പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അച്ചന്‍കോവിലാറും വടക്കുഭാഗത്ത് പമ്പാനദിയും കിഴക്കുഭാഗത്ത് കുട്ടമ്പേരൂരാറും ഒഴുകുന്നു. നെല്ല്, തെങ്ങ്, എള്ള്, വാഴ, മരച്ചീനി, ചേന, ചേമ്പ്, പച്ചക്കറി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകള്‍ ഈ പ്രദേശത്ത് കൃഷി ചെയ്തുവരുന്നു. മുഖ്യവിളകള്‍ നെല്ലും തെങ്ങുമാണ്. കുട്ടനാടിനോട് തൊട്ടുകിടക്കുന്നുവെങ്കിലും അപ്പര്‍ കുട്ടനാടിന്റെ പരിധിയിലാണ് വരുന്നത്. പഞ്ചായത്തിന്റെ ജനസംഖ്യയില്‍ 70 ശതമാനവും കൃഷിയെയും അനുബന്ധ മേഖലയെയും ആശ്രയിച്ചുകഴിയുന്നവരാണ്. പഞ്ചായത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ജലഗ്രഹണശേഷി കുറഞ്ഞ ചൊരിമണലാണ്. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ എക്കലും ചെളിയും ചേര്‍ന്ന പശിമരാശി മണ്ണാണ്. മണ്ണ് ഫലപുഷ്ടിയുള്ളതാണെങ്കിലും തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കം തുടരെത്തുടരെയുള്ള കൃഷിനാശങ്ങള്‍ക്ക് കാരണമാകുന്നു. മുന്‍കാലങ്ങളില്‍ എള്ളും ഈ പ്രദേശത്തെ ഒരു പ്രധാന വിളയായിരുന്നു. പഞ്ചായത്തിലെ 2 വില്ലേജുകളിലായി കുരട്ടിശ്ശേരിയില്‍ 1440 ഏക്കര്‍ പുഞ്ചയും 40 ഏക്കര്‍ ഇരുപ്പുകൃഷിയും മാന്നാറില്‍ 362 ഏക്കര്‍ പുഞ്ചയും 120 ഏക്കര്‍ ഇരൂപ്പുകൃഷിയും നിലവില്‍ കൃഷി ചെയ്യുന്നു. ഇരൂപ്പൂകൃഷി 420 ഏക്കറില്‍ നിന്നും 165 ഏക്കറായി ചുരുങ്ങി. വാഴകൃഷി ഇടവിളയായും തനിവിളയായും കൃഷി ചെയ്തുവരുന്നു. ഏത്തവാഴ, ഞാലിപ്പൂവന്‍ , പാളയന്‍കോടന്‍ , കൂമ്പില്ലാക്കണ്ണന്‍ , റോബസ്റ്റ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ 3162 ഏക്കര്‍ കൃഷിസ്ഥലങ്ങളില്‍ 2062 ഏക്കറില്‍ നെല്ലുകൃഷിയും 1100 ഏക്കറില്‍ നാളീകേരവും ബാക്കി സ്ഥലത്ത് മിശ്രിത കൃഷിരീതിയുമാണ് അവലംബിച്ചിരിക്കുന്നത്.

