ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പൌരാണികകാലത്ത് ആയക്കുടി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ആയ് രാജ്യത്തിന്റെ രാജ്യാതിര്‍ത്തി കന്യാകുമാരി മുതല്‍ തിരുവല്ല വരെ വ്യാപിച്ചിരുന്നു. ആയ് രാജ്യത്തിന്റെ സാമന്തരാജ്യമായിരുന്ന ഓടനാട്ടു രാജ്യത്തിലെ, ഒരു പ്രവിശ്യയായിരുന്നു മാടത്തിന്‍കൂര്‍. പ്രസ്തുത പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു പ്രാചീനകാലത്ത് മാവേലിക്കര. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ദളവയും സര്‍വ്വസൈന്യാധിപനുമായിരുന്ന രാമയ്യന്‍ മാവേലിക്കരയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. മാവേലിക്കര എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളുണ്ട്. “മാ” എന്നാല്‍ മഹാലക്ഷ്മിയെന്നൊരു അര്‍ത്ഥമുണ്ട്. “വേലി” എന്ന പദത്തിനാകട്ടെ കാവല്‍ എന്ന അര്‍ത്ഥവും. ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവല്‍ നില്‍ക്കുന്ന നാട് എന്ന അര്‍ത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന ഐതീഹ്യത്തിന്റെ പിന്നിലെ കഥ ഇതാണ്. എന്നാല്‍ വ്യക്തവും, യുക്തിഭദ്രവുമായ മറ്റൊരു നിഗമനം ഇങ്ങനെയാണ്. “മാ” യും, “വേലി” യും സംഘകാലത്തെ അളവുകോലുകള്‍ ആയിരുന്നുവത്രെ. അതിനാല്‍, അളന്നാല്‍ തീരാത്തത്ര നെല്ലു വിളയുന്ന സ്ഥലം അഥവാ അതിരില്ലാത്ത കര എന്ന അര്‍ത്ഥത്തില്‍ മാവേലിക്കര എന്ന സ്ഥലനാമമുണ്ടായി. കുടല്ലൂര്‍ ദേശത്ത് ഭരണം നടത്തിയിരുന്ന മാവേലി രാജവംശത്തിന്റെ അധികാരാതിര്‍ത്തിയിലുള്‍പ്പെട്ടിരുന്ന സ്ഥലമായതിനാലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്നു വ്യത്യസ്തമായ മറ്റൊരു അഭിപ്രായവും കേള്‍ക്കുന്നുണ്ട്. ഏതായാലും മാവേലിക്കരയും, ഐതിഹ്യകഥാപാത്രമായ മഹാബലിയും തമ്മില്‍ കടലും കടലാടിയും പോലുള്ള ബന്ധമേയുള്ളൂ എന്നാണ് ചരിത്രമതം. എഴുതപ്പെട്ടിട്ടുള്ള കേരളചരിത്രത്തില്‍ മാവേലിക്കരയുടെ ചരിത്രം തുടങ്ങുന്നത് മേല്‍പ്പറഞ്ഞ മാടത്തിന്‍കൂര്‍ രാജവംശത്തില്‍ നിന്നാണ്. ഓടനാടിനു പുറമെ ഓണനാടെന്നും മാവേലിക്കര അറിയപ്പെടുന്നു. ഫലഭൂയിഷ്ഠമായ പ്രദേശമായതിനാലായിരിക്കണം ഓണനാടെന്നു വിളിച്ചിരുന്നത് എന്നാണ് വിശ്വാസം. