ചരിത്രം

പ്രാക്ചരിത്രം

കബിനിയുടെ കൈവഴികളൊഴുകുന്ന ഈ ഭൂമിയില്‍ അതിപുരാതനകാലം മുതല്‍ തന്നെ ജനങ്ങള്‍ അധിവസിച്ചിരുന്നു എന്നതിനു തെളിവാണ് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിക്കടുത്തു കാണപ്പെടുന്ന നൂറുകണക്കിന് മുനിയറകള്‍. രണ്ടായിരത്തിലേറെ കൊല്ലം പഴക്കം കണക്കാപ്പെടുന്ന ഈ മഹാശിലാനിര്‍മ്മിതികള്‍, ഒട്ടെറെ സുസ്ഥാപിതവും, അഭിവൃദ്ധി പ്രാപിച്ചതുമായ സാമൂഹ്യ സംവിധാനമുണ്ടായിരുന്ന ഒരു ജനസഞ്ചയം ഈ പ്രദേശത്ത് ജീവിച്ചിരുന്നുവെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. മോഹന്‍ജോദാരോ, ഹാരപ്പ സംസ്കാരങ്ങളുമായി ബന്ധമുണ്ടായിരുന്ന ജനസഞ്ചയം ദക്ഷിണ കര്‍ണ്ണാടകത്തിലേക്ക് കുടിയേറിയിട്ടുള്ളതായും മൈസൂര്‍ കേന്ദ്രമായി ചരിത്രാതീതകാലത്ത് നിലനിന്നിരുന്ന ആ കാര്‍ഷികനാഗരികതയുടെ പിന്‍മുറക്കാര്‍ കബിനിയുടെ തീരം വഴി വയനാട്ടിലെത്തിയതായും ജലസേചനസൌകര്യമുള്ള താഴ്വരകളില്‍ കാര്‍ഷികജീവിതം ആരംഭിച്ചതായും അനുമാനമുണ്ട്. മീനങ്ങാടിയിലെ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ പരിശോധിച്ചാല്‍ ഇവിടെ ചരിത്രാതീതകാലത്തുതന്നെ ജനവാസകേന്ദ്രങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് കാണാം. ക്രിസ്തുവിനുശേഷമുള്ള ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളെ സംഘകാലഘട്ടം എന്ന് കേരള ചരിത്രത്തില്‍ പറയുന്നുണ്ട്. അക്കാലത്ത് കാക്കനാട് എന്ന പേരിലായിരുന്നു വയനാട് അറിയപ്പെട്ടിരുന്നത്. വയനാട്, ഗൂഡല്ലൂര്‍ തുടങ്ങിയ പര്‍വ്വതപ്രദേശങ്ങള്‍ ചേര്‍ന്ന ഈ കാക്കനാടിന്റെ ഭരണാധിപത്യം കടമ്പ രാജാക്കന്മാരായിരുന്നു കൈയ്യാളിയിരുന്നത്. കടമ്പ രാജാക്കന്മാരിലൊരാളായ വിഷ്ണുവര്‍മ്മന്റെ ലിഖിതങ്ങള്‍ എടക്കല്‍ ഗുഹയുടെ ചുമരില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീവിഷ്ണു വര്‍മ്മ കുടു:ബീയ കുലവര്‍ദ്ധനസ്യ എന്നാണ് ഈ പുരാതനലിഖിതം. വൈഷ്ണവരായ കുടു:ബീയവംശജര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തിയായ മഹാവിഷ്ണുവിന്റെ ആദ്യാവതരമായ മത്സ്യത്തെ പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രം