ചരിത്രം

സാമൂഹ്യചരിത്രം

സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിക്കുന്ന ഭാരതപ്പുഴയുടെ തീരത്തെ “മണ്‍തുരുത്ത്” ആണത്രെ മങ്കരയായി അറിയപ്പെട്ടത്. ആദ്യകാലത്ത് വള്ളുവനാട് രാജാവിന്റെ അധീനതയിലായിരുന്നു ഇന്നീ പഞ്ചായത്തില്‍ കാണുന്ന പ്രദേശങ്ങള്‍. രാജാവിന്റെ പ്രതിനിധികളായി ചില ജന്മികുടുംബക്കാരായിരുന്നു ഭരണം നടത്തിയിരുന്നത്. പാലക്കാടിന്റെയും, വള്ളുവനാടിന്റെയും സമ്മിശ്ര സംസ്ക്കാരമാണ് മങ്കര ഗ്രാമത്തിനുള്ളത്. വള്ളുവകോനാതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ഈ പ്രദേശം പില്‍ക്കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി. ഇടക്കാലത്ത് മലബാറില്‍ ടിപ്പു ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഈ പ്രദേശവും ടിപ്പുവിന്റെ അധീനതയിലാവുകയുണ്ടായി. മറ്റു പലയിടങ്ങളിലും നിര്‍മ്മിച്ചതുപോലൊരു കോട്ട, സുല്‍ത്താന്‍ ഹൈദരാലി മങ്കരയിലും നിര്‍മ്മിക്കുകയുണ്ടായി. മങ്കരക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രസ്തുത ചരിത്രസ്മാരകം നിന്നിരുന്നിടത്ത് ഇപ്പോള്‍ ഒരു ഗവ.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. ഇതിനു പരിസരത്ത് ഇപ്പോഴും കൊട്ടയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. കരിമ്പനക്കൂട്ടങ്ങളും സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ മലകളും ഭാരതപ്പുഴയുമെല്ലാം ചേര്‍ന്ന് സമ്പന്നമാക്കിയ ഹരിതഭംഗിയുള്ള കാര്‍ഷികഗ്രാമമാണിത്. 20-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം വരെ ആര്യമാലയും ഹരിശ്ചന്ദ്രനാടകവും പൊറാട്ടുകളിയും കൊണ്ട് നിദ്രാവിഹീനങ്ങളാക്കിയ രാവുകളായിരുന്നു ഈ ഗ്രാമത്തിന്റേത്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ പ്രതിഷ്ഠിച്ച അനേകം ചെറിയ കോവിലുകള്‍ പാലക്കാടന്‍ ഗ്രാമങ്ങളുടെ ഒരു പ്രത്യേകതയാണ്. അവിടെ നല്ലമ്മപ്പാട്ട് എന്ന നാടന്‍ പേരില്‍ അറിയപ്പെടുന്ന കണ്ണകി-കോവിലന്മാരുടെ കഥയെ അടിസ്ഥാനമാക്കിയുള്ള കോവിലന്‍ ചരിത്രം, ഭഗവതിപ്പാട്ടുരൂപത്തില്‍ ഉത്സവമായി നടത്തുന്ന രീതി ഇന്നും നിലനില്‍ക്കുന്നു. സര്‍പ്പക്കാവുകളിലെ കളംപാട്ടും കളമെഴുത്തും ഇന്നും ഇവിടങ്ങളില്‍ നടത്താറുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനരൂപത്തിലുള്ളൊരു കളിയാണ് കാവുവേലകള്‍ക്കു കെട്ടിനടത്തുന്ന “പറയപൂതം”. കളരിപ്പണിക്കന്മാരായിരുന്നു പണ്ടുകാലത്ത് ഈ പ്രദേശത്ത് അക്ഷരവിദ്യ പഠിപ്പിച്ചിരുന്നത്. ഓരോ ദേശത്തും ഓരോ കളരിപ്പണിക്കര്‍ കുടുംബമായിരുന്നു ആ പ്രദേശത്തെ ഗുരുനാഥന്‍മാര്‍. എഴുത്താണിയും ഓലയുമായി കുട്ടികള്‍ ഗുരുനാഥന്‍മാരുടെ വീട്ടിലേക്ക് പോകും. മണലില്‍ വിരല്‍കൊണ്ട് എഴുതിച്ച് കുട്ടികളെ ഗുരുക്കന്‍മാര്‍ അക്ഷരങ്ങള്‍ പഠിപ്പിക്കും. അക്ഷരം പഠിച്ചുകഴിഞ്ഞാല്‍ “അമരകോശം” തുടങ്ങിയ സംസ്കൃത വ്യാകരണഗ്രന്ഥങ്ങളായിരുന്നു പഠിപ്പിച്ചിരുന്നത്. അതിനെ തുടര്‍ന്ന് പഠിപ്പിച്ചിരുന്നത് പുരാണങ്ങളും മഹാകാവ്യങ്ങളുമാണ്. ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രചാരത്തിലാവുന്നതുവരെ ഇതായിരുന്നു ഈ ഗ്രാമത്തിന്റെയും അയല്‍നാടുകളിലേയും വിദ്യാഭ്യാസരീതി. ആയുര്‍വേദ പാരമ്പര്യചികിത്സാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഒട്ടേറെ പ്രശസ്തവ്യക്തികള്‍ മങ്കരയിലുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ജാതിവിവേചനവും അയിത്തവും മറ്റ് അസമത്വങ്ങളും ഇവിടെ നിലനിന്നിരുന്നു. നവോത്ഥാനകാലഘട്ടത്തോടെ അതിന് കാതലായ മാറ്റം വന്നു. അതിന്റെ ഫലമായുണ്ടായ ഒരു മതനിരപേക്ഷ സംസ്ക്കാരമാണ് ഇന്ന് മങ്കരയ്ക്കുള്ളതെന്ന് പറയാം. ബ്രിട്ടീഷ് ആധിപത്യകാലത്താകട്ടെ ചില ഫ്യൂഡല്‍ പ്രഭുക്കന്‍മാരായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നതും ഇവിടുത്തുകാരെ വരുതിയിലാക്കി ഭരിച്ചിരുന്നതും. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ രാഷ്ട്രം ഉരുകിത്തിളക്കുമ്പോള്‍ ചില സമരസ്ഫുലിംഗങ്ങള്‍ മങ്കരയിലും ഉണ്ടാകാതിരുന്നില്ല. 1964-ല്‍ മദ്യനിരോധനം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഇവിടെയുള്ള ചെത്തുതൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയുണ്ടായി. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭം നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമര കാലയളവിലും പിന്നീടുണ്ടായ നവോത്ഥാന കാലഘട്ടത്തിലും മാറ്റത്തിന്റെ വലിയ വെളിച്ചം ഉള്‍ക്കൊള്ളാന്‍ മങ്കരക്കു കഴിഞ്ഞിട്ടുണ്ട്. “ഖസാക്കിന്റെ ഇതിഹാസം” എന്ന വിഖ്യാത സാഹിത്യകൃതിയുടെ സ്രഷ്ടാവായ ഒ.വി.വിജയന്റെ ജന്മം കൊണ്ട് ധന്യമായ ഗ്രാമം മങ്കര പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലെത്തിയ ഏക മലയാളിയായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ജനിച്ചതും ഈ നാട്ടിലാണ്. ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും, ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയും സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇംഗ്ളണ്ടില്‍ ചെന്ന് കേസ് വാദിക്കുകയുണ്ടായി. സര്‍ സി.ശങ്കരന്‍ നായരാല്‍ സ്ഥാപിക്കപ്പെട്ട സ്കൂളായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. 1956-വരെ മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായ തെക്കേ മലബാറിലെ ഒരു പാലക്കാടന്‍ ഉള്‍ഗ്രാമമായിരുന്നു മങ്കര. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി അഞ്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മങ്കര ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ളസ്ടു വരെയുള്ള പഠനം സാധ്യമാണ്. കല്ലൂര്‍, കണ്ണമ്പിരിയാരം എന്നിവിടങ്ങളില്‍ എല്‍.പി.സ്കൂളുകളും മാങ്കുറിശ്ശിയില്‍ ഒരു യു.പി.സ്കൂളും സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. “നിര്‍മ്മല്‍ പുരസ്കാര്‍” 2008-’09 വര്‍ഷം ലഭിച്ചത് മങ്കര പഞ്ചായത്തിനാണ്.