വ്യവസായം

മാന്നാര്‍ പഞ്ചായത്തില്‍ ചെറുതും വലുതുമായ 92 വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നോ രണ്ടോ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന ചെറുയൂണിറ്റുകള്‍ മുതല്‍ ആധുനിക വ്യവസായ യൂണിറ്റായ അലിന്‍ഡ് സ്വിച്ച് ഗിയര്‍ ഡിവിഷന്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ വ്യവസായ മേഖലയിലാകെ 3000-ത്തിലേറെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. മാന്നാറിന്റെ സാമ്പത്തികഘടനയെ പ്രധാനമായി നിയന്ത്രിക്കുന്നത് ഓട്ടുപാത്ര വ്യവസായമാണ്. നുറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഓട്ടുപാത്ര നിര്‍മ്മാണത്തില്‍ അഖിലേന്ത്യ പ്രശസ്തിയാര്‍ജ്ജിച്ച നാടാണ് മാന്നാര്‍. ഇവിടെ നിര്‍മ്മിച്ച വെങ്കല ശില്പങ്ങള്‍ ലണ്ടന്‍ മ്യൂസിയത്തില്‍ പോലും പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഓടു കൊണ്ടുള്ള വാര്‍പ്പ്, ഉരുളി, പള്ളിമണികള്‍, സ്കൂളിലേക്കാവശ്യമായ ചേങ്കല, ഇസ്തിരിപ്പെട്ടി, പലതരം വിളക്കുകള്‍ , വിഗ്രഹങ്ങള്‍ , പൂജാപാത്രങ്ങള്‍ തുടങ്ങിയവ ഇവിടെ നിര്‍മ്മിക്കുന്നു. സുന്ദരമായ വെങ്കല ശില്പങ്ങള്‍ , ആറന്മുള കണ്ണാടി എന്നിവ നിര്‍മ്മിക്കുന്ന വിദഗ്ദ്ധ തൊഴിലാളികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാന്നാറിന്റെ മാത്രം പ്രത്യേകതയായ വെങ്കലത്തില്‍ മാത്രം നിര്‍മ്മിക്കാന്‍ കഴിയുന്ന കിണ്ണന്‍ ഇവിടെ നിര്‍മ്മിച്ചിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തേതെന്നു പറയാവുന്ന സതേണ്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് റോളിംഗ് മില്‍ , മെറ്റല്‍ ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസ്, മാന്നാര്‍ അലൈഡ് ഇന്‍ഡസ്ട്രീസ് എന്നീ റോളിംഗ് മില്ലുകള്‍ പ്രവര്‍ത്തിക്കുന്നു. മിനി ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റില്‍ 10 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണവും റിപ്പയറിംഗും നടത്തുന്ന ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. കൂടാതെ ബെല്‍ മെറ്റല്‍ , ബനിയന്‍ നിര്‍മ്മാണം മുതലായ 4 യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തിക്കുന്നു. ഇവിടെയെല്ലാം കൂടി 45 തൊഴിലാളികള്‍ പണിയെടുക്കുന്നു. ഇഷ്ടിക നിര്‍മ്മാണ രംഗത്ത് 1000-ത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. കയര്‍ വ്യവസായത്തില്‍ 100-ഓളം തൊഴിലാളികള്‍ പണിയെടുക്കുന്നു. വന്‍കിട സ്ഥാപനമായ അലൂമിനിയം ഇന്‍ഡസ്ട്രീസ് (അലിന്‍ഡ്) സ്വിച്ച് ഡിവിഷന്‍ 1970-ല്‍ ഉത്പ്പാദനം ആരംഭിച്ചു.

അടിസ്ഥാനമേഖലകള്‍

മാന്നാര്‍ പഞ്ചായത്തില്‍ 12 വാര്‍ഡുകളിലായി 220 റോഡുകളുണ്ട്. മാന്നാറില്‍കൂടി 70-ല്‍പ്പരം പ്രൈവറ്റ് ബസുകളും ഇരുപത്തിയഞ്ചോളം കെ എസ് ആര്‍ റ്റി സി ബസ്സുകളും സര്‍വീസ് നടത്തുന്നു. ഒരു നൂറ്റാണ്ടു മുമ്പുതന്നെ വിദ്യാഭ്യാസത്തിന്റെ മഹത്വം കണ്ടറിഞ്ഞ നാടാണ് മാന്നാര്‍.  അക്കാലത്ത് തിരുവല്ലയിലും മാവേലിക്കരയിലും ഇംഗ്ളീഷ് വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. 1904-ല്‍ ആരംഭിച്ച മാന്നാര്‍ നായര്‍ സമാജം ഇംഗ്ളീഷ് ഹൈസ്കൂള്‍ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാനമായി മാറി. മൂന്നു ഹൈസ്കൂളുകളും ഒരു ട്രെയിനിംഗ് സ്കൂളും പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ടു. പത്ത് എല്‍ പി സ്കൂളുകളും രണ്ട് യു.പി.സ്കൂളുകളും മാന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മാന്നാര്‍ പഞ്ചായത്തില്‍ ഗവണ്‍മെന്റ് അലോപ്പതി, ആയൂര്‍വേദ, ഹോമിയോ ആശുപത്രികള്‍ നിലവിലുണ്ട്. സ്വകാര്യ പൊതുജനാരോഗ്യ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 1940-കളില്‍ ആരംഭിച്ച മാന്നാര്‍ പി.എച്ച്.സെന്ററാണ് ഈ പഞ്ചായത്തിലെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്നു.