പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

ആലപ്പുഴ-എറണാകുളം ബോട്ടുചാലിനു പടിഞ്ഞാറുവശത്തായി മുടക്കനാന്‍ തോടിനു തെക്കുഭാഗത്തായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ചതുപ്പും ചെളിയും കലര്‍ന്ന ഭൂഭാഗവും അതിന് തൊട്ടുപടിഞ്ഞാറു 3 ച.മീ ചെളിപ്രദേശവും വളക്കൂര്‍ ഉള്ളതുമായ മണല്‍ പ്രദേശവും, ചൊരി മണല്‍ പ്രദേശവും ചേര്‍ന്ന് പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ചരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. പെയ്യുന്ന ജലം പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകി വേമ്പനാട്ട് കായലില്‍ പതിക്കുന്നു. വേമ്പനാട്ട് കായലില്‍ ഓരുവെള്ളം കയറുന്നതുമൂലം 4 മാസക്കാലം കായലിനോടുചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് കുടിവെള്ളം ലഭിക്കാതെയും യാതൊരു കൃഷിയും ചെയ്യാന്‍ നിവര്‍ത്തിയില്ലാതെയും ദുരിതത്തിലാകുന്നു. പരമ്പരാഗത നെല്‍കൃഷിക്ക് ഉപയുക്തമായതും പടിഞ്ഞാറന്‍മേഖലകളില്‍ അങ്ങിങ്ങായി കിടക്കുന്നതുമായ പാടങ്ങള്‍ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് സമതലപ്രദേശമാണെന്ന് പറയാം. ഭൂമിശാസ്ത്രപരമായി കിഴക്കോട്ടുചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഒറ്റനോട്ടത്തില്‍ അത് ബോധ്യമാവുകയില്ല. കിഴക്കുഭാഗത്തുള്ള വേമ്പനാട്ടു കായല്‍ 4153 ഏക്കര്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നു. പെരുംതുരുത്ത് കരിയിലും മണ്ണഞ്ചേരി തെക്കേകരിയിലുമാണ് നെല്‍കൃഷി നടക്കുന്നത്. ഇവ രണ്ടും ഇരിപ്പുനിലങ്ങളാണ്. ബാക്കിയുള്ള കരഭാഗങ്ങളില്‍ 450 ഏക്കര്‍ നിലം ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിന് പടിഞ്ഞാറുവശത്ത് തെക്കുവടക്കായും അങ്ങിങ്ങായും ചിതറിക്കിടക്കുന്നു. ഈ പാടശേഖരങ്ങളില്‍ പാരമ്പര്യനെല്‍കൃഷി ചെയ്തുവരുന്നു. പ്രകൃതിയെ ആശ്രയിച്ചു മാത്രം നെല്‍കൃഷി നടത്തുന്ന പ്രദേശമാണിത്. പ്രധാനവിളയായ തെങ്ങ് 3100 ഏക്കര്‍ സ്ഥലത്തു കൃഷി ചെയ്യുന്നതായി കാണാം. ഇടവിളയായി പയര്‍, പച്ചക്കറികള്‍, വാഴ, മരച്ചീനി, കുരുമുളക്, പ്ളാവ്, കശുമാവ്, നാടന്‍മാവ്, അടയ്ക്കാ, ചേമ്പ്, കാച്ചില്‍, സപ്പോട്ട ഇവ കൃഷി ചെയ്യുന്നു.  ഗ്രാമപഞ്ചായത്തിലെ മുഖ്യകൃഷി തെങ്ങു തന്നെയാണ്.

