പഞ്ചായത്തിലൂടെ
മയ്യില്‍ - 2010
1962-ലാണ് മയ്യില്‍ പഞ്ചായത്ത് രൂപീകൃതമായത്. 33.08 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന് വടക്കുഭാഗത്ത് ചെങ്ങളായി, കുറുമാത്തൂര്‍ പഞ്ചായത്തുകളും, കിഴക്ക് കുറ്റ്യാട്ടൂര്‍, മലപ്പട്ടം, ചെങ്ങളായി പഞ്ചായത്തുകളും, തെക്ക് കൊളച്ചേരി, കുറ്റ്യാട്ടൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറ് കൊളച്ചേരി പഞ്ചായത്തും, തളിപ്പറമ്പ മുനിസിപ്പാലിറ്റിയും അതിരുകളാകുന്നു. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ടുള്ള ഈ പഞ്ചായത്തില്‍ 14281 സ്ത്രീകളും, 13324 പുരുഷന്മാരും ഉള്‍പ്പെടെ ആകെ 27605 പേരാണുള്ളത്. കേരളത്തിലെ ഏക പാമ്പുവളര്‍ത്തല്‍ കേന്ദ്രമായ പറശ്ശിനിക്കടവ് ഈ പഞ്ചായത്തിലാണുള്ളത്. കോറളായി ഈ പഞ്ചായത്തിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ്. ഭൂപ്രകൃതി അനുസരിച്ച് ഇടനാടില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലെ മുഖ്യതൊഴില്‍ മേഖല കൃഷിയാണ്. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവയൊക്കെയാണ് കൃഷിവിളകള്‍. ചെറുപഴശ്ശി, കടൂര്‍, തായംപൊയില്‍ കനാലുകളാണ് പ്രധാന ജലസേചന സ്രോതസ്സുകള്‍. കൂടാതെ വളപട്ടണം പുഴയും, കാട്ടാമ്പള്ളി പുഴയും, 3 കുളങ്ങളും ജലസ്രോതസായുണ്ട്. പഞ്ചായത്തില്‍ ശുദ്ധജലം ലഭിക്കുന്നതിനായി 47 പൊതുകിണറുകളും, 103 പൊതുകുടിവെള്ള ടാപ്പുകളും ഉണ്ട്. മുന്നൂറോളം തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തില്‍ രാത്രികാല യാത്രകളിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നുണ്ട്. പുതിയതെരു-ചാലോട് റോഡ് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പ്രധാന റോഡാണ്. കോറളായി, പറശ്ശിനി പാലങ്ങളും പഞ്ചായത്തിന്റെ ഗതാഗത പുരോഗതിക്ക് തെളിവുകളാണ്. ഇവിടുത്തെ റോഡ് ഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് മയ്യില്‍ ബസ്സ്റ്റാന്റിലാണ്. പഞ്ചായത്ത് നിവാസികള്‍ റെയില്‍ യാത്രയ്ക്കായി ആശ്രയിക്കുന്നത് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനെയാണ്. പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോടും, തുറമുഖം കൊച്ചിയുമാണ്. ജലഗതാഗതരംഗത്ത് ചെക്കിക്കടവ്, നണിശ്ശേരി, പെരുമ്പാറക്കടവ് എന്നീ കടത്തു കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നെ പഞ്ചായത്തില്‍ നിലവിലില്ല. പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, പായനെയ്ത്ത് എന്നിവയും പപ്പട നിര്‍മ്മാണം, ചെങ്കല്ല്, കരിങ്കല്ല്, സ്റ്റീല്‍ തുടങ്ങി ചെറുകിട, ഇടത്തരം വ്യവസായങ്ങളുമാണ് ഇവിടുത്തെ പ്രധാന വ്യവസായ സംരംഭങ്ങള്‍. ഭാരത് പെട്രോളിയത്തിന്റെ ഒരു ബങ്കും എച്ച്.പി..യുടെയും, ഇന്ഡെയ്ന്റെയും ഓരോ ഗ്യാസ് ഏജന്‍സികളും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 7 റേഷന്‍കടകളും ഒരു നീതി സ്റ്റോറും ഒരു മാവേലി സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. മയ്യില്‍ ഠൌണ്‍ ഒരു പ്രധാന വ്യാപാര കേന്ദ്രമാണ്. ഗ്രാമപഞ്ചായത്ത് വക ഒരു ഷോപ്പിംഗ് കോംപ്ളക്സും ഇവിടെയുണ്ട്. ഹിന്ദുമതവും, ഇസ്ളാം മതവുമാണ് പഞ്ചായത്തിലെ പ്രധാന മതങ്ങള്‍. വേളം ശ്രീ മഹാഗണപതിക്ഷേത്രം, ചെക്യാട്ട് വിഷ്ണുക്ഷേത്രം, വേട്ടക്കൊരുമകന്‍ ക്ഷേത്രം, ആയാര്‍ മുനമ്പ്, മയ്യില്‍ പള്ളി, ഒറപ്പൊടി പള്ളി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. ഈ ആരാധനാലയങ്ങളിലെ നേര്‍ച്ചകളും, ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളുമൊക്കെ എല്ലാ മതവിഭാഗക്കാരുടെയും ഒത്തുചേരലിന് വേദിയാകുന്നു. സാമൂഹ്യസേവകനായിരുന്ന കെ. കെ. കുഞ്ഞനന്തന് നമ്പ്യാര്‍, കണ്ടക്കൈ സമരത്തില്‍ സ്ത്രീകള്‍ക്ക് നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ്റുകാരിയായ കുഞ്ഞാക്കമ്മ, വൈദ്യരംഗത്ത് പ്രശസ്തനായ ഇട്ടൂഴി മാധവന് നമ്പൂതിരി തുടങ്ങിയവരൊക്കെ പഞ്ചായത്ത് ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളാണ്. ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി ഈ പഞ്ചായത്തില്‍നിന്നുള്ള ഇപ്പോഴത്തെ പ്രശസ്തയായ വ്യക്തിയാണ്. യങ്ങ്ചാലഞ്ചഴ്സ് സ്പോര്‍ട്സ് ക്ളബ്, റെഡ് സ്റ്റാര്‍ സ്പോര്‍ട്സ് ക്ളബ്, ചെഗുവേര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ് തുടങ്ങി ഒന്‍പതോളം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബുകളും കെ.കെ. കുഞ്ഞനന്തന് നമ്പ്യാര്‍ സ്മാരകഗ്രന്ഥാലയം, വേളം പൊതുജനവായനശാല ആന്റ് ഗ്രന്ഥശാല, കയരളം പൊതുജനവായനശാല, കണ്ടക്കൈ എസ്.ജെ.എം.വായനശാല തുടങ്ങി പതിനാറോളം വായനശാലകളും പഞ്ചായത്തിന്റെ സാംസ്ക്കാരിക പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. മയ്യില്‍ പ്രവര്‍ത്തിക്കുന്ന അലോപ്പതി, ഹോമിയോപ്പതി ഡിസ്പെന്‍സറികളും, കണ്ടക്കൈയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്വ്വദഡിസ്പെന്സറിയുമാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും ഇവിടെയുണ്ട്. മയ്യില്‍ ആശുപത്രി, മയ്യില്‍ കെ.എം.ഹോസ്പിറ്റല്‍ എന്നിവയുടെ ആംബുലന്‍സ് സേവനവും പഞ്ചായത്തില്‍ ലഭിക്കുന്നുണ്ട്. മൃഗചികിത്സക്കായി ഒരു മൃഗാശുപത്രിയും രണ്ട് മൃഗസംരക്ഷണകേന്ദ്രങ്ങളും ഇവിടെയുണ്ട്. പഞ്ചായത്തിന്റെ വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ സര്‍ക്കാരേതര മേഖലകളിലായി പതിനാറോളം സ്കൂളുകളും ഒരു ഐ.ടി.സി. യും പ്രവര്‍ത്തിക്കുന്നുണ്ട്. മയ്യില്‍ സര്‍വ്വീസ് സഹകരണബാങ്ക്, മുല്ലക്കൊടി സഹകരണബാങ്ക് എന്നിവയാണ് പഞ്ചായത്തിന്റെ സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രധാന സ്ഥാപനങ്ങള്‍. കാര്‍ഷിക വികസന ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുടെയും ഓരോ ശാഖകള്‍ പഞ്ചായത്തിലുണ്ട്. കല്ല്യാണം, അതുപോലുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കല്ല്യാണമണ്ഡപവും മയ്യിലിലുണ്ട്. നിരവധി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പഞ്ചായത്തിലുണ്ട്. വൈദ്യുതിബോര്‍ഡ്, ടെലഫോണ്‍ എക്സ്ചേഞ്ച്, കൃഷിഭവന് ഇവ സ്ഥിതിചെയ്യുന്നത് മയ്യില്‍ തന്നെയാണ്. മയ്യില്‍ വില്ലേജാഫീസ് സ്ഥിതി ചെയ്യുന്നത് വള്ളിയോട്ടാണ്. കയരളം വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് മയ്യിലിലാണ്. പാടിക്കുന്നിലാണ് വാട്ടര്‍ അതോറിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മയ്യില്‍, കണ്ടക്കൈ, കയരളം, പാവനൂര്‍മൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളില്‍ തപാലോഫീസുകളുമുണ്ട്.