ചരിത്രം
സാമൂഹ്യ സാംസ്കാരിക ചരിത്രം
തിരുവിതാംകൂര്‍ രൂപീകരണത്തിന് മുമ്പ് ഈ പ്രദേശം മാവേലിക്കര രാജവംശത്തിന്റെ അധീനതയിലായിരുന്നു. കുറ്റവാളികളെ തൂക്കിലേറ്റുന്ന സ്ഥലം ഇവിടുത്തെ പല്ലാരിമംഗലം വാര്‍ഡിലായിരുന്നു. ആ സ്ഥലത്തിന് ഇന്നും കഴുമല എന്നാണ് പറഞ്ഞുവരുന്നത്. രാജകല്പന നടപ്പാക്കിയിരുന്നത് മാടമ്പിമാരായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നു. കാര്‍ഷിക പ്രധാനമായ ഈ പ്രദേശം ഓണാട്ടുകരയില്പെട്ടതാണ്. 1982 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കൃഷിഭൂമിയില്‍ മുഖ്യപങ്കും ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആദ്യ ദശകം വരെ മാടമ്പി, ജന്മി കുടുംബാംഗങ്ങളുടേയും ഏതാനും ദേവസ്വങ്ങളുടെയും വകയായിരുന്നു. ദേശീയ പ്രസ്ഥാനം കേരളത്തിലെ ഇതര ഗ്രാമങ്ങളോടൊപ്പം തെക്കേക്കരയിലും ജനങ്ങളില്‍ വമ്പിച്ച സ്വാധീനം ചെലുത്തി. ദേശീയ സമരങ്ങളില്‍ പങ്കെടുത്ത അനവധി ആളുകള്‍ ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്ത് ജയില്‍ ശിക്ഷ വരെ ഏറ്റു വാങ്ങിയ പറപ്പേഴത്ത് എന്‍ പത്മനാഭന് , കുറ്റിമീനത്തേതില് കേശവപിള്ള എന്നീ സ്വാതന്ത്ര്യസമര സേനാനികളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ നാടാണ് ഇത്. തൊഴില്‍ വ്യവസായ രംഗങ്ങളില്‍ പിന്നിലായ തെക്കേക്കര ഗ്രാമത്തില്‍ ആരംഭിച്ച ഖാദി നൂല്‍നൂല്‍പ്പ് നെയ്ത്ത് പരിശീലന കേന്ദ്രം ഇന്ന് കേരള സര്‍വ്വോദയ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് എന്ന വന്‍ വ്യവസായ ശൃംഖലയുടെ കണ്ണികളില്‍ ഒന്നായി വളര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടേയും, അയിത്തം, തൊട്ടുകൂടായ്മ എന്നീ അനാചാരങ്ങളുടെയും കാര്യത്തില്‍ പിന്നിലായിരുന്നില്ല തെക്കേക്കര. തൊഴിലാളികളെ അടിമകളെപ്പോലെ കാണുന്ന സമീപനമായിരുന്നു നിലനിന്നിരുന്നത്. 1952 മുതല്‍ ജോലിസ്ഥിരത, കൂലികൂടുതല് , കുടികിടപ്പവകാശം, കൈവശഭൂമിയില്‍ സ്ഥിരാവകാശം, മര്യാദപ്പാട്ടം, ജോലിസമയ ക്ളിപ്തത എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ശക്തമായ കര്‍ഷക തൊഴിലാളി സമരങ്ങള്‍ തെക്കേക്കരയുടെ പലഭാഗങ്ങളിലും നടന്നു. ജോലി വ്യവസ്ഥയിലും, കൃഷിഭൂമിയില്‍ അവകാശം നേടിയെടുക്കുന്നതിനോടൊപ്പം തന്നെ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കുന്നതിനും അനാചാരങ്ങള്‍ ഒരുപരിധിവരെ സമൂഹത്തില്‍ നിന്നും ഒഴിവാക്കുന്നതിനും ഈ ബഹുജന സമരങ്ങള്‍ സഹായിച്ചു. 1953-ല്‍ ജൂണ്‍ മാസത്തിലാണ് ഗ്രാമപഞ്ചായത്ത് നിലവില്‍ വരുന്നത്. അന്ന് തെക്കേക്കര പഞ്ചായത്ത് ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്ക് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. 7 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 8 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഭരണസമിതിയായിരുന്നു ഭരണം നടത്തിയിരുന്നത്. 1957-ല്‍ പഞ്ചായത്ത് ആലപ്പുഴ ജില്ലയിലായി. ഇപ്പോള്‍ 12 വാര്‍ഡുകളുണ്ട്.