 അടിസ്ഥാനമേഖലകള്‍

1947 കാലഘട്ടത്തില്‍ പഞ്ചായത്തില്‍ 4-ാം ക്ളാസ്സ് വരെയുള്ള മണ്ണഞ്ചേരി സ്ക്കൂളും, 7-ാം ക്ളാസ്സ് വരെയുള്ള കലവൂര്‍ സ്ക്കൂളുമാണുണ്ടായിരുന്നത്. നോര്‍ത്ത് ആര്യാട് സ്ക്കൂള്‍ ഇതേ കാലഘട്ടത്തില്‍ സ്ഥാപിതമായതാണ്. നിലവില്‍ പഞ്ചായത്തില്‍ 2 ഹൈസ്ക്കൂളുകള്‍ ഉണ്ട്. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാട് സ്ക്കൂള്‍ 2-ാം വാര്‍ഡിലും, കാവുങ്കല്‍ സ്ക്കൂള്‍ 3-ാം വാര്‍ഡിലും സ്ഥിതിചെയ്യുന്നു. ആരോഗ്യ-ചികിത്സാരംഗത്ത് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് പൊതുമേഖലയിലുള്ള ശുശ്രൂഷാകേന്ദ്രങ്ങളെയാണ്. സ്വകാര്യാശുപത്രികളും കുറവല്ല. അലോപ്പതി, ഹോമിയോ, ആയൂര്‍വേദം, സിദ്ധവൈദ്യം, യുനാനി എന്നീ മേഖലകളാണ് നിലവിലുള്ളത്. പഞ്ചായത്തില്‍ രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന് കലവൂര്‍ വടക്ക് നാലാം വാര്‍ഡിലും മറ്റൊന്ന് നേതാജിക്കു സമീപം 12-ാം വാര്‍ഡിലും സ്ഥിതിചെയ്യുന്നു. ഇവ കൂടാതെ തമ്പകച്ചുവട്, കാവുങ്കല്‍, പൊന്നാട് മേഖലകളില്‍ മാതൃ-ശിശു സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വ്യവസായങ്ങളുടെ കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള കയര്‍ബോര്‍ഡിന്റെ ഒരു സ്ഥാപനമാണ് ഇവിടെയുള്ളത്. സ്വകാര്യയുടമയില്‍ എടുത്തുപറയാന്‍ പറ്റുന്ന ഏക സ്ഥാപനം കേരള സ്പിന്നഴ്സ് മാത്രമാണ്. ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗതവ്യവസായം കയര്‍നിര്‍മ്മാണമാണ്. കയറും കയറുല്‍പ്പന്നങ്ങളുമാണ് ഇവിടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ കയര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് പഴയ ബോംബെ കമ്പനിയുടേയും, പിയേഴ്ലെസ്ളിയുടേയും സ്ഥാനത്താണ്. ഒരു വന്‍കിട വ്യവസായശാലയായ കേരളാ സ്പിന്നഴ്സും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യന്‍ കയര്‍ മാറ്റ്സ് കമ്പനി ഇവിടെ 11-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 1953-ല്‍ മണ്ണഞ്ചേരി പഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ മണ്ണഞ്ചേരിയില്‍ നിന്നും കലവൂരേക്കുള്ള 2 കിലോമീറ്റര്‍ റോഡു മാത്രമാണുണ്ടായിരുന്നത്. ഇതുപോലെ തന്നെ പഴക്കമുള്ള റോഡ് കാവുങ്കല്‍ നിന്നും വളവനാട്ടേക്കുള്ളതാണ്. 1953-ല്‍ പ്രദേശത്ത് റോഡുവികസനത്തിന് ആരംഭം കണ്ടുതുടങ്ങി. മണ്ണഞ്ചേരി കവലയില്‍ നിന്നും 400 മീറ്റര്‍ കിഴക്കോട്ട് മണ്ണഞ്ചേരി കടവ് വരെയുള്ള റോഡും 2 കിലോമീറ്റര്‍ ഡയറി ഫാം പൂന്തോപ്പ് റോഡും അക്കാലത്തെ പ്രധാനപ്പെട്ട റോഡുകളാണ്. ആശ്രമം-കൂറ്റുവേലി റോഡ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന മറ്റൊരു പ്രധാനറോഡാണ്. ഇതു നാഷണല്‍ ഹൈവേയുടെ സമാന്തരറോഡായി പി.ഡബ്ള്യു.ഡി പണിതീര്‍ത്തതാണ്.