പഞ്ചായത്തിലൂടെ
ഭൂപ്രകൃതിയും വിഭവങ്ങളും
പഞ്ചായത്തിന്റെ കിഴക്കും വടക്കുമുള്ള പ്രദേശങ്ങള്‍ ചെറിയ ചരിവോടുകൂടിയ ചെമ്മണ് പ്രദേശങ്ങളും, പടിഞ്ഞാറും തെക്കും ഭാഗങ്ങള്‍ നിരപ്പുള്ള മണല്‍ പ്രദേശങ്ങളുമാണ്. ഭൂപ്രകൃതി അനുസരിച്ച് തെക്കേക്കര പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചരിവുപ്രദേശങ്ങള്‍ , താഴ്വര (പാടശേഖരങ്ങള്‍ ), സമതലം എന്നിങ്ങനെ മുഖ്യമായും നാലു മേഖലകളായി തിരിക്കാം. പഞ്ചായത്തിലെ വരേണിക്കല്‍ , ചൂരല്ലൂര്‍ എന്നീ വാര്‍ഡുകളും പള്ളിക്കല്‍ കിഴക്കേക്കര വാര്‍ഡിന്റെ കിഴക്കേ പകുതിയും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഉയര്‍ന്ന സമതലം എന്ന ഭൂമേഖലയില്‍ പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും ഉദ്ദേശം 40-50 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കല്പ്രദേശമാണിത്. ഫലപുഷ്ടിയുള്ള മണ്ണാണ്. റബ്ബര്‍ വ്യാപകമായി കൃഷി ചെയ്തു വരുന്നു. രൂക്ഷമായ വരള്‍ച്ചാ സമയത്തൊഴികെ അത്രകണ്ട് ജലക്ഷാമം ഇല്ലെന്ന് പറയാം. മരച്ചീനി, റബ്ബര്‍ , വാഴ, തുടങ്ങിയ തോട്ടവിളകളും ഫലവൃക്ഷങ്ങളും സസ്യങ്ങളും ഈ മേഖലയില്‍ സമൃദ്ധിയായി കൃഷി ചെയ്യുന്നുണ്ട്. സമതലത്തിനും ചരിവുപ്രദേശത്തിനും ഇടയ്ക്കു കിടക്കുന്ന പാടശേഖരങ്ങളാണ് താഴ്വര എന്ന വിഭാഗത്തില്‍ പെടുന്നത്. പഞ്ചായത്തിലെ വാത്തികുളം, പൊന്നഴ, ഓലകെട്ടിയമ്പലം, പല്ലാരിമംഗലം, മുള്ളിക്കുളങ്ങര എന്നീ വാര്‍ഡുകളും കുറത്തികാട് വാര്‍ഡിന്റെ പടിഞ്ഞാറേ പകുതിയും ഉമ്പര്‍നാടു വാര്‍ഡിന്റെ തെക്കുപടിഞ്ഞാറെ മൂലയും സമതലങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നു. ഓണാട്ടുകര എന്നറിയപ്പെടുന്ന ചൊരിമണല്‍ പ്രദേശത്തുള്പ്പെട്ടതാണിത്. മാവേലിക്കര ഠൌണിന്റെ ഹൃദയഭാഗത്തു നിന്നും ഏകദേശം 5 കിലോമീറ്റര്‍ തെക്കുഭാഗത്തായി തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തില്‍ ഇരിപ്പൂനിലങ്ങള് മാത്രമാണുള്ളത്. ഈര്‍പ്പം കുറഞ്ഞതും മണല്‍ കലര്‍ന്നതുമായ പാടങ്ങളില്‍ മകരക്കൊയ്ത്ത് കഴിഞ്ഞാല്‍ ഉടന്‍ എള്ളു കൃഷി നടത്തുന്നു. മുമ്പ് ഈ പഞ്ചായത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്നു തെങ്ങ്. ഇന്ന് ആ സ്ഥിതി മാറി. തെങ്ങിന്റെ ഉല്പാദന ക്ഷമത തകര്‍ന്നുപോയിരിക്കുന്നു. റബ്ബര്‍ കൃഷി ഇന്ന് അനുദിനം വ്യാപിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. താരതമ്യേന കുറഞ്ഞ കൃഷിച്ചെലവും കുറഞ്ഞ രോഗസാധ്യതയും ഉയര്‍ന്ന വിലയും റബ്ബര്‍ കൃഷി കര്ഷകന് പ്രിയങ്കരമാവാന്‍ കാരണമായി. നെല്ല്, തെങ്ങ്, മരച്ചീനി, വാഴ, ഇഞ്ചി, കുരുമുളക് എന്നിവ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്നു.