മീനങ്ങാടിയിലുണ്ടായിരുന്നുവെന്നത്, മീനങ്ങാടി പുരാതനകാലത്ത് വൈഷ്ണവരായ കുടു:ബിവിഭാഗക്കാരുടെ അധിവാസകേന്ദ്രമായിരുന്നു എന്ന സൂചന നല്‍കുന്നു. ഈ ക്ഷേത്രമാണ് പുനരുദ്ധരിക്കപ്പെട്ട മീനങ്ങാടിയിലെ മാത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. അവസാനത്തെ കുടു:ബിരാജാവിനെ നെടുംചേരലാതന്‍ എന്ന ചേരരാജാവ് കീഴടക്കി, വയനാട്ടിനെ ചേരസാമ്രാജ്യത്തിനോട് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. തുടര്‍ന്ന് തമിഴുഭാഷ സംസാരിക്കുന്ന പടയാളികള്‍ മീനങ്ങാടിയില്‍ വരുമ്പോള്‍ ഇവിടത്തെ വൈഷ്ണവജനതയെ മീനിനെ ആരാധിക്കുന്ന ജനങ്ങള്‍ എന്ന നിലയില്‍ മീനവര്‍ എന്നാണ് വിളിച്ചിരുന്നത്. മീനവര്‍ അധിവസിക്കുന്ന ഗ്രാമം എന്ന നിലയിലും, മീന്‍(വിഷ്ണുവിന്റെ മത്സ്യാവതാരം) പ്രതിഷ്ഠയുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ടും കര്‍ണ്ണാടകത്തില്‍ നിന്നത്തിയ കുടിയേറ്റക്കാര്‍ മീന്‍ അങ്കിടി എന്ന് ഈ പ്രദേശത്തെ വിളിച്ചുതുടങ്ങി. കന്നടഭാഷയില്‍ അങ്കിടി എന്നാല്‍ ഗ്രാമം, ക്ഷേത്രം എന്നീ അര്‍ത്ഥങ്ങളുണ്ട്. മീന്‍ അങ്കിടിയാണ് മലയാളീകരിച്ച് മീനങ്ങാടിയായിത്തീര്‍ന്നത്. ചേരരാജാക്കന്മാരുടെ ആധിപത്യം ക്രമേണ വയനാട്ടില്‍ ക്ഷയിച്ചുവന്നു. ചേര വംശത്തിലേക്ക് കുടു:ബിവംശത്തില്‍നിന്നും (വേട വംശം എന്നാണ് പിന്നീട് ഇവര്‍ അറിയപ്പെട്ടത്) ചിലരെ ദത്തെടുത്തതായി പതിറ്റുപ്പത്തിലെ ഏഴാം പതികത്തിലും ഐതിഹ്യങ്ങളിലും സൂചനകളുണ്ട്. വയനാട്ടിന്റെ ഭരണാധിപത്യം നേടിയെടുത്ത കുടു:ബികളായ വേടവംശജരാണ് ബേട്ടു കുറുമാര്‍ എന്നും മുല്ലൈ കുറുമ്പര്‍ എന്നും പിന്നീട് അറിയപ്പെട്ട, വയനാട്ടിലെ ഇന്നത്തെ ഊരാളികളും കുറുമ്പരും. ഏ.ഡി.പത്താം നൂറ്റാണ്ടോടുകൂടി വയനാട്ടിലെ ആധിപത്യം പൂര്‍ണ്ണമായും കുറുമ്പരുടെ കീഴിലായി. പതിനെട്ടിലേറെ കോട്ടകള്‍ കെട്ടി നാടുവാണിരുന്ന കുറുമ്പര്‍ക്ക്, വേടര്‍ക്കരശന്‍ എന്ന രാജാവും ഇളവരശന്‍ എന്ന ഉപരാജാവും, തലച്ചില്‍ ചൊല്ലുമൂപ്പന്‍, നാലപ്പാടി കുന്നുമൂപ്പന്‍ എന്നിങ്ങനെ നാടുവാഴികളുമുള്ള ഗോത്രഭരണ സമ്പ്രദായമാണുണ്ടായിരുന്നത്. മീനങ്ങാടിയിലെ കാട്ടകുന്ന്, കോട്ടൂര്‍തലച്ചില്‍, അപ്പാടുതലച്ചില്‍, കൊങ്ങിയമ്പലം