മാരാരിക്കുളം വടക്ക്‌

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് മാരാരിക്കുളം നോര്‍ത്ത്. ബി.സി 3-2 നൂറ്റാണ്ടുകളില്‍ ബുദ്ധമതക്കാര്‍ താമസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ആര്യന്‍മാരും തുടര്‍ന്ന് കൊച്ചി രാജാവിന്റെ അധീനതയില്‍ കരപ്പുറത്തെ നാടുവാഴികളും, പ്രഭുക്കന്‍മാരും, രാജാക്കന്‍മാരുടെ സാമന്തന്‍മാരും ഭരിച്ചിരുന്നു. മാരാരിക്കുളം (ശിവ) ക്ഷേത്രവുമായി ബന്ധപ്പെട്ട് മാരന്റെ രിപുവിന്റെ കളം (നാട്) രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്നു പറയപ്പെടുന്നു. 700 കൊല്ലം പഴക്കമുള്ള മാരാരിക്കുളം മഹാദേവക്ഷേത്രം, കണിച്ചുകുളങ്ങര ദേവീക്ഷേത്രം, മാരാരിക്കുളം സെന്റ് അഗസ്ത്യന്‍ ക്രിസ്ത്യന്‍ പള്ളി, പെരുമന്നര്‍ സെന്റ് ആന്റണീസ് ദേവാലയം, 1865-ല്‍ സ്ഥാപിതമായ ചെത്തിയിലെ മുസ്ളീം പള്ളി, തിരുവിഴ മഹാദേവക്ഷേത്രം, നീലകണ്ഠ ക്ഷേത്രം, പൂവള്ളിക്കാവ് ക്ഷേത്രം, പൊക്ളശ്ശേരി ക്ഷേത്രം, വരകാടി ദേവീക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍.