ചരിത്രം

ഭരണ  ചരിത്രം

പ്രാദേശിക സംഘടനകളുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് 40 കളില്‍ തിരുവിതാംകൂറില്‍  വളരെക്കുറച്ചു ഗ്രാമങ്ങളില്‍  വില്ലേജ് യൂണിയന്‍ എന്ന പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ നിലവില്‍ വന്നു. ഇതേ തുടര്‍ന്ന് 1945 ല്‍ മയ്യനാടു വില്ലേജ് യൂണിയന്‍ സ്ഥാപിതമായി. പണയില്‍ കൃഷ്ണന്‍ മുതലാളിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1880-ല്‍ പോസ്റ്റാഫീസും, 1900-ല്‍ റെയില്‍വേസ്റ്റേഷനും, 1946-ല്‍ ടെലിഗ്രാം  ആഫീസും, 1948-ല്‍  ഒരു സര്‍ക്കാര്‍ ആശുപത്രിയും  ഈ ഗ്രാമത്തില്‍  സ്ഥാപിതമായതിന്റെ  പിന്നില്‍  മയ്യനാട് ഗ്രാമത്തിന്റെ  ഉത്പതിഷ്ണുക്കളായ പൊതു പ്രവര്‍ത്തകരുടെ  പങ്കുണ്ട്. 1953-ല്‍ തിരുകൊച്ചിയിലെ എല്ലാ  ഗ്രാമങ്ങളിലും  ജനകീയ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. മയ്യനാടു വില്ലേജ് യൂണിയന്‍ മയ്യനാടു പഞ്ചായത്തായി മാറി. പ്രൊഫസര്‍ കെ.രവീന്ദ്രനായിരുന്നു ആദ്യ പഞ്ചായത്തു പ്രസിഡന്റ്. 1962-ല്‍ പഞ്ചായത്തു പുന:സംഘടന നടന്നു. മയ്യനാടു പഞ്ചായത്തിലെ  ഒരു വാര്‍ഡ് ഇരവിപുരം പഞ്ചായത്തില്‍ ചേര്‍ത്തു. 16 വര്‍ഷം നീണ്ടുനിന്ന ദീര്‍ഘമായ ഭരണകാലം സമിതിക്കു ലഭിച്ചു. പഞ്ചായത്തുരാജ് ഭരണസംവിധാനത്തില്‍ എല്ലാ തലങ്ങളിലും 33% സ്ത്രീകള്‍ക്കു സംവരണം ചെയ്യപ്പെട്ടു. തല്‍ഫലമായി  മയ്യനാടു പഞ്ചായത്തു പ്രസിഡന്റു സ്ഥാനം വനിതയ്ക്കായി.

സാമൂഹ്യചരിത്രം

കൊല്ലം  റെയില്‍വേ സ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലത്തു 16-ാം നൂറ്റാണ്ടില്‍  പനങ്കാവു രാജകൊട്ടാരം സ്ഥിതി ചെയ്തിരുന്നു. അവിടെ നിന്നും തിരുവനന്തപുരത്തു പോകുന്നതിനു ഇപ്പോഴത്തെ റെയില്‍ലൈന്‍ കടന്നുപോകുന്ന വഴിയില്‍ ചേരൂര്‍  എന്ന  സ്ഥലത്തു എത്തി അവിടെ നിന്നും കിഴക്കോട്ടു ആലുംമൂടു വഴി ഉമയനല്ലൂര്‍ ക്ഷേത്രത്തിനു തെക്കുഭാഗത്തുകൂടി ഒറ്റപ്ളാമൂട്ടില്‍ ചെന്നു ഇത്തിക്കരയാറു കടന്ന് നെടുങ്ങോലം ചിറയ്ക്കര വഴി പോകുന്ന നടയ്ക്കാവിനെ കൊല്ലം പെരുവഴി എന്നാണ് വിളിച്ചിരുന്നത്. ഈ സമൂഹത്തെക്കുറിച്ച്  സി.വി. കുഞ്ഞിരാമന്റെ  ‘ഗ്രാമസമുദായ’ത്തിലും സി. കേശവന്റെ ‘ജീവിതസമരത്തിലും’  വിവരിക്കുന്നുണ്ട്. 1895 ല്‍ സ്കൂള്‍ പ്രവേശനം, സര്‍ക്കാരുദ്യോഗം എന്നീ കാര്യങ്ങളില്‍ കിട്ടേണ്ട ന്യായമായ അവകാശങ്ങള്‍ കിട്ടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് 13000 ഈഴവര്‍  ഒപ്പിട്ട ഒരു സങ്കടഹര്‍ജി  ഡോ.പല്‍പ്പു രാജാവിനു സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്കൂള്‍ അയിത്തമാകാതെ  ഈഴവര്‍ക്കു പഠിക്കാന്‍ കൊടുക്കാമെന്നു ഉത്തരവായി. 1896 ല്‍ രണ്ടു സ്കൂളുകള്‍ അനുവദിച്ചു. ഒന്നു വെള്ളമണലിലും മറ്റൊന്ന് പരവൂരിലും. കൈത്തറി നെയ്ത്തും  കയര്‍പിരിപ്പും ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന  ജീവിതമാര്‍ഗ്ഗമായിരുന്നു. 1960 വരെ ഈ പരമ്പരാഗത വ്യവസായങ്ങള്‍ പച്ചപിടിച്ചിരുന്നു. 1920-30 കാലഘട്ടത്തില്‍  താന്നി ഭാഗത്ത് മധുരക്കള്ളില്‍ നിന്നും വെളളച്ചക്കര  നിര്‍മ്മിച്ചിരുന്നു. പുല്ലിച്ചിറ, കാക്കോട്ടുമൂല ഭാഗത്ത് റേന്ത നിര്‍മ്മാണം സ്ത്രീകളുടെ കൈത്തൊഴിലായിരുന്നു. 50-കളില്‍ കൊല്ലം ജില്ലയിലെ ഒന്നാംകിട വെളിച്ചെണ്ണ ഉത്പാദകനായിരുന്നു  ചെല്ലപ്പന്‍ ചെട്ടിയാര്‍.