മീനങ്ങാടി

വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ബത്തേരി ബ്ളോക്കിലാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പുറക്കാടി, കൃഷ്ണഗിരി എന്നീ വില്ലേജുകളിലായി മീനങ്ങാടി ഗ്രാമപഞ്ചായത്തിന് 53.52 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പൂതാടി പഞ്ചായത്തും കിഴക്കുഭാഗത്ത് സുല്‍ത്താന്‍ ബത്തേരി പഞ്ചായത്തും, തെക്കുഭാഗത്ത് അമ്പലവയല്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുട്ടില്‍ പഞ്ചായത്തുമാണ്. മീനവര്‍ അധിവസിക്കുന്ന ഗ്രാമം എന്ന നിലയിലും, മീന്‍(വിഷ്ണുവിന്റെ മത്സ്യാവതാരം) പ്രതിഷ്ഠയുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ടും കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ മീന്‍ അങ്കിടി എന്ന് ഈ പ്രദേശത്തെ വിളിച്ചുതുടങ്ങി. കന്നടഭാഷയില്‍ അങ്കിടി എന്നാല്‍ ഗ്രാമം, ക്ഷേത്രം എന്നീ അര്‍ത്ഥങ്ങളുണ്ട്. മീന്‍ അങ്കിടിയാണ് മലയാളീകരിച്ച് മീനങ്ങാടിയായിത്തീര്‍ന്നത്. 1962-ലാണ് മീനങ്ങാടിയില്‍ പഞ്ചായത്തുഭരണസമ്പ്രദായം നിലവില്‍ വന്നത്. 1963-ല്‍ നവംബറില്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴു മെമ്പര്‍മാരും, നോമിനേറ്റ് ചെയ്യപ്പെട്ട ഒരു വനിതാമെമ്പറുമടക്കം എട്ട് അംഗങ്ങളുള്ള പുറക്കാടി പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നു. 1973-ല്‍ പഞ്ചായത്തിന്റെ പേരു മീനങ്ങാടി എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ ചുരം കാക്കുന്ന ചങ്ങലമരവും, പൂക്കോട് തടാകത്തിന്റെ ലാവണ്യവും എടക്കല്ലിന്റെ ചരിത്രസ്മൃതികളും പാപനാശിനിയുടെ പവിത്രതയും ബ്രഹ്മഗിരിയുടെ ഗാംഭീര്യവും നെഞ്ചിലേറ്റിയ വയനാട് എന്ന സുന്ദരഭൂമിയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മീനങ്ങാടി. ചെറുകുന്നുകളും, വയലേലകളും, താഴ്വരകളും, നീര്‍ച്ചോലകളും, കൊച്ചരുവികളുമെല്ലാമുള്ള അതിമനോഹരമായ ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിന്റേത്. സമുദ്രനിരപ്പില്‍ നിന്ന് 1022 മീറ്റര്‍ ഉയരമുള്ള പാതിരിപ്പാറയാണ് പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശം. കോഴിക്കോട്-മൈസൂര്‍ അന്തര്‍സംസ്ഥാനപാത പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് കടന്നുപോകുന്നു. വനനിബിഡമായ മീനങ്ങാടി പഞ്ചായത്തിന്റെ മിക്കഭാഗങ്ങളിലും കാണപ്പെടുന്നത് പശിമരാശിയും വളക്കൂറുമുള്ള കറുത്തയിനം മണ്ണാണ്. കളിമണ്ണു കലര്‍ന്ന നെല്‍വയലുകള്‍ ഫലപുഷ്ടിയുള്ളതാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 70 ശതമാനത്തിലധികം കരഭൂമിയാണ്. വയനാട് ജില്ല കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതുകൊണ്ടുതന്നെ ഇവിടം തെന്നിന്ത്യന്‍ സംസ്കാരങ്ങളുടെ സംഗമഭൂമിയാണെന്ന് വിശേഷിപ്പിക്കാം. മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിക്കടുത്തു കാണപ്പെടുന്ന നൂറുകണക്കിന് മുനിയറകള്‍ രണ്ടായിരത്തിലേറെ കൊല്ലം പഴക്കം കണക്കാപ്പെടുന്നതാണ്. ഈ മഹാശിലാനിര്‍മ്മിതികള്‍, ഒട്ടേറെ സുസ്ഥാപിതവും, അഭിവൃദ്ധി പ്രാപിച്ചതുമായ സാമൂഹ്യ സംവിധാനമുണ്ടായിരുന്ന ഒരു ജനസഞ്ചയം ഈ പ്രദേശത്ത് ജീവിച്ചിരുന്നുവെന്നതിന്റെ തെളിവായി കാണാം. പഴയകാലത്ത് വയനാട്ടിലെ പ്രധാനപ്പെട്ട മലഞ്ചരക്കുകേന്ദ്രവും കാലിച്ചന്തയും മീനങ്ങാടിയായിരുന്നു.