ചരിത്രം

സാമൂഹ്യചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശമാണ് മങ്കട. മങ്കട, കൂട്ടില്‍ പ്രദേശങ്ങളിലെ ഐരുമടകള്‍, ഇരിങ്ങാട്ടുപറമ്പിലെ ചെങ്കല്‍ക്വാറികള്‍, പണിക്കരുകുന്നിലെ എടുത്തുകുത്തി കല്ല്, പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്ന് അനുമാനിക്കുന്ന ചേരിയം ദേശത്തെ മാണിയോട്ടുപറമ്പ് ക്ഷേത്രം, കൊടക്കാട്ടു നായന്മാരുടെ ഊരാണ്മയിലായിരുന്ന കൂട്ടില്‍ ശിവക്ഷേത്രം, പുരാതനമായ കടന്നമണ്ണ ജുമാഅത്ത് പള്ളി, ചന്തക്കുളം എന്നിവ മങ്കടയുടെ പൌരാണികചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൈത്തിരികളാണ്. ഐതിഹ്യങ്ങളുടെ ചുവടു പിടിച്ച്, പിന്നോട്ടു പോയാല്‍ ചെന്നെത്തി നില്‍ക്കുന്നത്, നൂറ്റാണ്ടുകള്‍ക്കു മുമ്പ് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്ര ഭൂമികയിലാണ്. യുദ്ധസന്നാഹങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നങ്കിലും, 13-ഉം, 14-ഉം നൂറ്റാണ്ടുകളിലെ തുടര്‍ച്ചയായുള്ള യുദ്ധങ്ങളില്‍ പരാജയം സാമൂതിരിക്കായിരുന്നു. തന്റെ ഗുരുവായ വില്വമംഗലത്തിന്റെ ഉപദേശപ്രകാരം, വള്ളുവനാട്ടുരാജാവിന്റെ പരദേവതയായ തിരുമാന്ധാംകുന്നില്‍ ഭഗവതിയെ, സാമൂതിരി കോഴിക്കോട്ട് പ്രതിഷ്ഠിച്ചതോടെയാണ് സാമൂതിരിയ്ക്ക് വള്ളുവനാടിനു മേല്‍ വിജയങ്ങള്‍ കൈവരാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം. പിന്നീടുള്ള ചരിത്രം വള്ളുവനാട്ടുകര രാജാവിന്റെ പരാജയത്തിന്റെ കഥയാണ്. താവളം നഷ്ടപ്പെട്ട വള്ളുവനാട് രാജാവും കുടുംബാംഗങ്ങളും താമസിയാതെ, മലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് താമസമുറപ്പിച്ചു. ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും മുന്‍പന്തിയില്‍ നിന്നിരുന്ന താവഴി മങ്കടയിലും, ബാക്കി മൂന്നു താവഴി ആയിരനാഴി, കടന്നമണ്ണ, അരിപ്ര എന്നിവിടങ്ങളിലും താമസമുറപ്പിച്ചു. അതുമുതല്‍ ഈ ഗ്രാമത്തിന്റെയും ചരിത്രം ആരംഭിക്കുന്നു. എവിടെയുമെന്ന പോലെ ഇവിടെയും ഭൂമിയുടെ ഉടമസ്ഥത കൈയ്യടക്കിവച്ചിരുന്നത്, സവര്‍ണ്ണ ജന്മിമാരായിരുന്നു. എന്നാല്‍ മറ്റിടങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി, ഇവിടുത്തെ ജന്മി-കുടിയാന്‍ ബന്ധം കുറച്ചൊക്കെ സൌഹൃദാന്തരീക്ഷത്തിലുള്ളതായിരുന്നുവെന്ന് കേള്‍ക്കുന്നു. ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാര്‍ഗ്ഗം കൃഷിയും അതോടനുബന്ധിച്ച മറ്റു തൊഴിലുകളുമായിരുന്നു. പഴയകാല വള്ളുവനാട് രാജവംശത്തിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാണ് ഇന്നത്തെ മങ്കട പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. ആദ്യകാല വിദ്യാഭ്യാസകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടുന്ന കാലത്തു തന്നെ, സാമ്പത്തിക അസമത്വങ്ങളോ ജാതി-മത വിവേചനങ്ങളോ, പരിഗണനകളോ ബാധകമല്ലാതെ എല്ലാവര്‍ക്കും വിദ്യാലയ പ്രവേശനം നല്‍കിയിരുന്നുവെന്നത് ഈ പ്രദേശത്തിന്റെ മാത്രം സവിശേഷതയാണ്. അനാചാരങ്ങളും ദുരാചാരങ്ങളും നിലനിന്നിരുന്ന പഴയ കാലത്തെ സംബന്ധിച്ചിടത്തോളം ഇത് അചിന്തനീയമായ കാര്യമായിരുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്. 1921-ലെ മലബാര്‍ കലാപം കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന ഒരു പ്രദേശമാണ് ഈ പഞ്ചായത്ത്. ഹൈന്ദവസഹോദരന്‍മാരെ സംരക്ഷിക്കുന്നതില്‍ ഇവിടുത്തെ മുസ്ളീങ്ങള്‍ നിര്‍വ്വഹിച്ച പങ്ക് ആര്‍ക്കും വിസ്മരിക്കാനാവില്ല. കോയ അധികാരി, സ്വാത്വികനായ പി.ഉണ്ണീന്‍ മൌലവി, നെല്ലേങ്ങര ഉണ്ണീന്‍കുട്ടി തുടങ്ങിയവരായിരുന്നു ഇതിനു ചുക്കാന്‍ പിടിച്ചിരുന്നവര്‍. ഇതിനു പാരിതോഷികമായി മങ്കട കോവിലകത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണ് മങ്കട വലിയ ജുമാഅത്ത് പളളി. എന്നുമെന്നപോലെ ഇന്നും ഊനം തട്ടാതെ നിലനില്‍ക്കുന്ന ജാതി മത സൌഹാര്‍ദ്ദം മങ്കടയുടെ പ്രത്യേകതയാണ്.

