മാവേലിക്കര താമരക്കുളം

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്കില്‍ മാവേലിക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാവേലിക്കര-താമരക്കുളം ഗ്രാമപഞ്ചായത്ത്. ജനസംഖ്യയുടേയും വിസ്തൃതിയുടേയും വിഭവങ്ങളുടേയും അടിസ്ഥാനത്തില്‍ മാവേലിക്കര-താമരക്കുളം ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായി ഉയര്‍ത്തിയിരിക്കുന്നു. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.88  ചതുരശ്രകിലോമീറ്ററാണ്. മധ്യതിരുവിതാംകൂറിന്റെ ഭാഗമായ ഓണാട്ടുകരപ്രദേശത്തിന്റെ തെക്കുകിഴക്കേയറ്റത്തായാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. വടക്കുഭാഗത്ത് ഭരണിക്കാവ്, നൂറനാട്, ചുനക്കര എന്നീ ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പാലമേല്‍ (ആലപ്പുഴ ജില്ല), പള്ളിക്കല്‍ (പത്തനംതിട്ട ജില്ല) എന്നീ ഗ്രാമപഞ്ചായത്തുകളും, തെക്കുഭാഗത്ത് ശൂരനാട് വടക്ക്, തഴവ (കൊല്ലം ജില്ല), വള്ളിക്കുന്നം (ആലപ്പുഴ ജില്ല) എന്നീ ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വള്ളികുന്നം, ഭരണിക്കാവ് ഗ്രാമപഞ്ചായത്തുകളുമാണ് ഇതിന്റെ അതിരുകളായി വരുന്ന പ്രദേശങ്ങള്‍. പഞ്ചായത്തില്‍ 17 വാര്‍ഡുകളാണുള്ളത്. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന താമരക്കുളം 1953-ല്‍ രൂപീകൃതമാകുമ്പോള്‍ ആറു വാര്‍ഡുകള്‍ മാത്രമാണുണ്ടായിരുന്നത്. പഞ്ചായത്തുപ്രദേശം 1949-ല്‍ വില്ലേജ് യൂണിയനായിരുന്നപ്പോള്‍ ആദ്യപ്രസിഡന്റ് പനയ്ക്കല്‍ പത്മനാഭപിള്ള ആയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ബോര്‍ഡ് (1953) ആയും പില്‍ക്കാലത്ത് പഞ്ചായത്തായും (1963) രൂപാന്തരപ്പെട്ടപ്പോള്‍ ചാമവിള കേശവപിള്ളയായിരുന്നു പ്രസിഡന്റ്പദത്തില്‍. തെങ്ങും മാവും കമുകും കശുമാവും തിങ്ങിയ കരഭൂമിയും, നെല്‍വയലുകളും, നീര്‍ച്ചാലുകളും, വെള്ളക്കെട്ടുകളും നിറഞ്ഞ ഫലഭൂയിഷ്ഠവും സുന്ദരവുമായ ഭൂപ്രദേശമാണിത്. വളരെ മുമ്പുതന്നെ കാര്‍ഷിക പ്രാധാന്യം നിലനിര്‍ത്തിക്കൊണ്ടു പോരുന്ന ഈ ഗ്രാമത്തിലെ മാധവപുരം പബ്ളിക് മാര്‍ക്കറ്റ് മദ്ധ്യതിരുവിതാംകൂറിലെ പുരാതനമാര്‍ക്കറ്റുകളിലൊന്നാണ്.