സാംസ്കാരികചരിത്രം

വള്ളുവകോനാതിരിയുടേയും, സാമൂതിരിയുടേയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന് അധീനപ്പെട്ടതോടെ മങ്കരയും ബ്രിട്ടീഷ് ഭരണത്തിലായി. ബ്രിട്ടീഷ് ഭരണത്തോടെ നാടുവാഴികളുടെ ഭൂമി അളന്നു തിട്ടപ്പെടുത്തി. ഇതോടെ നാടുവാഴികള്‍ ഭുമിയുടെ ഉടമസ്ഥരായി മാറി. അതോടെയാണ് ജന്മി സമ്പ്രദായം നിലവില്‍ വന്നത്. ജന്മിമാരില്‍ നിന്നും ഭൂമി പാട്ടത്തിനെടുത്തവരെ കുടിയാന്‍മാരെന്നും വിളിച്ചുവന്നു. നികുതിപിരിവിനും മറ്റു ചില ആവശ്യങ്ങള്‍ക്കുമായി അധികാരിമാരെ ചുമതലപ്പെടുത്തി. എഴുത്തച്ഛന്‍, തണ്ടാന്‍, ചെട്ടി, പാണര്‍, പറയര്‍, നായന്മാര്‍, മണ്ണാന്‍, ചെറുമന്‍, വടുകന്‍, നായാടി, കുശവന്‍, കുമ്പളന്‍, വിശ്വകര്‍മ്മ, കളരികണിയാര്‍, കുറുപ്പ്, ആജി, ആന്ധ്രക്കാര്‍, പണ്ടാരം, ഈഴവര്‍, ബ്രാഹ്മണര്‍ തുടങ്ങി ഒട്ടെല്ലാ ഹിന്ദുസമുദായങ്ങളും, അവരെ കൂടാതെ ഇസ്ളാംമത വിശ്വാസികളും ഇവിടെ വളരെ പണ്ടുമുതല്‍ തന്നെ അധിവസിച്ചുവരുന്നു. തമിഴ് മാതൃഭാഷയായി സ്വീകരിച്ച ബ്രാഹ്മണര്‍ അധിവസിച്ചിരുന്ന അഗ്രഹാരങ്ങളും, വ്യത്യസ്ത സമുദായങ്ങള്‍ അധിവസിച്ചിരുന്ന തറകളും ഇന്നും പൂര്‍ണ്ണമായി നാമാവശേഷമായിട്ടില്ല. കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ സമുദായങ്ങളും കൂട്ടം കൂട്ടമായി അധിവസിച്ചിരുന്നുവെന്നത് ഒരു പ്രത്യേകതയാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങളും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ആഘോഷങ്ങളും വിവാഹം തുടങ്ങിയ ചടങ്ങുകളും പ്രത്യേകം പ്രത്യേകം നടത്തിയിരുന്നു എന്നു മാത്രമല്ല, മറ്റു വിഭാഗങ്ങള്‍ പങ്കെടുത്തിരുന്നുമില്ല. 1936-ലെ പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തോടു കൂടി മലബാറിലും ചലനങ്ങള്‍ ഉണ്ടായി. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഉച്ചാടനം ചെയ്യുന്നതിനും ക്ഷേത്രപ്രവേശനം നടപ്പിലാക്കുന്നതിനും നിരവധി പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കപ്പെട്ടു. തിരുവില്വാമല ക്ഷേത്രമായിരുന്നു പ്രക്ഷോഭണകേന്ദ്രമായി അക്കാലത്ത് തെരഞ്ഞെടുത്തിരുന്നത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിക്കിടന്ന ഒരു ജനതതിയാണ് ഇവിടെ ഉണ്ടായിരുന്നത്. മാടന്‍, മറുത, പേ, പ്രേതം, മുണ്ടിയന്‍, ഒടിയന്‍, മുത്തന്‍, മുത്തി എന്നിങ്ങനെ പ്രപഞ്ചാതീത ശക്തികളുണ്ടെന്നും അവകളുടെ പ്രസാദവും, അനുഗ്രഹവും നേടേണ്ടതാവശ്യമാണെന്നും പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. അന്ധവിശ്വാസങ്ങള്‍ ഇന്നും തീരെ ഇല്ലാതില്ല. പണ്ടുകാലത്ത് കൊതി പെടുക, കൈകാലുകഴപ്പ്, ക്ഷീണം, ശരീര തളര്‍ച്ച എന്നിവയ്ക്ക് ഊതുകയും ജപിച്ചുകെട്ടുകയും ചെയ്തിരുന്ന സമ്പ്രദായം ഇന്നും ചിലരെങ്കിലും തുടരുന്നുണ്ട്. പേപ്പട്ടിവിഷത്തിനും