കോയിക്കല്‍ മൂപ്പന്‍, നെടിയഞ്ചരി മൂപ്പന്‍ എന്നീ സ്ഥാനങ്ങള്‍ വേടരാജാക്കന്മാരുടെ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്നു. വേടരാജാക്കന്മാരുടെ ഭരണകാലത്ത് കാട്ടുനായ്ക്കന്മാരും, പണിയരും, വയനാട്ടിലുണ്ടായിരുന്നു. പ്രാകൃതകന്നട സംസാരിക്കുന്ന കാട്ടുനായ്ക്കര്‍ ചരിത്രാതീതകാലം മുതല്‍തന്ന വയനാട്ടിലുണ്ടായിരുന്ന ജനസമൂഹമാണ്. ഇപ്പിമലയെന്ന ബാണാസുരന്‍ മലയാണ് തങ്ങളുടെ ആദിമകേന്ദ്രമെന്ന് വിശ്വസിക്കുന്ന പണിയസമുദായക്കാര്‍ നിഗ്രീറ്റോ വംശജരായതുകൊണ്ട് നരവംശശാസ്ത്രജ്ഞര്‍, നീഗ്രോകളുടെ ഉത്ഭവസ്ഥാനമായ ആഫ്രിക്കയുമായി അവര്‍ക്ക് അതിപുരാതനബന്ധമുണ്ടെന്ന് അഭിപ്രായപ്പെടുന്നു. അടിയാളരായ പണിയര്‍ വടക്കുനിന്നത്തിയ യജമാനവര്‍ഗ്ഗത്തിന്റെ അടിമകളായിരുന്നു.

ആദിവാസിസമൂഹചരിത്രം

ആദിവാസികളായിരുന്ന കുറുമ്പര്‍ പാട്ടകുടിയാന്മാരും, ഊരാളികള്‍ കൈത്തൊഴില്‍ക്കാരും, പണിയര്‍ അടിമവേലക്കാരും, കാട്ടുനായ്ക്കര്‍ നായാടികളുമായിരുന്നു. ആദിവാസികളില്‍ മുഖ്യജനവിഭാഗമായിരുന്ന കുറുമര്‍ വയല്‍പ്രദേശങ്ങളില്‍ നെല്ലും കുന്നിന്‍പ്രദേശങ്ങളില്‍ മുത്താറി, ചോളം കരിമ്പ് എന്നിവയും കൃഷി ചെയ്തിരുന്നു. പുകയില, പരുത്തി, ചണം എന്നിവയായിരുന്നു മറ്റു കൃഷികള്‍. കരിമ്പിന്‍നീരു കുറുക്കി ശര്‍ക്കരയുണ്ടാക്കാനും പനഞ്ചക്കരയുണ്ടാക്കാനും പരുത്തികൊണ്ടു തുണിയുണ്ടാക്കാനും ഇക്കൂട്ടര്‍ക്കറിയാമായിരുന്നു. കമ്പിളിത്തുണികള്‍ കര്‍ണ്ണാടകത്തില്‍ നിന്നാണ് വന്നിരുന്നത്. മുളകൊണ്ടാണ് സാധാരണ വീടുകള്‍ ഉണ്ടാക്കിയിരുന്നത്. വൈക്കോല്‍ കൊണ്ടു മേഞ്ഞും ചുമരുകള്‍ മുളകൊണ്ടു മെടഞ്ഞ്, മണ്ണുതേച്ചുപിടിപ്പിച്ചുമായിരുന്നു ഗൃഹനിര്‍മ്മാണം. കര്‍ക്കിടകം 14, കര്‍ക്കിടക സംക്രാന്തി, തുലാപ്പത്ത്, മകരം 30 ഉച്ചാല്‍ എന്നിവയാണ് കുറുമരുടെ വിശേഷദിനങ്ങള്‍. കുറുമര്‍ അയിത്തം ആചരിച്ചിരുന്നു. വേടപാരമ്പര്യമുള്ള കുറുമരുടെ ആണ്‍കുട്ടികള്‍ തുലാപ്പത്തിന്ന്(പുത്തരിയുത്സവത്തിന്) അമ്പെയ്ത്തുപരിശീലനത്തിന് ആരംഭം കുറിക്കും. നായാട്ടില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും വേട്ടമൃഗത്തിന്റെ സമവിഹിതം