ചരിത്രം

സാമൂഹ്യചരിത്രം

ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. മാട്ടൂലിന്റെ ചരിത്രത്തിന് ഇബ്നു ബത്തൂത്തയോളം തന്ന പഴക്കമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു ഗ്രാമം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്ടില്‍ ചിറക്കല്‍ താലൂക്കിലായിരുന്നു ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂര്‍ ജില്ലയിലും കണ്ണൂര്‍ താലൂക്കിലും ഉള്‍പ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടര്‍ന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. പുരാതനകാലം മുതലേ വളപട്ടണം പുഴയുടെയും അറബിക്കടലിന്റെയും സംഗമസ്ഥലമായ മാട്ടൂല്‍ അഴിമുഖത്തു നിന്നും നാളികേരവും തടിയുരുപ്പടികളും വന്‍തോതില്‍ കയറ്റി അയച്ചിരുന്നു. കയറ്റുമതി കൂടുതലും ബോംബെ, കറാച്ചി തുടങ്ങിയ തുറമുഖ പട്ടണങ്ങളിലേക്കായിരുന്നു. മരവ്യവസായം വഴി വളപട്ടണം പ്രശസ്തമായതോടുകൂടി മാട്ടൂല്‍ അഴിമുഖവും പ്രശസ്തവും തിരക്കുപിടിച്ചതുമായി. ഇതിനുള്ള പ്രധാന കാരണം അന്നത്തെ അവസ്ഥയില്‍ റോഡ്-റെയില്‍ ഗതാഗതത്തിന്റ അഭാവം മൂലം ജലഗതാഗതം മാത്രമേ ആശ്രയമായി ഉണ്ടായിരുന്നുള്ളൂവെന്നതാണ്. ഉരു, മഞ്ചു എന്നീ പേരുകളില്‍ അറിയപ്പെടുന്ന പത്തേമാരികള്‍ ഉപയോഗിച്ചായിരുന്നു കൂടുതല്‍ കയറ്റിറക്കുമതികളും നടന്നിരുന്നത്. ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകളില്‍ കൂടുതലും മംഗലാപുരത്തു നിന്നുള്ള ഓടുകളായിരുന്നു. ഇത് വീടു മേയുന്നതിനുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വന്നിരുന്നു. ഈ പ്രദേശത്തു നിന്നും കൂടുതലായി കയറ്റി അയക്കപ്പെട്ടിരുന്നത് നാളികേരവും അതിന്റെ ഉപോല്‍പ്പന്നമായ ചൂടി (കയര്‍), ചിരട്ടക്കരി, ചകിരി എന്നിവയുമായിരുന്നു. ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന നാളികേരത്തിനു പുറമെ, ഇന്നത്തെ കാസര്‍ഗോഡ് ജില്ലയിലുള്ള പടന്ന, ചെറുവത്തൂര്‍, തുരുത്തി, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും, കൂടാതെ സമീപപ്രദേശങ്ങളായ മുട്ടം, പുതിയങ്ങാടി എന്നിവിടങ്ങളില്‍ നിന്നും നാളികേരം സംഭരിച്ച് അഴിമുഖം വഴി ഗുജറാത്തിലേക്കും മഹാരാഷ്ട്രയിലേക്കും കയറ്റി അയക്കുകയും ചെയ്യുമായിരുന്നു. ഈ പ്രദേശത്തെ ഏറ്റവും വലിയ പരമ്പരാഗത കുടില്‍വ്യവസായമായ ചൂടിപിരി (കയറു പിരി) വഴി നിര്‍മ്മിച്ചിരുന്ന കൊയിലാണ്ടിചൂടി’, കടയണിചൂടി’ എന്നിവയും വന്‍തോതില്‍ കയറ്റി അയക്കപ്പെട്ടിരുന്നു. അതുപോലെ ചിരട്ടകത്തിച്ചുണ്ടാക്കുന്ന ചിരട്ടക്കരികളും ധാരാളമായി ഉല്‍പാദിപ്പിക്കുകയും അന്യദേശങ്ങളിലേക്കു