അടിസ്ഥാന മേഖലകള്‍
മുന്‍കാലത്ത് ഒറ്റപ്പെട്ട ചില കുടില്‍ വ്യവസായങ്ങള്‍ മാത്രമാണ് ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. ചൂരല്ലൂര്‍ വാര്‍ഡില്‍ സ്വകാര്യ മേഖലയില്‍ ആരംഭിച്ചിട്ടുള്ള കശുവണ്ടി ഫാക്ടറിയാണ് ഇപ്പോള്‍ ഈ പഞ്ചായത്തിലെ പ്രധാന വ്യവസായ സ്ഥാപനം. കയര്‍ , കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ ഒന്നും തന്നെ ഇല്ല. 1954-ല്‍ ഖാദി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സര്‍വ്വോദയ സഹകരണ സംഘം യൂണിറ്റുകള്‍ ഇന്നും പ്രവര്‍ത്തിച്ചു വരുന്നു. ഖാദി വസ്ത്രങ്ങള്‍ , സോപ്പ്, എണ്ണ, റെഡിമെയ്ഡു വസ്ത്രങ്ങള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ഉല്‍പ്പന്നങ്ങള്‍. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ ഒരു ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റ്, ഒരു ഇഷ്ടിക നിര്‍മ്മാണ യൂണിറ്റ്, ഒരു ഇലക്ട്രിക്കല്‍ സ്വിച്ച് ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റ്, തീപ്പെട്ടി നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. മൊത്തം 75 ചെറുകിട കുടില്‍ വ്യവസായ യൂണിറ്റുകളാണ് ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ പഞ്ചായത്തില്‍ ഇപ്പോള്‍ ആകെ 15 സ്ക്കൂളുകളാണ് നിലവിലുള്ളത്. ഇതില്‍ 11 ലോവര്‍ പ്രൈമറിയും, 3 അപ്പര്‍ പ്രൈമറിയും, ഒരു ഹൈസ്ക്കൂളുമാണുള്ളത്. അതില്‍ 8 എയ്ഡഡ് സ്ക്കൂളുകളും, 4 ഗവണ്മെന്റ് സ്ക്കൂളുകളും 3 അണ് എയ്ഡഡ് സ്ക്കൂളുകളും ഉള്‍പ്പെടുന്നു. തെക്കേക്കര പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസ്സ് കിണറുകളാണ്. അയ്യായിരത്തിയഞ്ഞൂറോളം വീടുകളില്‍ സ്വന്തമായി കിണറുകള്‍ ഉണ്ട്. നിലവില്‍ മുള്ളിക്കുളങ്ങര, ഉമ്പര്‍നാട് എന്നീ പ്രദേശങ്ങളില്‍ മാവേലിക്കരയില്‍ നിന്നും, വരേണിക്കല്‍ അംബേദ്കര്‍ കോളനിയിലേക്ക് ചുനക്കരയില്‍ നിന്നും ഭാഗികമായെങ്കിലും എക്സ്റ്റന്‍ഷന്‍ ലൈനുകളിലൂടെ ജലവിതരണം നടക്കുന്നുണ്ട്. കുറത്തികാട് പ്രാഥമികാരോഗ്യ കേന്ദ്രം, ഓലകെട്ടിയമ്പലം, പല്ലാരിമംഗലം, ചെറുകുന്നം, വരേണിക്കല്‍ എന്നീ നാലു സ്ഥലങ്ങളിലുള്ള അതിന്റെ സബ്സെന്റര്‍ , പല്ലാരിമംഗലത്തുള്ള ആയൂര്‍വ്വേദ ആശുപത്രി എന്നിവ അടങ്ങിയതാണ് തെക്കേക്കര പഞ്ചായത്തിലെ പൊതുജനാരോഗ്യ സംവിധാനം. 4 മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാന സൌകര്യങ്ങള്‍ പരിമിതമാണ്. 200 കിലോമീറ്ററില്‍ താഴെ റോഡ് പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലൂടെ ഏകദേശം 150-തിലധികം ബസുകള്‍ ദിവസേന സര്‍വ്വീസ് നടത്തുന്നുണ്ട്.
സാംസ്കാരിക രംഗം
ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ഓണാട്ടുകര പ്രദേശത്തിന്റെ പ്രത്യേക സാംസ്കാരികത്തനിമ ഇവിടെ നിലനില്ക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഈ പഞ്ചായത്തില്‍ ഒട്ടനവധിയുണ്ട്. ദേവാലയങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കും ഉത്സവാദി കാര്യങ്ങളില്‍ എല്ലാ ജനവിഭാഗങ്ങളും സൌഹാര്‍ദ്ദപൂര്‍വ്വം സഹകരിക്കുന്നു. ഈ പഞ്ചായത്തിലെ 95% സ്ത്രീ-പുരുഷന്മാരും സാക്ഷരരാണ്. വിദ്യാലയങ്ങള്‍ കുറവാണെങ്കിലും സാമാന്യം വിദ്യാഭ്യാസം കഴിഞ്ഞവരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഈ ഗ്രാമത്തില്‍ ധാരാളമായുണ്ട്. ഈ പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും കലാ-കായിക സമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ 5 ഗ്രന്ഥശാലകളും 3 വായനശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ ഇതര ഭാഗങ്ങളിലെ പോലെ ഇവിടെയും നാടന്‍പാട്ടുകളും പ്രാചീന കലാരൂപങ്ങളും നിലനിന്നിരുന്നു. പാണന്‍പാട്ട്, പുള്ളുവന്‍പാട്ട്, കോല്‍കളി, ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, പടയണി, വേലകളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളെല്ലാം സജീവമായി നിലനിന്നിരുന്ന നാടാണിത്.