നല്‍കിയിരുന്നു. വെളിഞ്ഞിക്കോല് വെച്ചു പക്ഷികളെ പിടിക്കുന്നതിന് ഇവര്‍ക്ക് പ്രത്യേകവൈദഗ്ദ്ധ്യം തന്നയുണ്ടായിരുന്നു. പുഴ മുറിച്ചുകെട്ടി മീന്‍ പിടിച്ചാല്‍ ഒരു പങ്ക് തമ്പുരാന് കൊടുക്കണമെന്നായിരുന്നു നിയമം. പണിയന്‍, അടിമത്തത്തില്‍ ജനിച്ച്, അടിമത്തത്തില്‍ വളര്‍ന്ന്, അടിമത്തത്തില്‍ തന്നെ മരിച്ചുമണ്ണടിയുന്ന ഹതഭാഗ്യരായ ജനവിഭാഗമായിരുന്നു. ആയുഷ്ക്കാലം മുഴുവന്‍ ജന്മികളുടെ കീഴില്‍ വല്ലിക്കെട്ടി നില്‍ക്കുന്ന അടിമകളായിരുന്നു പണിയര്‍. വയലരുകുകളില്‍ കുടില്‍കെട്ടി, ജന്മിഭൂമികളില്‍ പകലന്തിയോളം പണിയെടുത്തിരുന്ന പണിയരെ കന്നുകാലികളെപ്പോലെ വള്ളിയൂര്‍കാവുത്സവത്തിന് വിലപേശി വില്‍ക്കുമായിരുന്നു. ഒരുതുണ്ടു ഭൂമിയോ ഒരു ഇരുമ്പായുധമോ കൈവശം വെക്കുന്നതിനുപോലും പണിയര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. പണിയരുടെ അടിമപ്പണിയ്ക്ക് 1962-ലാണ് നിയമംമൂലം അറുതിവരുത്തിയത്. ഊരാളികളാകട്ടെ, നാമമാത്രമായ ഭൂമിയുടെ ഉടമകളായിരുന്നു. ഓടയും മുളയും കൊണ്ടുണ്ടാക്കുന്ന പാടികള്‍ എന്നു വിളിക്കപ്പെടുന്ന കുടിലുകളില്‍ ജീവിച്ചിരുന്ന വിദഗ്ധരായ കൈത്തൊഴില്‍ക്കാരായിരുന്ന ഇവര്‍ കൊട്ട, വട്ടി, മുറം, കുട, കത്തി, കലപ്പ, തുടങ്ങിയ വീട്ടുപകരണങ്ങളും പണിയായുധങ്ങളും ഉണ്ടാക്കിയിരുന്നു. ലിപികളില്ലാത്ത പ്രാകൃതഭാഷ സംസാരിക്കുന്ന ഊരാളികള്‍ ഒരു തനതുസംസ്കാരത്തിന്റെ ഉടമകളാണ്. ആദിവാസികളിലെ മറ്റൊരു വിഭാഗമായ കാട്ടുനായ്ക്കന്‍മാര്‍ വനാന്തരങ്ങളില്‍ വേട്ടയാടിയും കായ്കനികള്‍ ശേഖരിച്ചും ഉപജീവനം നടത്തിയിരുന്നു. നായാടിവര്‍ഗ്ഗമായ ഇവര്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നില്ല. ഇവരുടെ ഭാഷ പ്രാകൃതകന്നടയാണ്. അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്ക് ആദിവാസികളെല്ലാം ഒത്തുകൂടുമായിരുന്നു. ഉത്സവത്തിന്റെ നടത്തിപ്പിന് ആദിവാസി വിഭാഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ അവകാശമുണ്ടായിരുന്നു. അമ്പലത്തിനകത്ത് ആദിവാസികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അമ്പലത്തിനോടനുബന്ധിച്ച് തിറയുത്സവങ്ങള്‍ ആദിവാസികള്‍ നടത്തിയിരുന്നു.