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ദളവയും സര്‍വ്വസൈന്യാധിപനുമായി നിയമിതനായ രാമയ്യന്‍ മാവേലിക്കരയിലെ ഇടശ്ശേരി ശങ്കര മാര്‍ത്താണ്ഡന്‍ ഉണ്ണിത്താന്റെ സഹോദരിയെ വിവാഹം കഴിച്ച് ഇവിടെ താമസം ഉറപ്പിച്ചതോടെയാണ് മാവേലിക്കരയുടെ ചരിത്രത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നത്. പത്തൊമ്പത് വര്‍ഷത്തോളം ദിവാനായിരുന്ന രാമയ്യന്റെ കാലത്ത് മാവേലിക്കര തിരുവിതാംകൂറിന്റെ വാണിജ്യ-സാമ്പത്തിക തലസ്ഥാനമായി മാറി. മാവേലിക്കര ബ്ളോക്കു പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട നാലു ഗ്രാമപഞ്ചായത്തുകള്‍ക്കും അവയുടെ പേരുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. സംഘകൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ മകളാണ് ചെട്ടികുളങ്ങര ഭഗവതി എന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധമതവുമായി ഏറെ ബന്ധമുണ്ടായിരുന്ന കേന്ദ്രമാണല്ലോ കൊടുങ്ങല്ലൂര്‍. ചെട്ടികുളങ്ങരയും ബുദ്ധമത സ്വാധീനം ശക്തമായുണ്ടായിരുന്ന പ്രദേശമാണ്. ഇവിടുത്തെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് 13 കരക്കാര്‍ തേര്, കുതിര, ഭീമന്‍, ഹനുമാന്‍ തുടങ്ങിയ രൂപങ്ങള്‍ തയ്യാറാക്കി എഴുന്നള്ളിക്കുന്ന ആചാരത്തിന്റെ പൂര്‍വ്വചരിത്രത്തിന്റെ വേരുകള്‍ ബുദ്ധമതാനുഷ്ഠാനങ്ങളുമായി ഗാഢമായി ബന്ധപ്പെട്ടതാണെന്ന് കാണാം. ചെന്നിത്തലയെപ്പറ്റിയും അംഗീകരിക്കപ്പെടാത്തതെങ്കിലും ചില ഐതിഹ്യങ്ങളുണ്ട്. ചോളദേശത്തുനിന്നും, പാണ്ഡ്യദേശത്തുനിന്നുമുള്ള പരദേശികള്‍ ഇവിടെ താവളം ഉറപ്പിച്ചിരുന്ന കാലത്ത്, സംഘട്ടനങ്ങള്‍ ഉണ്ടാവുകയും രക്തച്ചൊരിച്ചിലുണ്ടായി ചെന്നിണം (ചെന്നീര്‍) ഒഴുകിയ പ്രദേശം ചെന്നീര്‍ക്കര എന്നു വിളിക്കപ്പെട്ടതായും, കാലക്രമേണ ഇത് ചെന്നിത്തല എന്ന് ശബ്ദഭേദം സംഭവിച്ചതായും പറയപ്പെടുന്നു. തൃപ്പെരുന്തുറ എന്നത് പൌരാണിക കാലത്ത് തിരു-പെരും തുറൈ എന്നാണത്രെ അറിയപ്പെട്ടിരുന്നത്. ഇവിടെ കടല്‍ വളരെ അടുത്തുവരെ കയറിക്കിടന്നിരുന്നുവെന്നും വാണിജ്യ പ്രാധാന്യമുണ്ടായിരുന്ന ഒരു തുറമുഖം ഇവിടെ ഉണ്ടായിരുന്നതായും പഴമക്കാര്‍ക്കിടയിലെ പഴമൊഴിയില്‍ നിന്നു മനസിലാക്കാം. പാണ്ഡവന്മാര്‍ വനവാസക്കാലത്ത് മഠത്തുംപടി വഴി കടന്നുപോയതായി ഹൈന്ദവരുടെയിടയില്‍ ഐതീഹ്യമുണ്ട്. തഴക്കര എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടും ചില നിഗമനങ്ങളും ഐതീഹ്യങ്ങളും കേള്‍ക്കുന്നുണ്ട്. ഈ പ്രദേശം ഇടപ്പള്ളി സ്വരൂപം ഭരിച്ചിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും കലാപരമായും മുന്നില്‍ നിന്ന പ്രദേശമെന്ന നിലയില്‍, “തലക്കര” എന്ന് പ്രശംസാപൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന നാടാണത്രെ പിന്നീട് “തഴക്കര”യായി മാറിയതെന്നാണ് ഐതീഹ്യം. ചേരമാന്‍ പെരുമാളിന്റെ കാലത്ത് കരകൌശലത്തൊഴിലുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് വന്ന് താമസം ഉറപ്പിച്ചിരുന്ന ഒരു സംഘമാളുകള്‍ കൈത ഓലകള്‍ ഉണക്കി മനോഹരമായ അലങ്കാരവസ്തുക്കള്‍ നെയ്ത് ചേരമാന്‍ പെരുമാളിന്റെ നാട്ടില്‍ കൊണ്ടുപോയിരുന്നുവെന്നും അതിനായി ഈ പ്രദേശമാകെ കൈത പ്രത്യേകം നട്ടുവളര്‍ത്തിയിരുന്നുവെന്നും, ഉണങ്ങിയ കൈത ഓലയെ തഴ എന്നാണ് വിളിച്ചിരുന്നതെന്നും അങ്ങനെ തഴയോല ഏറെ വളര്‍ന്നിരുന്ന പ്രദേശത്തെ തഴക്കര എന്നു വിളിച്ചുപോന്നുവെന്നും പറയപ്പെടുന്നു. ബുദ്ധമതവും, ഹിന്ദുമതവും, ക്രിസ്തുമതവും, ഇസ്ളാംമതവും ഒരുപോലെ വളര്‍ച്ച പ്രാപിച്ചിരുന്ന പ്രദേശമാണിത്. സ്ഥലനാമങ്ങളോടു ചേര്‍ത്ത് കാവ്, കുളങ്ങര, പള്ളി എന്നീ ശബ്ദങ്ങളുടെ പ്രയോഗവും, ബുദ്ധമതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചയും മറ്റും ഇവിടെ ഒരുകാലത്ത് ബുദ്ധമതത്തിനുണ്ടായിരുന്ന പ്രചാരം വിളിച്ചറിയിക്കുന്നതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും, ക്രിസ്ത്യന്‍, മുസ്ളീം പള്ളികളും ഇവിടുത്തെ സാംസ്കാരിക വളര്‍ച്ചയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുംഭഭരണി നാളില്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലും, പത്താമുദയ ദിവസം വെട്ടിയാര്‍ പള്ളിയറക്കാവ് ദേവിക്ഷേത്രത്തിലും, മീനമാസത്തെ അശ്വതിനാളില്‍ മുള്ളിക്കുളങ്ങര ക്ഷേത്രത്തിലും നടക്കുന്ന കെട്ടുകാഴ്ചകളും, ചെന്നിത്തല തെക്ക് എന്‍.എസ്.എസ് കരയോഗം വക പള്ളിയോടം പങ്കെടുക്കുന്ന (ആറന്മുള ഉതൃട്ടാതി) ജലോത്സവവും, ചെട്ടികുളങ്ങര കുത്തിയോട്ടവും, വെട്ടിയാര്‍ മുസ്ളീം പള്ളിയിലെ ചന്ദനക്കുടം മഹോത്സവവും വിവിധ പള്ളികളിലെ പെരുന്നാളുകളുമെല്ലാം ഈ പ്രദേശത്തുകാര്‍ ആവേശപൂര്‍വ്വം നെഞ്ചറ്റുന്ന സാംസ്കാരിക ഉത്സവങ്ങളാണ്. ചിരപുരാതനമായ ഒരു സാംസ്കാരിക പാരമ്പര്യം ഈ പ്രദേശങ്ങള്‍ക്കുണ്ട്. നിരവധി നാടന്‍ പാട്ടുകളും, അനുഷ്ഠാന ഗീതകങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. “ഉണ്ണിയാടിചരിതം”, “ശിവവിലാസകാവ്യം” എന്നിവ എഴുതിയ ദാമോദരചാക്യാര്‍ മുതലായ കവികളുടെയും കലാകാരന്മാരുടെയും ഒരു പഴയകാലപരമ്പര തന്നെ ഈ ബ്ളോക്കിലെ ഗ്രാമങ്ങള്‍ക്ക് അവകാശപ്പെടാം. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അടിത്തറ സമ്പന്നമാക്കിയ കേരളപാണിനി എ.