കയറ്റി അയക്കുകയും ചെയ്തിരുന്നു. പണ്ടുമുതല്‍ തന്ന ഇവിടുത്തെ പ്രധാന തൊഴില്‍മേഖലകള്‍ മത്സ്യബന്ധനവും കൃഷിയുമായിരുന്നു. നാടന്‍ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനമായിരുന്നു കൂടുതല്‍ നടന്നിരുന്നത്. ഇതുവഴി ലഭിക്കുന്ന മത്സ്യങ്ങളില്‍ പ്രാദേശികാവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളവ ഉണക്കിയും വളമായും ഉപയോഗിച്ചുവന്നിരുന്നു. ഈ മേഖലയില്‍ ധാരാളം പേര്‍ തൊഴില്‍ ചെയ്തിരുന്നു. മത്സ്യം ഉണക്കുന്നതിനാവശ്യമായ ഉപ്പ് തൂത്തുക്കുടിയില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. നെല്ല്, ധാന്യവിളകള്‍, പച്ചക്കറി, തെങ്ങ് എന്നിവയായിരുന്നു മുഖ്യമായും കൃഷി ചെയ്തിരുന്നത്. ഈ പ്രദേശത്തെ ഭൂമിയില്‍ ഏറിയ പങ്കും പ്രശസ്തമായ അറക്കല്‍ രാജവംശത്തിന്റെയും, ചിറക്കല്‍ കോവിലകത്തിന്റെയും കൈവശമായിരുന്നു. അറക്കല്‍ രാജവംശത്തിന് വേനല്‍ക്കാല സുഖവാസത്തിനായി മാട്ടൂല്‍ സെന്‍ട്രലില്‍ ഒരു ബംഗ്ളാവ് ഉണ്ടായിരുന്നു. അറക്കല്‍ രാജാക്കന്‍മാരില്‍ പ്രസിദ്ധനും മദിരാശി ലജിസ്ളേറ്റീവ് അസംബ്ളി അംഗവുമായിരുന്ന സുല്‍ത്താന്‍ അബ്ദുറഹിമാന്‍ അലിരാജ അടക്കമുള്ളവര്‍ ഈ ബംഗ്ളാവില്‍ വേനല്‍ക്കാല വാസത്തിനെത്തിയിരുന്നു. പില്‍ക്കാലത്ത് ഈ രണ്ടു കുടുംബങ്ങളില്‍ നിന്നും പട്ടയമായും മറ്റും മാട്ടൂലിലെ പല കുടുംബങ്ങളിലേക്കും ഭൂമി വന്നു ചേരുകയും അവരൊക്കെ ക്രമേണ ഭൂവുടമകളായി മാറുകയും ചെയ്തു. അന്ന് മാട്ടൂലിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പച്ചപിടിച്ച നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും മാത്രമായിരുന്നു. നെല്ലിന്റെ കാര്യത്തില്‍ മിച്ചോല്‍പാദന കേന്ദ്രമായിരുന്നു മാട്ടൂല്‍. ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂരിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മാര്‍ഗ്ഗം കപ്പക്കടവ് (അഴീക്കോട്) വഴിയുള്ള ബോട്ടുയാത്രയായിരുന്നു. ആദ്യകാലങ്ങളില്‍ പാപ്പിനിശ്ശേരി തപാലാപ്പീസിന്റെ പരിധിയിലായിരുന്നു മാട്ടൂല്‍. രണ്ടു ദിവസത്തിലൊരിക്കല്‍ പോസ്റ്റ്മാന്‍ കത്തുകളും മറ്റു തപാല്‍ ഉരുപ്പടികളുമായി ഇവിടെ എത്തുകയും വിതരണം നടത്തുകയുമായിരുന്നു പതിവ്. പുറത്തേക്കുള്ള കത്തുകള്‍ അഞ്ചല്‍ക്കാരന്‍ ഏറ്റുവാങ്ങി എത്തിക്കുകയായിരുന്നു. കുന്തത്തില്‍ മണി ഘടിപ്പിച്ച്, അത് കുലുക്കിയായിരുന്നു അഞ്ചല്‍ക്കാരന്‍ യാത്ര നടത്താറ്. ടെലിഫോണ്‍ സൌകര്യവും മാട്ടൂലില്‍ ഇല്ലായിരുന്നു എന്നുതന്ന പറയാം. ആദ്യമായി ഈ സൌകര്യം ലഭ്യമായത് കല്ലിട്ടവളപ്പില്‍ ഇബ്രാഹിം കുട്ടിയുടെ എണ്ണമില്ലിലായിരുന്നു. ഇത് കണ്ണൂര്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടായിരുന്നു. 