മതിലകം

തൃശ്ശൂര്‍ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലാണ് മതിലകം ബ്ളോക്കുപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടത്തിരുത്തി, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ളോക്കിലുള്‍പ്പെടുന്നത്. എടത്തിരുത്തി, ചെന്ത്രാപ്പിന്നി, കയ്പമംഗലം, പാപ്പിനിവിട്ടം, കുളിമുട്ടം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മതിലകം ബ്ളോക്കിന് 71.81ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതിരുകള്‍ വടക്ക് തളിക്കുളം, അന്തിക്കാട് ബ്ളോക്കുകളും, കിഴക്ക് ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍ ബ്ളോക്കുകളും, തെക്ക് കൊടുങ്ങല്ലൂര്‍ ബ്ളോക്കും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറ് അറബിക്കടലും ആകുന്നു. പഴയ പൊന്നാനി താലൂക്കിലെ നാട്ടിക ഫര്‍ക്കയിലുള്‍പ്പെട്ടിരുന്ന പ്രദേശങ്ങളാണ് ഇന്നത്തെ മതിലകം ബ്ളോക്കിലുള്‍പ്പെടുന്നവയില്‍ ഭൂരിഭാഗവും. കനോലിക്കനാല്‍ ഈ ബ്ളോക്കിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നു. അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ബ്ളോക്കിന്റെ ഭൂപ്രദേശം ഏറിയ പങ്കും തീരസമതലത്തില്‍ പെടുന്നു. എടത്തിരുത്തി പഞ്ചായത്തിലെ ചരിത്രപ്രസിദ്ധമായ അങ്ങാടിയ്ക്ക് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കൊച്ചി, കോട്ടപ്പുറം ചന്തകളില്‍ നിന്ന് കനോലികനാലിലുടെ വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ കയറ്റി അങ്ങാടിയിലേക്കും, അവിടെനിന്നു മറ്റു പ്രദേശങ്ങളിലേക്കും കൊണ്ടുപോവുക ആദ്യകാലത്ത് പതിവുകാഴ്ചയായിരുന്നു. ടിപ്പു സുല്‍ത്താന്‍ തന്റെ സൈന്യവുമായി പടയോട്ടം നടത്തിയിരുന്നപ്പോള്‍ പട്ടാളക്യാമ്പായി കയ്പമംഗലം കൊപ്രക്കളം എന്ന കച്ചേരിപ്പറമ്പ് ഉപയോഗിച്ചിരുന്നു. ആദ്യകാല ഗോത്ര സംസ്കാരങ്ങള്‍ നിലനിന്നിരുന്ന ഇവിടുത്തെ പ്രദേശങ്ങളില്‍ തറക്കൂട്ടങ്ങളുടെ ഭരണമാണുണ്ടായിരുന്നത്. രാജ ഭരണകാലമായപ്പോഴേക്കും ഇവിടുത്തെ പലപ്രദേശങ്ങളും ചേര സാമ്രാജ്യത്തിന്റെ ഭാഗമായി. കൊച്ചി രാജാവിന്റെ കീഴിലും പിന്നീട് സാമൂതിരിയുടെ കീഴിലും നിലനിന്ന ഇവിടം 18-ാം നൂറ്റാണ്ടില്‍ ടിപ്പുവും പിന്നീട് 1782-ല്‍ ടിപ്പുവിനെ തോല്‍പിച്ച് ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാരും കൈക്കലാക്കി. കൊടുങ്ങല്ലൂര്‍ മുതല്‍ മതിലകം വരെ വ്യാപിച്ചുകിടന്നിരുന്നു പഴയ വഞ്ചീനഗരത്തിന്റെ ഭാഗമായിരുന്നു ശ്രീനാരായണപുരം പഞ്ചായത്ത് ഉള്‍പ്പെടുന്ന ഭൂപ്രദേശം. ഈ ബ്ളോക്കിലെ പല ഭാഗങ്ങളും കടല്‍ പിന്‍വാങ്ങി ഉണ്ടായതാവാം. ഭൂമിയ്ക്കടിയില്‍ ഇപ്പോഴും കടല്‍ച്ചെളിയും സമുദ്രജീവികളുടെ അസ്ഥികളും കാണപ്പെടുന്നുണ്ട്. കൊടുങ്ങല്ലൂരിന്റെ പ്രാന്തപ്രദേശമായ ഇവിടെ പണ്ടേതന്നെ പല പുതിയ ആശയങ്ങളും കടന്നുവന്നു. അവയൊക്കെ സഹിഷ്ണുതയോടെ സ്വീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ, മതങ്ങളുടെ ഒരു സംഗമസ്ഥാനമായി കൊടുങ്ങല്ലൂരും അതിന്റെ പ്രാന്തപ്രദേശങ്ങളും മാറി. ബി.സി അന്ത്യശതകങ്ങളില്‍ത്തന്നെ ബുദ്ധമതവും ജൈനമതവും ഇവിടെ വന്നു. ദക്ഷിണേന്ത്യയിലെ അഞ്ചു പ്രാചീന സര്‍വകലാശാലകളിലൊന്ന് വഞ്ചി(തിരുവഞ്ചിക്കുളം)യിലായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് ബ്ളോക്കിലൂടെ തെക്കോട്ടു പോകുന്ന ചെറുവഴി പെരുവഴിയായത്. ഇന്നത് 17-ാം നമ്പര്‍ ദേശീയപാതയാണ്. ഇതാണ് പഴയ ടിപ്പു സുല്‍ത്താന്‍ റോഡ്. ബ്ളോക്കില്‍ ടിപ്പു റോഡുകള്‍ വേറെയുമുണ്ട്. ചുരുക്കത്തില്‍ ടിപ്പുവാണ് റോഡുകളുടെ സമുദ്ധാരകന്‍ എന്നു തന്നെ പറയാം.