ആര്‍ രാജരാജവര്‍മ്മ, ലോക പ്രശസ്ത ചിത്രകാരനായ രാജാരവിവര്‍മ്മ എന്നിവരുടെ കര്‍മ്മമണ്ഡലമായിരുന്നു ഏറെക്കാലം മാവേലിക്കര. കഥകളി പ്രസ്ഥാനം ഉടലെടുക്കുന്ന കാലത്ത് കഥകളിപ്പാട്ടിന്റെ വക്താക്കളും പ്രയോക്താക്കളുമായിരുന്ന ഇറവങ്കര ഉണ്ണിത്താന്‍മാര്‍, ചെന്നിത്തല കൊച്ചുപിള്ള നായര്‍, കഥകളിരംഗത്തെ മറ്റ് പ്രസിദ്ധ കലാകാരന്മാരായിരുന്ന ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍, കുഞ്ഞന്‍പിള്ള, തുള്ളല്‍ കലാകാരനന്മാരായിരുന്ന ചെന്നിത്തല രാമകൃഷ്ണ പിള്ള, രാമന്‍ നായര്‍, നാടന്‍കലകളില്‍ ഗവേഷണം നടത്തിയിട്ടുള്ള വെട്ടിയാര്‍ പ്രേംനാഥ്, മലയാള നോവല്‍ സാഹിത്യ രംഗത്ത് അരനാഴികനേരം, പണിതീരാത്ത വീട്, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്നീ കൃതികള്‍ സംഭാവന ചെയ്ത ഓണാട്ടുകരയുടെ കഥാകാരനായ പാറപ്പുറം, വരിക്കോലില്‍ കേശവനുണ്ണിത്താന്‍, കോമലേഴത്ത് മാധവ്, എന്‍.പി.ചെല്ലപ്പന്‍നായര്‍, വി.പി.ശിവകുമാര്‍, വാത്തികുളം മുരളി, കഥാപ്രസംഗകലാകാരനായ വെട്ടിയാര്‍ പി.കെ, കാഥികരത്നം എസ്.എസ്.ഉണ്ണിത്താന്‍, നാടന്‍കലാരംഗത്തെ പ്രശസ്തരായിരുന്ന ഭവാനി പ്രേംനാഥ്, എം.എന്‍.ഇറവങ്കര, ചെണ്ടവാദ്യത്തില്‍ പ്രഗത്ഭനായിരുന്ന ഗോവിന്ദപ്പണിക്കര്‍, മൃദംഗവിദ്വാന്‍മാരായിരുന്ന പത്തരാശാന്‍, മാവേലിക്കര കൃഷ്ണന്‍ കുട്ടി നായര്‍, മാവേലിക്കര വേലുക്കുട്ടി നായര്‍, മാവേലിക്കര ശങ്കരന്‍കുട്ടി നായര്‍, മാവേലിക്കര നാണുക്കുട്ടന്‍, സിനിമാനടനും സാഹിത്യകാരനുമായിരുന്ന ആര്‍.നരേന്ദ്രപ്രസാദ്, നാടകകലാരംഗത്തെ പ്രഗത്ഭമതികളായിരുന്ന മാവേലിക്കര പൊന്നമ്മ, സി.കെ.രാജം, സംഗീതവിദ്വാന്‍ മാവേലിക്കര രാമനാഥന്‍, പ്രഭാകരവര്‍മ്മ എന്നിങ്ങനെ നൂറുകണക്കിനു കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ജന്മം നല്‍കാന്‍ ഭാഗ്യമുണ്ടായ നാടാണിത്. കരകൌശല വിദഗ്ദ്ധര്‍ ധാരാളമായി ഈ ബ്ളോക്ക് പ്രദേശത്തുണ്ടായിരുന്നു. ഇതൊടൊപ്പം തന്നെ പരമ്പരാഗത കൈത്തൊഴിലായിരുന്ന കുട്ട, വട്ടി, പായ്, ചൂരല്‍ കസേര എന്നിവയും വിദഗ്ദ്ധമായി നിര്‍മ്മിക്കുന്നവര്‍ ഇവിടെ ഉണ്ടായിരുന്നു. തൃപ്പെരുന്തുറ മഹാദേവര്‍ ക്ഷേത്രത്തിലും ഇടപ്പള്ളി സ്വരൂപംവക (വലിയ മഠത്തില്‍) മാളികയിലും ഉള്ള ചുവര്‍ച്ചിത്രങ്ങള്‍ പ്രാചീന ചിത്രകലാകാരന്മാരുടെ സര്‍ഗ്ഗപ്രതിഭയുടെ ഉത്തമദൃഷ്ടാന്തമാണ്. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നാടിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹ്യപരിഷ്കരണത്തിനുമായുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദേശാഭിമാനി ടി.