സാമൂഹ്യചരിത്രം

ആധുനികകാലഘട്ടത്തില്‍ 15-ാം നൂറ്റാണ്ടിനടുത്ത് കോട്ടയം രാജാവ് തിരുനെല്ലികോട്ടയിലെ വേടര്‍ക്കരശനെ പരാജയപ്പെടുത്തി, വയനാടിനെ കോട്ടയത്തോട് കൂട്ടിച്ചേര്‍ത്തുവെങ്കിലും വയനാട്ടിലെ അതിശൈത്യവും മഞ്ഞും, മലമ്പനിയും കാരണം കോട്ടയം പടയാളികള്‍ വയനാടിനെ ക്രമേണ കൈയൊഴിച്ചുപോവുകയാണുണ്ടായത്. നാഥനില്ലാത്ത അവസ്ഥയില്‍ കോട്ടയം രാജാവ് 600 നായര്‍ കുടു:ബങ്ങളെ വയനാട്ടില്‍ കുടിയിരുത്തുകയും വയനാട്ടിനെ 60 നാടുകളായി വിഭജിച്ച് ഭരണാധികാരം നായര്‍ പ്രമാണിമാര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു. അന്നു മീനങ്ങാടി പ്രദേശം കാരനാട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ അറുപതുനാടുകളില്‍ എട്ടും പത്തും നാടുകള്‍ ചേര്‍ന്ന് ആറുസ്വരൂപങ്ങളായി തീര്‍ന്നു. കുപ്പത്തോട് നായന്മാര്‍ക്ക് ആധിപത്യമുള്ള വയനാട് സ്വരൂപം, കല്പറ്റ നായന്മാരുടെ മേധാവിത്വമുള്ള എടന്നനസ് കൂറ് സ്വരൂപം, എടച്ചന നായന്മാരുടെ എള്ളകുച്ചി സ്വരൂപം എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയായിരുന്നു. കാരനാട് എന്നറിയപ്പെട്ടിരുന്ന മീനങ്ങാടിയാകട്ടെ, കുപ്പത്തോട് നായന്മാരുടെ കീഴിലായിരുന്നു. നാടുവാഴി ഭരണകാലത്ത് ഭൂമിയെല്ലാം ജന്മിമാരുടെയും ദേവസ്വത്തിന്റേയും കീഴിലായിരുന്നു. അക്കാലത്ത് മലബാറില്‍ നിന്നും നായന്മാരോടൊപ്പം എത്തിയ മുസ്ളീങ്ങളും കര്‍ണ്ണാടകത്തില്‍ നിന്നു വന്ന ജൈനബ്രാഹ്മണരും കൊണ്ടുനാട്ടില്‍ നിന്ന് കുടിയേറിയ ചെട്ടികളും വയനാട്ടിലുണ്ടായിരുന്നു. ആദിവാസികളായിരുന്ന കുറുമ്പര്‍ പാട്ടകുടിയാന്മാരും, ഊരാളികള്‍ കൈത്തൊഴില്‍ക്കാരും, പണിയര്‍ അടിമവേലക്കാരും, കാട്ടുനായ്ക്കര്‍ നായാടികളുമായിരുന്നു. പുഴ മുറിച്ചുകെട്ടി മീന്‍ പിടിച്ചാല്‍ ഒരു പങ്ക് തമ്പുരാന് കൊടുക്കണമെന്നായിരുന്നു നിയമം. പണിയന്‍, അടിമത്തത്തില്‍ ജനിച്ച്, അടിമത്തത്തില്‍ വളര്‍ന്ന്, അടിമത്തത്തില്‍ തന്നെ മരിച്ചുമണ്ണടിയുന്ന ഹതഭാഗ്യരായ ജനവിഭാഗമായിരുന്നു. ആയുഷ്ക്കാലം മുഴുവന്‍ ജന്മികളുടെ കീഴില്‍ വല്ലിക്കെട്ടി നില്‍ക്കുന്ന അടിമകളായിരുന്നു പണിയര്‍. വയലരുകുകളില്‍ കുടില്‍കെട്ടി, ജന്മിഭൂമികളില്‍ പകലന്തിയോളം പണിയെടുത്തിരുന്ന പണിയരെ കന്നുകാലികളെപ്പോലെ വള്ളിയൂര്‍കാവുത്സവത്തിന് വിലപേശി വില്‍ക്കുമായിരുന്നു. ഉത്സവത്തിന്റെ നടത്തിപ്പിന് ആദിവാസി വിഭാഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ അവകാശമുണ്ടായിരുന്നു. നായര്‍ ഊരാളന്മാരായിരുന്നു അമ്പലത്തിന്റെ നടത്തിപ്പുകാര്‍. ബ്രാഹ്മണര്‍ പൂജാരികളുമായിരുന്നു. അമ്പലത്തിനകത്ത് ആദിവാസികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അമ്പലത്തിനോടനുബന്ധിച്ച് തിറയുത്സവങ്ങള്‍ ആദിവാസികള്‍ നടത്തിയിരുന്നു. പുറക്കാടി, മാനികാവ്, തിരുനെല്ലി, മലക്കാട്ട്, മീനങ്ങാടി, പൊങ്ങിണിച്ചിക്കല്ലൂര്‍ എന്നിങ്ങനെ ആറു ദേവസ്വങ്ങളുടെ കൈവശമായിരുന്നു ഭൂമി മുഴുവന്‍. പുറക്കാടി ദേവസ്വത്തിന് ആറായിരത്തിലേറെ ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. മീനങ്ങാടിയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന കോഴിക്കോട്-മൈസൂര്‍ റോഡായിരുന്നു പ്രധാന ഗതാഗതമാര്‍ഗ്ഗം. പലചരക്കുസാധനങ്ങള്‍ ഗുണ്ടല്‍പേട്ടയില്‍ നിന്നു കാളവണ്ടിയിലായിരുന്നു വന്നിരുന്നത്. മീനങ്ങാടി 54-ല്‍ നൂറുകണക്കിന് കാളവണ്ടികള്‍ താവളമടിക്കുമായിരുന്നു എന്നു പഴമക്കാര്‍ പറയുന്നു. വന്‍കിട തോട്ടമുടമകളുടെ യാത്രാവാഹനം കാളവണ്ടിയായിരുന്നു. കോഴിക്കോട്ടുനിന്നു പുറപ്പെട്ടു മൈസൂരിലെത്തുന്ന മാരുതി ബസ് ആയിരുന്നു ആദ്യകാലബസ്. 1947-ല്‍ സ്വാതന്ത്ര്യം നേടിയതോടെ, തിരുവിതാംകൂറില്‍ നിന്നു ക്രിസ്ത്യാനികളുടേയും ഈഴവരുടേയും വന്‍തോതിലുള്ള കുടിയേറ്റം മീനങ്ങാടിയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിച്ചു. ജന്മിമാരില്‍ നിന്നും ദേവസ്വത്തില്‍ നിന്നും ഭൂമി വാങ്ങിയ കുടിയേറ്റജനത കാര്‍ഷികമേഖലയില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. കാടുകള്‍ വെട്ടിത്തെളിച്ചു കപ്പയും, ചേനയും കാച്ചിലും നട്ടു. പുല്‍ത്തൈലകൃഷി ആരംഭിച്ചു. കൃഷിരീതിയിലുള്ള മാറ്റങ്ങള്‍ കച്ചവടരംഗം സജീവമാക്കി. പലചരക്കുകടകളോടൊപ്പം മലഞ്ചരക്കുകടകളും പുതിയതായി തുറക്കപ്പെട്ടു. വയനാട്ടിലെ പ്രധാനപ്പെട്ട മലഞ്ചരക്കുകേന്ദ്രവും കാലിച്ചന്തയും മീനങ്ങാടിയായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം വന്‍തോതില്‍ കുടിയേറിയവരില്‍ ബഹുഭൂരിഭാഗവും മൂവാറ്റുപുഴയില്‍ നിന്നുള്ള ക്രിസ്ത്യാനികളായിരുന്നു. 