പാമ്പുവിഷത്തിനും പഴയ സമ്പ്രദായങ്ങളിലുള്ള അന്ധവിശ്വാസമുറകള്‍ ഇല്ലാതില്ല. മഞ്ഞപ്പിത്തത്തിനു ചെറുനാരങ്ങാ നീരില്‍ ഊതികുടിക്കുന്ന രീതി ഉണ്ടായിരുന്നു. മേടമാസാരംഭത്തിലാണ് ഉത്സവങ്ങള്‍ കൊണ്ടാടുന്നത്. കര്‍ഷകരും, കൃഷിത്തൊഴിലാളികളും കൂടുതലായി പങ്കെടുത്തിരുന്ന കതിരുകാളയുടേയും, പൊയ്ക്കുതിരയുടേയും സ്ഥാനത്ത് ഇന്ന് ബാന്റും വാദ്യങ്ങളും നിറഞ്ഞിരിക്കുന്നു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഇന്നു ക്ഷേത്രകലകളല്ലാതെ കഥാപ്രസംഗം, നാടകം, സമൂഹബാലെ എന്നിവ നടത്തികാണുന്നില്ല. പാന, പാട്ട്, ഭഗവതിപാട്ട് എന്നിവയൊക്കെ നടത്തിവരാറുണ്ട്. വസ്ത്രധാരണരംഗത്ത് ആദ്യകാലങ്ങളില്‍ കുട്ടികള്‍ കൌപീനവസ്ത്രധാരികളും ഒറ്റതോര്‍ത്തുധാരികളുമായിരുന്നു. പിന്നോക്കക്കാരും പട്ടികജാതിക്കാരും വെളുത്ത മുണ്ടു ധരിക്കുവാന്‍ അവകാശമുളളവരായിരുന്നില്ല. നല്ല മുണ്ടും, സാരിയും, ബ്ളൌസും മുന്നോക്കക്കാര്‍ക്കും സവര്‍ണ്ണര്‍ക്കും മാത്രമേ പാടുള്ളു എന്നതായിരുന്നു സവര്‍ണ്ണരുടെ ചട്ടം. കീഴാള സ്ത്രീകള്‍ മാറു മറച്ചു പാടത്തു പണിക്കു പോകാന്‍ പാടില്ലായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെയും, അതോടനുബന്ധിച്ച് പടര്‍ന്നുപന്തലിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയാടെയാണ് ഇത്തരം നെറികേടുകള്‍ക്ക് അറുതി വന്നത്. പിന്നോക്കക്കാരുടെ കാലാരൂപങ്ങളായ മലമക്കളി, കോല്‍ക്കളി, ആര്യന്‍മാലക്കളി, പൂതന്‍തിറ എന്നിവയെല്ലാം ഇന്ന് ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് കഥാപ്രസംഗം, നൃത്തനൃത്ത്യങ്ങള്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും പുരാണകഥകളെ ആസ്പദമാക്കിയുള്ള സാമൂഹ്യ സംഗീത നാടകരൂപമായ ബാലെയും, ഓട്ടന്‍തുളളലും, കഥകളിയും ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ ആ കലാരൂപങ്ങളും ക്ഷയിക്കാന്‍ തുടങ്ങി. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 5 ക്ഷേത്രങ്ങളും 4 മുസ്ലീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. മാങ്കുറിശ്ശി ക്ഷേത്രം, ത്രിപ്പംകുന്ന് ശിവക്ഷേത്രം, കാളികാവ് ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍. കാളികാവ് വേല പ്രസിദ്ധമാണ്. കാരാട്ടുപറമ്പ് പള്ളി, മാങ്കുറിശ്ശി പള്ളി, കല്ലൂര്‍പള്ളി എന്നിവയാണ് പ്രധാനപ്പെട്ട മുസ്ളീം ആരാധനാലയങ്ങള്‍. ദേവികലാസമിതി എന്നാരു സാംസ്കാരികസ്ഥാപനത്തിന്റെ കീഴില്‍ ഒരു വായനശാല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചാരിമേളം അവതരിപ്പിക്കുന്ന ഒരു സ്ഥാപനവും പഞ്ചായത്തിലുണ്ട്. “ഖസാക്കിന്റെ ഇതിഹാസം” എന്ന വിഖ്യാത സാഹിത്യകൃതിയുടെ സ്രഷ്ടാവായ ഒ.വി.വിജയന്റെ ജന്മം കൊണ്ട് ധന്യമായ ഗ്രാമം മങ്കര പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.