കെ.മാധവന്‍ ഈ നാടിന്റെ അഭിമാനഭാജനമാണ്. മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രദേശം ആദ്യകാലം മുതല്‍ തന്നെ ആധുനികവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു. ഈ ബ്ളോക്കിനുള്ളിലെ ഗ്രാമങ്ങള്‍ക്ക് ഉജ്വലമായൊരു വിദ്യാഭ്യാസചരിത്രം സ്വന്തമായുണ്ട്. ചെട്ടിക്കുളങ്ങര കൊയ്പള്ളി കാരാഴ്മ ഭാഗത്ത് 1874-ല്‍ ഒരു കളരിയായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം 1884-ല്‍ സംസ്കൃതസ്കൂളായും 1916-ല്‍ യു.പി.സ്കുളായും 1964-ല്‍ ഹൈസ്കൂളായും ഉയര്‍ത്തുകയുണ്ടായി. ഇതാണ് ബ്ളോക്കുപ്രദേശത്തെ ആദ്യത്തെ ഔപചാരിക വിദ്യാലയം. അതേതുടര്‍ന്ന് 1885-ല്‍, ഈരേഴ വടക്ക് പനച്ചമൂട് പരസ്പര സഹായ സഹകരണ സംഘം മുന്‍കൈ എടുത്ത് മലയാളം പ്രീപ്രൈമറി സ്ക്കൂളായി ആരംഭിച്ച കണ്ണമംഗലം യു.പി.ജി.എസ് ആണ് രണ്ടാമത്തെ സ്ക്കൂള്‍. ചെന്നിത്തല ഗ്രാമത്തില്‍ ഉദ്ദേശം ഒരു നൂറ്റാണ്ടു മുന്‍പ് സ്ഥാപിതമായ വെട്ടത്തുവിള പ്രൈമറി സ്ക്കൂളും അതേ കാലയളവില്‍ ഗവണ്‍മെന്റ് സ്ഥാപിച്ച ചെറുകോല്‍ ഗവണ്‍മെന്റ് മോഡല്‍ സ്ക്കൂളുമാണ് ചെന്നിത്തലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 1912-ല്‍ രക്ഷാസൈന്യപ്രവര്‍ത്തകരുടെ നേതാവായ വില്ല്യംബൂത്ത് സ്ഥാപിച്ച മംഗ്ളാവില്‍ പള്ളിക്കൂടമാണ് തഴക്കര ഗ്രാമത്തിലെ ആദ്യസ്ക്കൂള്‍ എന്നു കരുതപ്പെടുന്നു. ഇതൊടൊപ്പം തന്നെ തഴക്കര കുടിയേറ്റ കുടുംബത്തില്‍പ്പെട്ട സന്യാസിശ്രേഷ്ഠന്‍ സ്ഥാപിച്ച സംസ്കൃത വിദ്യാലയം തഴക്കരയുടെ പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ ആദ്യകാല രേഖകള്‍ ലഭിച്ചിട്ടില്ലെങ്കിലും വിദ്യാഭ്യാസ പുരോഗതിയില്‍ മറ്റു മൂന്ന് ഗ്രാമങ്ങളോടൊപ്പം തന്നെ മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാഭ്യാസ ചരിത്രം തെക്കേക്കര ഗ്രാമത്തിനുമുണ്ട്. 1957-ല്‍ ഓടങ്ങളുടെ നാട് എന്നര്‍ത്ഥമുള്ള ഓടനാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കണ്ടിയൂര്‍ മറ്റത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട മാവേലിക്കര ബ്ളോക്കിലെ ഗ്രാമങ്ങള്‍ ഒരുകാലത്ത് ജലഗതാഗത രംഗത്ത് മുന്‍പന്തിയിലായിരുന്നു. അച്ചന്‍കോവിലാറും, അതുമായി ബന്ധപ്പെട്ട പുത്തനാറും, തൊടിയൂര്‍ ആറാട്ടുപുഴക്കനാലും, വെട്ടിയാര്‍ തോടും, കരിപ്പുഴ തോടും ഒക്കെ ഈ പ്രദേശത്തെ പ്രധാന ജലഗതാഗതമാര്‍ഗ്ഗങ്ങളായിരുന്നു.എന്നാല്‍ കരമാര്‍ഗ്ഗമുള്ള ഗതാഗതത്തിന്റെ വികസനത്തോടെ ജലഗതാഗതത്തിന്റെ പ്രാധാന്യം കുറയുകയുണ്ടായി.
