്യന്‍ പള്ളികളും പത്തിലധികം മറ്റ് ക്രിസ്തീയ ആരാധനാലയങ്ങളും രണ്ടു മുസ്ളീം പള്ളിയുമുണ്ട്. ഇവിടങ്ങളിലെല്ലാം അതാതു മതാചാര പ്രകാരമുളള ആരാധനകളും പെരുനാളുകളും ഉത്സവങ്ങളും നാനാമതസ്ഥരുടെ സഹകരണത്തോടെയാണ് നടക്കുന്നത്. എല്ലാ ക്ഷേത്രങ്ങള്‍ക്കും കാവും കുളവും ഉണ്ടായിരുന്നു. കാവുകള്‍ ഒട്ടുമുക്കാലും  നാമാവശേഷമായി. ഇവിടത്തെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടത് മേലില ധര്‍മ്മശാസ്താ ക്ഷേത്രമാണ്. വയലേലയുടെ നടുവിലേക്ക് ഉന്തി നില്‍ക്കുന്ന ഉപദ്വീപായ  പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമായ  ഈ പ്രദേശത്തിന്റെ  സാംസ്കാരിക കേന്ദ്രമാണ് ഈ ആരാധനാലയം. ഏകദേശം അഞ്ഞൂറു വര്‍ഷത്തെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ കളമെഴുത്തു പാട്ട് പ്രസിദ്ധമാണ്. കഥകളിയും ആദികാലം മുതല്‍  നടത്തി വരുന്നു. അത്യപൂര്‍വ്വവും അത്യാകര്‍ഷകവുമായ ഭദ്രകാളി തിരുമുടിയെഴുന്നള്ളത്ത് ചരിത്ര പ്രസിദ്ധമാണ്. ചേത്തടി കരിമലക്കാട്ട് ക്ഷേത്രത്തില്‍ അതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇപ്പോഴും ഘോഷയാത്ര നടത്തുന്നുണ്ട്. വില്ലൂര്‍ വൈകുണ്ഠപുരം ക്ഷേത്രവും  ഇരുങ്ങൂരിലെ അമ്മണംകോട് ക്ഷേത്രവും വളരെ പഴക്കമുള്ള ക്ഷേത്രങ്ങളാണ്. തനതായ കലാരൂപം എന്നു പറയാന്‍ ഒന്നുമില്ലെങ്കിലും കാക്കാരിശ്ശി നാടകം, കോല്‍ക്കളി, പാക്കനാരുകളി, തിരുവാതിരക്കളി ഇവയൊക്കെ ഒരു കാലത്ത് ഈ നാട്ടില്‍ നിറഞ്ഞു നിന്നിരുന്നു. തിരുവാതിര യുവജനോത്സവങ്ങളിലേക്ക് കുടിയേറി. പാക്കനാരുകളി ഏകദേശം നിന്നു പോയി. കക്കാരിശ്ശി നാടകം താല്പര്യം ഒഴിഞ്ഞ മട്ടായി. കോല്‍ക്കളി ഇന്നും പിടിച്ചു നില്‍ക്കുന്നു. ചെങ്ങമനാട്ടെ മാധവനാശാനും സംഘവും ഇന്നും  ഈ കലാരൂപം നിലനിര്‍ത്തിപ്പോരുന്നു. നാടകവുമായി ഈ പ്രദേശത്തിന് പണ്ടുമുതലേ ആത്മബന്ധമുണ്ട്. ഇവിടുത്തെ പഴമക്കാര്‍ മലയാളത്തിലെ തന്നെ ആദ്യ നാടകമായ കൊച്ചീപ്പന്‍ തകരന്റെ മറിയാമ്മ നാടകവും, സദാരാമയും മറ്റും പഠിച്ച് അവതരിപ്പിച്ചിരുന്നു. കേരള മന്ത്രിസഭയിലെ  ആദ്യ സ്പീക്കറായിരുന്ന ശങ്കരനാരായണ തമ്പി മേലിലയിലെ പൂന്നൂര്‍ കുടുംബാംഗമാണ്. കാര്‍ഷിക രംഗത്ത് ശ്രദ്ധേയനായിരുന്ന കടുവാ തോട്ടത്ത്  ജോണ്‍ വൈദ്യര്‍ 1956-66-ലെ സംസ്ഥാനത്തെ ഏറ്റവും നല്ല കൃഷിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയഭാരതം വൈദ്യശാലയുടെ ഉടമയായിരുന്ന പി.ഒ .തോമസ് വൈദ്യന്‍ ഈ പഞ്ചായത്തിലെ ഐപ്പള്ളൂര്‍ വാര്‍ഡിലെ കുടുംബാംഗമാണ്.