മാന്നാര്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാന്നാര്‍. മാന്നാര്‍ , കുരട്ടിശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന മാന്നാര്‍ ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. 4437.51 ഏക്കറാണ് മാന്നാര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. തിരുവിതാംകൂറില്‍ 1940-കളില്‍ അനുവദിക്കപ്പെട്ട നാലഞ്ചു വില്ലേജു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അച്ചന്‍കോവിലാറും വടക്കുഭാഗത്ത് പമ്പാനദിയും കിഴക്കുഭാഗത്ത് കുട്ടമ്പേരൂരാറും ഒഴുകുന്നു. മുഖ്യവിളകള്‍ നെല്ലും തെങ്ങുമാണ്. കുട്ടനാടിനോട് തൊട്ടുകിടക്കുന്നുവെങ്കിലും അപ്പര്‍ കുട്ടനാടിന്റെ പരിധിയിലാണ് വരുന്നത്. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍, ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി നടത്തിയ നൂറ് യാഗങ്ങളിലൊന്ന് ഇവിടെയുള്ള തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നുവെന്നും ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് ചക്രവര്‍ത്തി ഈ സ്ഥലത്തിനെ മാന്ധാതാപുരം എന്നു പേരു നല്‍കുകയും ചെയ്തുവത്രെ. പില്‍ക്കാലത്ത് മാന്ധാതാപുരം ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ഓട്ടുപാത്ര നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാണം, ശില്പകല തുടങ്ങിയ മേഖലകളിലെ മാന്നാറിന്റെ പുരാതന പാരമ്പര്യം പ്രസിദ്ധമാണ്.