കാര്‍ഷികചരിത്രം
ഒരുകാലത്ത് കാര്‍ഷികസമ്പല്‍സമൃദ്ധിയുടെ നാടായിരുന്ന ഓണാട്ടുകരയുടെ ഭാഗവും അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ ചെന്നിത്തലും ഉള്‍പ്പെടുന്ന മാവേലിക്കര ബ്ളോക്ക് പ്രദേശം ചില സവിശേഷ കൃഷി സമ്പ്രദായങ്ങള്‍ നിലനിന്നിരുന്ന ഒരു കാര്‍ഷികമേഖലയാണ്. വളരെക്കാലം മുന്‍പുതന്നെ ശാസ്ത്രീയവും സ്വാഭാവികവുമായ വിളപരിപാലന സമ്പ്രദായങ്ങള്‍ ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്നു. കൊച്ചുവിത്ത് എന്ന നെല്ലായിരുന്നു ഒന്നാംകൃഷിക്ക് സര്‍വ്വസാധാരണമായി ഇവിടെ ഉപയോഗിച്ചിരുന്നത്. 85-90 ദിവസം കൊണ്ട് മൂപ്പെത്തിയിരുന്ന ഇതിന്റെ രുചി പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നതാണ്. രണ്ടാം കൃഷിക്ക് ചമ്പാവ് എന്നയിനം വിത്താണ് ഉപയോഗിച്ചിരുന്നത്. ഇത് കര്‍ക്കിടകത്തില്‍ പാകി ചിങ്ങത്തില്‍ പറിച്ചു നട്ട് ധനു, മകരം മാസങ്ങളില്‍ കൊയ്തു വിളവെടുക്കുന്നു. ഇവിടെ വിളയിക്കുന്ന ഓണാട്ടുകരയുടെ പരമ്പരാഗത കൃഷിയായ എള്ള്, അതിന്റെ ഔഷധഗുണത്തില്‍ പ്രസിദ്ധമായിരുന്നു. ഓണാട്ടുകരയിലാകെ പൂത്തുലഞ്ഞുകിടന്നിരുന്ന എള്ളിന്‍പാടങ്ങള്‍ തേനീച്ചയുടെ അക്ഷയഖനികളായിരുന്നു. തേനിനു പൊതുവേ ക്ഷാമമുള്ള കൊടുംവേനലില്‍ തേനീച്ച കര്‍ഷകര്‍ക്ക് ഇതൊരു താങ്ങായിരുന്നു. എള്ളിന്‍ പൂവില്‍ നിന്നും കിട്ടുന്ന തേന്‍ ഔഷധഗുണമുള്ളതായി കരുതപ്പെടുന്നു. എള്ളും കരിപ്പെട്ടിയും കൂടി മര ഉരലില്‍ ഇടിച്ച് പതം വരുത്തി, ശരീര ക്ഷീണം മാറ്റാനും, അധ്വാനത്തിന് ഊര്‍ജ്ജം പകരാനും കഴിക്കുന്ന പതിവും ഇവിടെയുണ്ടായിരുന്നു. മുന്‍ കാലങ്ങളില്‍ മുതിര വ്യാപകമായി ബ്ളോക്കു പ്രദേശത്ത് കൃഷി ചെയ്തിരുന്നു. രണ്ടാം കൃഷിക്ക് ഞാറു തയ്യാറാക്കുന്ന തറ പ്രദേശങ്ങളും തകിടി പ്രദേശങ്ങളുമായിരുന്നു പ്രധാനമായി മുതിരക്കൃഷിയ്ക്കുപയോഗിച്ചിരുന്നത്. കരപ്രദേശങ്ങളിലെ പ്രധാന കൃഷി അന്നും ഇന്നും തെങ്ങാണ്. തെങ്ങിനോടൊപ്പം ഇടവിളയായി ചേന, കാച്ചില്‍, ചേമ്പ്, മരച്ചീനി, വാഴ, കുരുമുളക്, ഇഞ്ചി, പച്ചക്കറി, മാവ്, പ്ളാവ്, കശുമാവ് എന്നിവയും ഉള്‍പ്പെട്ട ഒരു സമ്മിശ്ര കൃഷിസമ്പ്രദായവും കടുംകൃഷി രീതിയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഓണാട്ടുകരയുടെ മാത്രം പ്രത്യേകതയെന്നു പറയാവുന്നതും, വിവിധ കാര്‍ഷികരീതികള്‍ക്കനുയോജ്യമായതുമായ കാര്‍ഷിക ഉപകരണങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. ഓണാട്ടുകര തൂമ്പാ, എള്ളിനും നെല്ലിനും ഇടകിളയ്ക്കാന്‍ ഉപയോഗിക്കുന്ന കൊച്ചുതൂമ്പാ, പുല്ലുചെരുപ്പ്, തടിചെരുപ്പ്, മമ്മട്ടി, ഒട്ടിതുമ്പാ തുടങ്ങിയ കാര്‍ഷികോപകരണങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. എള്ളിന് നിലം ഒരുക്കുമ്പോള്‍ കട്ട ഉടയ്ക്കാന്‍ ഉപയോഗിക്കുന്ന കട്ടത്തടി, ധാന്യങ്ങള്‍ ഉണക്കാന്‍ ചിക്കുന്നതിനുള്ള വിത്തേറ്റി, പുരുഷന്‍മാരുടെ തലപ്പാള, സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന പുട്ടല്‍ എന്നിവയൊക്കെ ഈ നാടിനു മാത്രമുണ്ടായിരുന്ന സമ്പന്നമായൊരു കാര്‍ഷികസംസ്കാരത്തിന്റെ ഗതകാല അടയാളങ്ങളാണ്.
വ്യവസായചരിത്രം
കൊല്ലകടവില്‍ സ്ഥാപിച്ച വ്യവസായ എസ്റ്റേറ്റാണ് ഈ ബ്ളോക്കിലെ ആദ്യത്തെ വ്യവസായ സംരഭം. പിന്നീട് സഹകരണാടിസ്ഥാനത്തില്‍ ഇറവന്‍കര ആരംഭിച്ച ഐ.സി.ഗ്ളാസ് ഫാകട്റി ഒരു ആധുനിക വ്യവസായമായിരുന്നു. കൊല്ലകടവില്‍ ആരംഭിച്ച ട്രാവന്‍കൂര്‍ ഓക്സിജന്‍ ലിമിറ്റഡ്, തഴക്കര ആരംഭിച്ച വേണാട് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയും ആധുനിക സംരംഭങ്ങളാണ്. ചെട്ടികുളങ്ങര പഞ്ചായത്തിന്റെ സമീപപ്രദേശത്ത് ആരംഭിച്ച കേരളാ ക്ളോറേറ്റ് ആന്റ് കെമിക്കല്‍സും ഒരു ആധുനിക വ്യവസായ സ്ഥാപനമായിരുന്നു. തഴക്കര കേന്ദ്രീകരിച്ച് ആധുനിക വ്യവസായങ്ങള്‍ ആരംഭിച്ചപ്പോള്‍ ചെന്നിത്തല കേന്ദ്രീകരിച്ച് തീപ്പെട്ടി കമ്പനികളുടെ ഒരു ശ്യംഖല തന്നെ ആരംഭിക്കുകയുണ്ടായി. ചെട്ടികുളങ്ങര പഞ്ചായത്തില്‍ ആഞ്ഞിലിപ്രായിലില്‍ ഒരു കാലത്ത് കശുവണ്ടി ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. തഴക്കരയില്‍ ഒരു വ്യവസായ എസ്റ്റേറ്റുണ്ട്. ഇവിടെ പണിയെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സംഘടിത വ്യവസായ സ്ഥാപനങ്ങള്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ ഉള്ളൂ. വ്യവസായികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു ബ്ളോക്കാണ് മാവേലിക്കര. പരമ്പരാഗത കുടില്‍ വ്യവസായങ്ങളായ കുട്ട-വട്ടി നെയ്ത്ത്, ഓലമെടച്ചില്‍, പായ്നെയ്ത്ത്, ഇഷ്ടികനിര്‍മ്മാണം, കാര്‍ഷികോപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയാണ് പരമ്പരാഗതമായി ഇവിടെ നിലനിന്നിരുന്ന മുഖ്യമായ ചെറുകിടവ്യവസായങ്ങള്‍.വ്യവസായം എന്നതിലുപരി ഉപജീവനത്തിനുള്ള തൊഴിലുകളായി മാത്രമേ ഇതിനെയെല്ലാം കണക്കാക്കാന്‍ കഴിയൂ.