1935-ലാണ് മീനങ്ങാടിയില്‍ ആദ്യത്തെ എല്‍.പി.സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം മൈലമ്പാടി സര്‍വ് ഇന്ത്യാ ആദിവാസി എല്‍.പി.സ്ക്കൂള്‍ കൊളഗപ്പാറ ഹരിജന്‍ വെല്‍ഫെയര്‍ സ്ക്കൂള്‍ എന്നിവ ആരംഭിച്ചു. കുടിയേറ്റജനതയുടെ കുട്ടികള്‍ എല്‍.പി.സ്ക്കൂളുകളില്‍ കൂടുതലായി എത്താനാരംഭിച്ചു. 1953-ല്‍ മീനങ്ങാടി എയിഡഡ് യു.പി.സ്ക്കൂളും 1958-ല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളും സ്ഥാപിതമായി. 1935-ല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് എലിമെന്ററി സ്ക്കൂള്‍ എന്ന പേരില്‍ ഇന്നത്തെ മാരിയമ്മന്‍ കോവിലിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ വാടകകെട്ടിടത്തില്‍ 5-ാം തരം വരെയുള്ള സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച കോഴിക്കോട്-മൈസൂര്‍ റോഡ് മാത്രമേ 1950 വരെ മീനങ്ങാടി പഞ്ചായത്തില്‍ ഉണ്ടായിരുന്നുള്ളു. എങ്കിലും മീനങ്ങാടി-പച്ചിലക്കാട് റോഡിന്റെയും ബീനാച്ചി-പനമരം റോഡിന്റെയും പ്ളാനുകള്‍ 1920-ലെ ബ്രിട്ടീഷ് സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 1950-കളില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍, പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുവേണ്ടി മീനങ്ങാടിയെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച റോഡുകളാണ് ഇന്നു കാണുന്ന മിക്ക റോഡുകളും. കോഴിക്കോട്-മൈസൂര്‍ അന്തര്‍സംസ്ഥാനപാത പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് കടന്നുപോകുന്നു. വനനിബിഡമായ മീനങ്ങാടി പഞ്ചായത്തിന്റെ മിക്കഭാഗങ്ങളിലും കാണപ്പെടുന്നത് പശിമരാശിയും വളക്കൂറുമുള്ള കറുത്തയിനം മണ്ണാണ്. കളിമണ്ണു കലര്‍ന്ന നെല്‍വയലുകള്‍ ഫലപുഷ്ടിയുള്ളതാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 70 ശതമാനത്തിലധികം കരഭൂമിയാണ്. കാപ്പി, കുരുമുളക്, വാഴ, തെങ്ങ്, റബ്ബര്‍, കവുങ്ങ്, ഇഞ്ചി എന്നിവയാണ് ഇവിടുത്തെ മുഖ്യ കൃഷികള്‍.