1960-ലാണ് മാട്ടൂല്‍ പോസ്റ്റാഫീസ് നിലവില്‍ വന്നത്. 1960-ല്‍ മാട്ടൂല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചും നിലവില്‍ വന്നു. വിദ്യാഭ്യാസ മേഖലയില്‍ 1909-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നടത്തിവന്ന മാട്ടൂല്‍ ബോര്‍ഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്ക്കൂളായിരുന്നു ആദ്യ അംഗീകൃത പള്ളിക്കൂടം. തൊട്ടടുത്തുതന്ന പട്ടികജാതികാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നേരിട്ടു നടത്തിയിരുന്ന ലേബര്‍ സ്ക്കൂളും പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാലം മുതല്‍ക്കുതന്ന മുസ്ളീം ഭൂരിപക്ഷ പ്രദേശമായിരുന്നു മാട്ടൂല്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഹരിജനങ്ങളും കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇവിടുത്തെ ജനത. പ്രബല സമുദായമായ മുസ്ളീങ്ങളുടെ ആദ്യത്തെ നമസ്കാരപള്ളി മാട്ടൂല്‍പള്ളിയും, ആദ്യത്തെ ജുമാ അത്ത് പള്ളി വേദാമ്പര്‍ പള്ളിയുമാണെന്നാണ് പറയപ്പെടുന്നത്. ഫൈ ആമ്പര്‍ എന്ന പേര് ലോപിച്ചുണ്ടായതാണ് വേദാമ്പര്‍ എന്ന് അഭിപ്രായമുണ്ട്. മുസ്ളീങ്ങളില്‍ നിന്ന് ആദ്യം ഇവിടെ കുടിയേറിപ്പാര്‍ത്തവര്‍ പാപ്പിനിശേരി, വളപട്ടണം ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സയ്യിദ് കുടുംബങ്ങളില്‍പെട്ടവരും പഴയകാലത്തു തന്ന ഈ പ്രദേശത്ത് താമസക്കാരായിട്ടുണ്ട്. മാട്ടൂല്‍ ഒളിയങ്കര പള്ളി ജാറം മഖാം, മടക്കര മഖാം എന്നിവയെക്കുറിച്ച് പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. കേരളത്തില്‍ പൌരാണികമായി പ്രചാരത്തിലുണ്ടായിരുന്ന നാട്ടുകൂട്ടങ്ങള്‍ ഈ ഗ്രാമത്തിലും ഉണ്ടായിരുന്നു. മുസ്ളീങ്ങള്‍ അന്നത്തെ രീതിയില്‍, മാട്ടൂല്‍ പ്രദേശം ഒന്നായി കണ്ട് നാട്ടുകാരണവസംഘത്തെ തെരഞ്ഞെടുക്കുക പതിവായിരുന്നു. ഏതാനും കുടുംബങ്ങളിലെ കാരണവന്മാര്‍ അടങ്ങുന്നതാണ് ആ സംഘം. അവര്‍ നാട്ടിലെ മുഴുവന്‍ മുസ്ളീം കുടുംബങ്ങളെയും മാട്ടൂല്‍ ആയിരം എന്നു വിളിച്ചു. ഇതിന്റെ പേരില്‍ ധാരാളം സ്വത്തുക്കളും സ്വരൂപിച്ചിരുന്നു. മാട്ടൂല്‍ വേദാമ്പര്‍ ജുമാ അത്ത് പള്ളിയുടെ രജിസ്റ്റര്‍ രേഖകളിലും ചരിത്രത്തിലും ആയിരത്തിന്റെ പള്ളിയെന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. അതുകൊണ്ടുതന്ന വേദാമ്പര്‍ പള്ളി ഈ പ്രദേശത്തിന്റെ മുഴുവന്‍ പള്ളിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ഈ മാട്ടൂല്‍ ആയിരം, ഈ പ്രദേശത്തെ മുസ്ളീങ്ങളുടെ എല്ലാവിധ മത-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലും നേതൃത്വം വഹിച്ചു പോന്നിരുന്നു. ഇതിനു സമാനമായ നാട്ടുകൂട്ടങ്ങള്‍ മടക്കര, തെക്കുമ്പാട് പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. അവിടങ്ങളിലെ ആചാരപ്രകാരം മുസ്ളീം വിവാഹനിശ്ചയങ്ങള്‍ മുന്‍കൂട്ടി പള്ളിയില്‍ അറിയിക്കണമെന്നുണ്ട്. ആ സമയത്ത് ഒരു നിശ്ചിത തുക പണം പള്ളിയില്‍ അടക്കണം. രണ്ടാം ലോകമഹായുദ്ധം വരെയും ഇതുപോലുള്ള സാമൂഹികമായ മഹല്ല് നിയന്ത്രണം ഇവിടങ്ങളില്‍ ഉണ്ടായിരുന്നു. മുസ്ളീം വിവാഹചടങ്ങുകള്‍ പഴയകാലങ്ങളില്‍ ഒരു ഹരം പകരുന്ന കാഴ്ചയായിരുന്നു. വായനശാലക്ക് സമീപം ഇവരുടെ ചര്‍ച്ച് സ്ഥാപിച്ചു. അധികം വൈകാതെ തന്ന റോമന്‍ കത്തോലിക്കാ സഭയും സുവിശേഷപ്രവര്‍ത്തനങ്ങളുമായി ഇവിടെ എത്തി. ഇവരുടേതായ ഒരു ചര്‍ച്ചും കന്യാമഠവും ഒരു യു.പി.സ്ക്കൂളും മാട്ടൂല്‍ സെന്‍ട്രലില്‍ സ്ഥാപിച്ചു. ഇപ്പോള്‍ മാട്ടൂല്‍ നോര്‍ത്തില്‍ കൂടി ആര്‍.സി മിഷന്‍ വക ചര്‍ച്ച് സ്ഥാപിച്ചിട്ടുണ്ട്. കടലോര ഗ്രാമമായ മാട്ടൂലിന് 500-ല്‍ പരം വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. ഇബ്നു ബത്തൂത്ത എന്ന അറേബ്യന്‍ ലോക സഞ്ചാരി മാത്വൂല്‍-ഹ എന്ത് നീളം-എന്ന് ഈ പ്രദേശത്തെ വിളിച്ചിരുന്നു. അതില്‍ നിന്നാണ് മാട്ടൂല്‍ എന്ന പേര് ഈ പ്രദേശത്തിന് കിട്ടിയതെന്നാണ് ഐതിഹ്യം.

സാംസ്കാരികചരിത്രം

മുസ്ളീം വിവാഹചടങ്ങുകള്‍ പഴയകാലങ്ങളില്‍ ഒരു ഹരം പകരുന്ന കാഴ്ചയായിരുന്നു. പുതിയ പെണ്ണിനെ നയിച്ചു കൊണ്ടുള്ള ഒപ്പനയും വിളക്കിനിരുത്തലും, വഴി ഉടനീളവും പുതിയാപ്പിളയെ ഏറ്റിക്കൊണ്ടു വരുമ്പോഴുള്ള വെടിക്കെട്ടുകളും ദഫ്വാദ്യങ്ങളും കളരി അഭ്യാസപ്രകടനങ്ങളും അറബ് ഇശല്‍ എന്നു പേരായ പ്രത്യേക ഗാനങ്ങളും ഒരു ആഘോഷത്തിന്റെ പരിവേഷം നല്‍കിയിരുന്നു. മുസ്ളീങ്ങള്‍ക്ക് തൊട്ടുപിറകെ ഇവിടെ കുടിയേറുന്നത് പട്ടികജാതിക്കാരാണ്. ഹൈന്ദവ ആരാധനാ കേന്ദ്രമായ മാട്ടൂല്‍ നോര്‍ത്തിലെ ശ്രീ കൂര്‍മ്പക്കാവ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. ആരാധനാ മൂര്‍ത്തികളായ ശ്രീകുറുമ്പയും പത്നിദേവിയും പ്രത്യക്ഷപ്പെട്ടത് കുനിമ്മല്‍ (മാട്ടൂല്‍ സൌത്ത്) എന്ന സ്ഥലത്താണ്. അവിടെ നിന്നും ദേവീദേവന്മാര്‍ അടുത്തുള്ള പടിഞ്ഞാറ് എന്ന കുടുംബ പുരയിടത്തിലേക്ക് മാറി. അവിടെ നിന്നും സമീപമുള്ള പൂമരത്തിന്‍ കീഴില്‍ എന്ന സ്ഥലത്ത് കഴിച്ചുകൂട്ടി. പിന്നീട് വടക്കോട്ട് പോയി, ഇന്ന് കാണുന്ന ശ്രീ കുറുമ്പക്കാവ് ക്ഷേത്രപരിസരത്ത് ഉറയ്ക്കുകയും ചെയ്തുവെന്നാണ് ഭക്തരുടെ വിശ്വാസം. മാടായി, മുരിക്കഞ്ചരി തറവാട്ടുകാര്‍ക്ക് ഈ ക്ഷേത്രവുമായി പരമ്പരാഗത ബന്ധമുണ്ട്. അത് ഇന്നും തുടരുന്നു. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരും മാട്ടൂലില്‍ എത്തുകയുണ്ടായി. ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ട ബാസല്‍ മിഷന്‍ സുവിശേഷ പ്രവര്‍ത്തകരാണ് 1939-40 കാലഘട്ടങ്ങളില്‍ ആദ്യമായി ഇവിടെ എത്തുന്നത്. ഇവിടെ ഇപ്പോഴുള്ള ജനവിഭാഗങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണെന്ന് പറയപ്പെടുന്നു. ഇവരില്‍ മുസ്ളീം സമുദായമാണ് കൂടുതല്‍. 1928-ല്‍ കേരളത്തിലുടനീളം രൂപം കൊണ്ട യംഗ്മെന്‍സ് മുസ്ളീം അസോസിയേഷന്റെ ഒരു യൂണിറ്റ് മാട്ടൂലിലും സ്ഥാപിക്കപ്പെട്ടു. വൈ.എം.എം.എ.യുടെ നേതൃത്വം മാട്ടൂലിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഒരു പുത്തനുണര്‍വ് കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് സെന്‍ട്രല്‍ മുസ്ളീം എല്‍.പി സ്ക്കൂളും മാട്ടൂല്‍ നോര്‍ത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സ്മാരക വായനശാലയും ഗ്രന്ഥാലയവും. ആ കാലഘട്ടത്തിലെ തലയെടുപ്പുള്ള ഒരു യുവകവിയായിരുന്നു പി.പി.ഖാലിദ് മാസ്റ്റര്‍. പഴയകാലത്ത് വെള്ളരി നാടകങ്ങള്‍ മുതല്‍ സ്റ്റേജു നാടകങ്ങള്‍ വരെ അവതരിപ്പിക്കുന്ന നാടകസംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ജയഭാരതം കലാനിലയം മാട്ടൂല്‍ സൌത്ത്, ജനതാ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ളബ്ബ്, ഗ്രാമീണവായനശാല, ഉദയ കലാസമിതി മാട്ടൂല്‍ അഴീക്കല്‍, കൈരളി കലാനിലയം ബര്‍ണ്ണശ്ശേരി, പൊലുപ്പില്‍ സാംസ്കാരിക സമിതി എന്നിവ ഈ രംഗത്ത് പ്രമുഖ സ്ഥാപനങ്ങളായിരുന്നു. ക്ഷേത്രകലയുമായി ബന്ധപ്പെട്ട് കെട്ടിയാടുന്ന ഏക സ്ത്രീ തെയ്യക്കോലമാണ് പെണ്‍കൂത്ത്. മലബാറില്‍ മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുമ്പാട് ശ്രീ കുലോം ക്ഷേത്രത്തില്‍ ധനു 5-ന് ഇത് കെട്ടിയാടപ്പെടുന്നു. ഇതോടനുബന്ധിച്ച് മറ്റ് തെയ്യം, തിറ, പൊറാട്ട് തുടങ്ങിയ കലാരൂപങ്ങളും കെട്ടിയാടപ്പെടുന്നു. തെയ്യം, തിറ, ദഫ്മുട്ട്, പരിചമുട്ട്, ഒപ്പന, മുട്ടുംമുറി, കോല്‍ക്കളി, പൂരക്കളി, ചിമ്മാനക്കളി, തുടിപ്പാട്ട്, നാട്ടിപ്പാട്ട്, കോദാമൂരിപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയ നാടന്‍കലകളുടെ എല്ലാ മേഖലകളും ഈ കൊച്ചുഗ്രാമത്തിന് അന്യമല്ല. ശാസ്ത്രീയ സംഗീതത്തില്‍ അധ്യയനം നടത്തുന്ന ഒരു സ്ഥാപനമാണ് ത്യാഗരാജ സംഗീത വിദ്യാലയം. കേരള ലളിതകലാ അക്കാദമിയുടെ നാടന്‍ കലകള്‍ക്കുള്ള അവാര്‍ഡ് ലഭിച്ച കാഞ്ഞന്‍ പൂജാരി ഈ രംഗത്ത് മാട്ടൂലിന്റെ അഭിമാനമാണ്.