മണ്ണഞ്ചേരി

ആലപ്പുഴ-എറണാകുളം ബോട്ടുചാലിനു പടിഞ്ഞാറുവശത്തായി മുടക്കനാന്‍ തോടിനു തെക്കുഭാഗത്തായി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ ആര്യാട് ബ്ളോക്കിലാണ് മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണഞ്ചേരി വല്ലേജ് പൂര്‍ണ്ണമായും കോമളപുരം വില്ലേജ് ഭാഗികമായും ഉള്‍പ്പെട്ടുവരുന്ന മണ്ണഞ്ചേരി സാമാന്യം വിസ്തൃതിയുള്ള ഒരു സ്പെഷ്യല്‍ ഗ്രേഡ് ഗ്രാമപഞ്ചായത്താണ്. 34.52 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 23 ആണ്. തെക്കുഭാഗത്ത് ആര്യാട് പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് മാരാരിക്കുളം സൌത്ത് പഞ്ചായത്ത്, വടക്കുഭാഗത്ത് മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകള്‍, കിഴക്കുഭാഗത്ത് വേമ്പനാട്ടുകായല്‍ എന്നിങ്ങനെയാണ് പഞ്ചായത്തിന്റെ അതിരുകള്‍. മണ്ണഞ്ചേരിഎന്ന സ്ഥലനാമവുമായി പൊരുത്തപ്പെടുന്ന ഐതിഹ്യകഥകളോ, പൌരാണികചരിത്രവിവരങ്ങളോ വലുതായി അവകാശപ്പെടാനില്ലാത്ത പ്രദേശമാണിത്. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ സ്ഥാനം നേടിയ കണ്ണര്‍കാട് പ്രദേശം ഇവിടെയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും വലിയ നേതാവായിരുന്ന പി.കൃഷ്ണപിള്ള സര്‍പ്പദംശനമേറ്റ് മരണമടഞ്ഞത് 1946 ആഗസ്റ്റ് 19-ന് ഈ ഗ്രാമത്തില്‍ വെച്ചാണ്. പുന്നപ്ര-വയലാര്‍ സമരത്തിനോട് അനുബന്ധിച്ച് വെടിവെയ്പ്പ് നടന്ന മാരാരിക്കുളം സ്ഥിതിചെയ്യുന്നത് മണ്ണഞ്ചേരി പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തായാണ്. പുന്നപ്ര-വയലാര്‍ സമരസേനാനികളെ സംഘടിപ്പിച്ച് സമരത്തിന് ആഹ്വാനം ചെയ്തത് ഈ പഞ്ചായത്തിലുള്ള വലിയ വീട് ക്ഷേത്രമൈതാനിയില്‍ വെച്ചായിരുന്നു. മണ്ണഞ്ചേരി ഗ്രാമം സമതല പ്രദേശമാണെന്ന് പറയാം. ഭൂമിശാസ്ത്രപരമായി കിഴക്കോട്ടു ചെരിഞ്ഞാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഒറ്റ നോട്ടത്തില്‍ അത് ബോധ്യമാവുകയില്ല.