വിദ്യാഭ്യാസചരിത്രം

19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലൊക്കെ മങ്കട കേന്ദ്രമായി കുടിപ്പള്ളിക്കൂടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങളിലൂടെ വിദ്യ പകര്‍ന്നുനല്‍കിയ ഗുരുനാഥന്മാരില്‍ എക്കാലവും സ്മരിക്കപ്പെടേണ്ട നാമമാണ് വേലു എഴുത്തച്ഛന്റേത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ തന്നെ ആധുനിക വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥാപിക്കപ്പെട്ടു തുടങ്ങിയിരുന്നു. ടോട്ടണ്‍ഹാം എലിമെന്ററി സ്കൂള്‍ അതിലൊന്നാണ്. ഈ സ്ഥാപനമാണ് 1906-ല്‍ പഞ്ചായത്തിലെ ആദ്യത്തെ പ്രൈമറി സ്കൂളായി മാറിയത്. ആ കാലത്തുതന്നെ ഓത്തുപള്ളിക്കൂടങ്ങളില്‍ അറബ് മലയാള ഭാഷാപഠനവും, പള്ളികളില്‍ തന്നെ നടത്തിയിരുന്ന ദര്‍സുകളില്‍ മതപഠനവും നടന്നിരുന്നതായി അറിയുന്നു. 1940-കളോടുകൂടി മദ്രസകള്‍ വ്യാപകമായിതുടങ്ങി. ആര്യനെഴുത്ത് (മലയാളം) നിഷിദ്ധമായി കരുതിയിരുന്ന അക്കാലത്തു തന്നെ, ഇവിടുത്തെ മുസ്ളീം സമുദായാംഗങ്ങളായ ചില വ്യക്തികള്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി മുന്നോട്ടു വന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. മങ്കട, കടന്നമണ്ണ, ആയിരനാഴി തുടങ്ങിയ കോവിലകങ്ങളിലെ സന്തതികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസ സൌകര്യങ്ങള്‍ ലഭിച്ചിരുന്നു. പണ്ഡിതന്‍മാരെ വച്ച്, ഇവര്‍ക്കു ശിക്ഷണം നല്‍കുന്നതിനായി, കോവിലകങ്ങളോടു ചേര്‍ന്ന് ശാസ്ത്രിമഠങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവിടെ തെക്കേമുറ്റത്ത് കോവിലകം കുട്ടികള്‍ക്കും, വടക്ക് സവര്‍ണ്ണകുട്ടികള്‍ക്കും, പടിഞ്ഞാറ് അവര്‍ണ്ണകുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം പഠനസൌകര്യം ഏര്‍പ്പെടുത്തിയിരുന്നുവത്രെ. ഈ ഘട്ടത്തിലാണ് 1906-ല്‍ മങ്കടയില്‍ ആദ്യമായി ഈ പ്രദേശത്തെ സാമൂഹ്യ സാംസ്കാരികോന്നതിക്ക് നിദാനമായ ആദ്യത്തെ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നത്. 1908-ല്‍ ഇത് യു.പി.സ്കൂളായി ഉയര്‍ത്തി. പിന്നീട് വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടോളം വിദ്യാലയങ്ങള്‍ കൂടി സ്ഥാപിച്ച്, മങ്കട എഡ്യൂക്കേഷന്‍ ലീഗ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. പിന്നീട് ഈ സ്ഥാപനങ്ങള്‍ താലൂക്ക് ബോര്‍ഡിനെ ഏല്‍പിച്ചുകൊടുത്തു.

