മാവേലിക്കര തെക്കേക്കര

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ മാവേലിക്കര ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മാവേലിക്കര തെക്കേക്കര. 20 ചതുരശ്ര കിലോമീറ്ററാണ് തെക്കേക്കര പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 19 ആണ്. തെക്കേക്കര ഗ്രാമപഞ്ചായത്ത് തെക്കേക്കര റവന്യൂ വില്ലേജിലാണ് ഉള്‍പ്പെടുന്നത്. മാവേലിക്കര ഠൌണിന്റെ ഹൃദയഭാഗത്തു നിന്നും ഏകദേശം 5 കി മീ തെക്കു ഭാഗത്തായി തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ഈ പ്രദേശം ഓണാട്ടുകരയില്‍ പെട്ടതാണ്. വടക്കുഭാഗത്ത് മാവേലിക്കര മുനിസിപ്പാലിറ്റിയും, തഴക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് തഴക്കര, ചുനക്കര പഞ്ചായത്തുകളും തെക്കുഭാഗത്ത് ഭരണിക്കാവ് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചെട്ടികുളങ്ങര പഞ്ചായത്തുമാണ് തെക്കേക്കര പഞ്ചായത്തിന്റെ അതിരുകള്‍. തിരുവിതാംകൂര്‍ രൂപീകരണത്തിന് മുമ്പ് ഈ പ്രദേശം മാവേലിക്കര രാജവംശത്തിന്റെ അധീനതയിലായിരുന്നു. അക്കാലത്ത് കുറ്റവാളികളെ തൂക്കിലേറ്റുന്ന സ്ഥലം ഈ ഗ്രാമത്തിലെ പല്ലാരിമംഗലം വാര്‍ഡിലായിരുന്നു. 1953 ജൂണ്‍ മാസത്തിലാണ് ഗ്രാമപഞ്ചായത്ത് നിലവില്‍ വരുന്നത്. അന്ന് തെക്കേക്കര പഞ്ചായത്ത് ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്ക് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. 1957-ല്‍ പഞ്ചായത്ത് ആലപ്പുഴ ജില്ലയിലായി.