മരട്

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ വൈറ്റില ബ്ളോക്കിലാണ് മരട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മരട് വില്ലേജുപരിധിയിലുള്‍പ്പെടുന്ന മരട് ഗ്രാമപഞ്ചായത്തിന് 12.35 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൊച്ചി കോര്‍പ്പറേഷനും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും ഉദയംപേരൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് കുമ്പളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊച്ചി കോര്‍പ്പറേഷനും കുമ്പളം പഞ്ചായത്തുമാണ്. 1953 മെയ് 18-നാണ് മരട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. തീരദേശ ഭൂപ്രകൃതിമേഖലയിലാണ് മരട് പഞ്ചായത്ത് ഉള്‍പ്പെടുന്നത്. എങ്ങും സമതലപ്രദേശം മാത്രമുള്ള ഈ പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍ നെല്ല്, തെങ്ങ് എന്നിവയാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയില്‍ 2% പ്രദേശത്ത് കണ്ടല്‍കാടുകള്‍ വളരുന്നുണ്ട്. ഭൂപ്രകൃതിയനുസരിച്ച് മാരട് പഞ്ചായത്തിനെ ഉയര്‍ന്ന പ്രദേശങ്ങള്‍, താഴ്വരകള്‍, ചെരിഞ്ഞ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഷ്ടിച്ച് 30 കിലോമീറ്റര്‍ മാത്രം ദൂരെ എറണാകുളം നഗരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് മരട്. “നിര്‍മ്മല്‍ ഗ്രാമം”, മികച്ച പഞ്ചായത്തുപ്രസിഡന്റിനുള്ള “നാട്ടുശക്തി അവാര്‍ഡ്” എന്നീ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്താണ് മരട്.