സാംസ്കാരികചരിത്രം

പഴയ വള്ളുവനാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായിരുന്നു മങ്കട. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ലോകോത്തര കലയായ കഥകളിയും കളിയോഗവും മങ്കടയില്‍ പ്രചാരം സിദ്ധിച്ചിരുന്നു. നാട്ടെഴുത്തച്ഛന്‍മാരുടെ കീഴിലും വീടുകളില്‍ വെച്ച് പ്രത്യേകമായും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങളും സംഗീതം പോലുള്ള ലളിത കലകളും അഭ്യസിപ്പിച്ചിരുന്നു. പുന്നപ്പുഴ, മൂത്തേടത്ത് ഇല്ലങ്ങളുടെ സഹായത്താല്‍ ഒരുപാടു മുന്നാക്കക്കാര്‍ വിദ്യാഭ്യാസം നേടി ജീവിതവിജയം കൈവരിച്ചവരായുണ്ട്. കടന്നമണ്ണ കോവിലകത്തിന്റെ മുറ്റത്ത്, പല സ്ഥലങ്ങളിലായി സവര്‍ണ്ണരെയും അവര്‍ണ്ണരെയും വിളിച്ചുവരുത്തി വിദ്യാഭ്യാസം കൊടുത്തിരുന്നുവത്രെ. മങ്കടയുടെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനമാണ് പൊതുജനവായനശാല. 1940-കളുടെ അവസാനത്തില്‍ പത്തില്‍ ചുരുക്കം പേരുടെ ശ്രമഫലമായി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് ഈ ജില്ലയില്‍ ഏറ്റവും വലിയ സാംസ്കാരിക സ്ഥാപനങ്ങളില്‍ ഒന്നാണ്. ലളിതകലാരംഗത്തും നാടകരംഗത്തും ഈ പ്രദേശം മുന്‍തൂക്കം നേടിയിരുന്നു. 1982-ലെ സംഗീതനാടക അക്കാഡമി ജില്ലാനാടകോത്സവത്തില്‍ അംഗീകാരങ്ങള്‍ നേടിയ വി.എം.കൊച്ചുണ്ണി ഈ സാംസ്കാരിക സ്ഥാപനത്തിന്റെ സന്തതിയായിരുന്നു. മങ്കട കോവിലകത്തെ എം.സി.കൃഷ്ണവര്‍മ്മരാജ ടെന്നീസില്‍ മദ്രാസ് യൂണിവേഴ്സിറ്റി താരമായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്നു ഈ നാട്ടുകാരനായ കെ.അഹമ്മദലി. ആദ്യകാലയളവില്‍ തന്നെ സ്ഥാപിതമായ വെള്ളിമല വായനശാലയും ഇന്നാട്ടിലെ സാംസ്കാരികരംഗത്തെ പരിപോഷിപ്പിക്കുന്നതില്‍ മുന്നിട്ടു നിന്ന സ്ഥാപനമാണ്. നാടകകൃത്തും കവിയുമായ വെള്ളിലവാസു ഈ സ്ഥാപനത്തിന്റെ സൃഷ്ടിയാണ്. കൂട്ടില്‍ ശിവക്ഷേത്രം മങ്കട, കടന്നമണ്ണ, ആയിരനാഴി കോവിലകങ്ങളിലെ ക്ഷേത്രങ്ങള്‍, കര്‍ക്കിടത്തെ മൂത്തേടത്തു ക്ഷേത്രം, വിഭിന്ന ജാതിക്കാരുടെ ആരാധനാലയങ്ങള്‍, നൂറ്റാണ്ടുകള്‍ പിന്നിട്ട കടന്നമണ്ണ ജുമാഅത്ത് പള്ളി, മങ്കട ജുമാഅത്ത് പള്ളി, കൂട്ടില്‍ പള്ളി, വെള്ളില പള്ളി കരിമലയിലെ ക്രിസ്ത്യന്‍ ചര്‍ച്ച് എന്നിവയും കാലാകാലങ്ങളില്‍ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ചലച്ചിത്ര ഛായാഗ്രഹണത്തില്‍, പല തവണ ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയ മങ്കട രവിവര്‍മ്മ ഇന്നാടിന്റെ അഭിമാനമാണ്. കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട തനതുകലകളായ കാളപൂട്ട്, നായാട്ട്, പകിടകളി, കോല്‍ക്കളി, ചെറുമക്കളി എന്നിവയിലും, അനുഷ്ഠാനകലകളായ കളംപാട്ട്, പൂതംകളി, നായടിപൂതം, ചാലിയക്കുതിര, കാളകെട്ട്, പറപ്പൂതം എന്നിവയിലും ഈ നാട് പേരുകേട്ടതായിരുന്നു.