മാരാരിക്കുളം തെക്ക്

ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കില്‍ ആര്യാട് ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് മാരാരിക്കുളം തെക്ക്. കലവൂര്‍ വില്ലേജ് പൂര്‍ണമായും പാതിരപ്പളളി വില്ലേജ് ഭാഗികമായും ഉള്‍ക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് അമ്പലപ്പുഴ താലൂക്കിന്റെ വടക്കുപടിഞ്ഞാറേയറ്റത്തായി, ചേര്‍ത്തല താലൂക്കിനോടു ചേര്‍ന്നാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയപാത 47-ന് പടിഞ്ഞാറും കിഴക്കുമായാണ് പഞ്ചായത്തിലെ പ്രദേശങ്ങള്‍ കിടക്കുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 19.07 ചതുരശ്രകിലോമീറ്ററാണ്.1953-ലെ സ്വാതന്ത്ര്യദിനത്തിലാണ് കലവൂര്‍ കേന്ദ്രമാക്കി പഞ്ചായത്ത് പ്രവര്‍ത്തനമാരംഭിച്ചത്. കടല്‍ത്തീരത്തോടു ചേര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കഞ്ഞിക്കുഴി, മരാരിക്കുളം തോട് എന്നിവയും, തെക്കുഭാഗത്ത് ആര്യാട് പഞ്ചായത്ത്, തീയശേരി പൊഴി എന്നിവയും, കിഴക്കുഭാഗത്ത് നാഷണല്‍ ഹൈവേയും മണ്ണഞ്ചേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് അതിരുകള്‍. പണ്ടെങ്ങോ ഒരു സ്ത്രീ കൈതോല ചെത്തുവാനായി കുളക്കരയിലെ കല്ലില്‍ തേച്ച് അരിവാളിനു മൂര്‍ച്ച കൂട്ടിയപ്പോള്‍ കല്ലില്‍ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും തുടര്‍ന്ന് മറ്റാരോ മാരാരി(ശിവലിംഗം) കുളക്കരയില്‍ പ്രതിഷ്ഠിച്ചതിനാല്‍ ഈ പ്രദേശം മാരാരിക്കുളമായിത്തീര്‍ന്നു എന്നുമുള്ള ഐതിഹ്യം ഇന്നും നിലനില്‍ക്കുന്നു. കേരളം മുഴുവന്‍ അറിയപ്പെടുന്ന കാര്‍ഷിക വിളകളാണ് ഈ പഞ്ചായത്തില്‍ ഉല്‍പാദിപ്പിച്ചിരുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഏറ്റവും രൂചിയുള്ളതായി അംഗീകരിച്ച മാരാരിക്കുളം വഴുതനങ്ങയും, കേരളത്തിലെ ഏറ്റവും കൂടുതല്‍ എണ്ണ അംശമുള്ള കൊപ്രയും, ആരും തലകുലുക്കി സമ്മതിക്കുന്ന ലഹരി അംശമുള്ള കള്ളും ഈ പ്രദേശത്തെ പ്രസിദ്ധമാക്കി.