ചരിത്രം

ചരിത്രകാലത്ത് മണിമലയാറും ചരിത്രപ്രദേശങ്ങളും കുലശേഖരവംശത്തിലെ ഭാസ്കര രവിവര്‍മ്മന്റെ അധികാരത്തിന്‍ കീഴിലായിരുന്നു. 12-ാം നൂറ്റാണ്ടില്‍ ചേരരാജ്യത്തെ ചോളന്‍മാര്‍ ആക്രമിച്ച് കീഴടക്കിയതോടുകൂടി നാടുവാഴികള്‍ സ്വതന്ത്രഭരണം ആരംഭിച്ചു. ചരിത്രരേഖകള്‍ പ്രകാരം 15-ാം ശതകത്തില്‍ തെക്കുംകൂറിന്റെ ഭാഗമായിരുന്നു മണിമല. പില്‍ക്കാലത്ത് കൊല്ലവര്‍ഷം 925-ല്‍ (ക്രിസ്താബ്ദം1749) മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മന്ത്രി രാമയ്യന്‍ ദളവ ആറന്‍മുളയില്‍വച്ചുണ്ടായ യുദ്ധത്തില്‍ തെക്കുംകൂര്‍ സേനയെ പരാജയപ്പെടുത്തിയതോടെ മണിമല തിരുവിതാംകൂറിന്റെ ഭാഗമായി. പ്രാചീനകാലത്ത് മണിമലയുള്‍പ്പെടെയുള്ള ഉള്‍നാടന്‍ സ്ഥലങ്ങളില്‍ അധ:സ്ഥിത വര്‍ഗ്ഗക്കാര്‍ താമസിച്ചിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളുണ്ട്. മുത്തിയെ പ്രതിഷ്ഠിച്ചിരുന്ന ക്ഷേത്രങ്ങളും, സര്‍പ്പക്കാവുകളും ഇവരുടെ ആരാധനാസമ്പ്രദായത്തിന്റെ ഭാഗമായിരുന്നു. ‘കുശവന്റെ കല്ലറ’ എന്നും ‘നിധിക്കുഴികള്‍’ എന്നും പറയപ്പെടുന്ന നാലു വശത്തും കാട്ട് കല്ല് കീറി അടുക്കി, മുകളില്‍ കീറിയ കല്ല് വച്ച് മൂടിയ അറകള്‍ ഈ വനത്തില്‍ കാഞ്ഞിരപ്പാറ, ഊട്ടുപാറ പ്രദേശങ്ങളില്‍ കാണുവാന്‍ സാധിക്കും. വനത്തിനുള്ളില്‍ വാഴക്കുന്നത്ത് കാവില്‍ പഴയ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. വെട്ടുകല്ലിന്റെ അവശിഷ്ടങ്ങള്‍, പഴയകാട്ടുകല്ലുകള്‍ കെട്ടിയതറകള്‍, മിനുക്കിയെടുത്ത കല്ലുകള്‍ തുടങ്ങി ഈ വനത്തിനുള്ളില്‍ മണ്‍മറഞ്ഞ് പോയ ഒരു ജനവിഭാഗത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ പലതും കണ്ടെത്താനാവും. ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തിയ ഓതറ വീട്ടുകാര്‍ക്ക് ആറ്റുതീരത്ത് കോട്ടാങ്ങലിന് കിഴക്ക് മുതല്‍ കറിക്കാട്ടൂര്‍-അമ്പാട്ട് ഭാഗം വരെ ഭൂമിയുണ്ടായിരുന്നു. ഓതറകുടുംബക്കാര്‍ സ്ഥാപിച്ച ക്ഷേത്രമാണ് മണിമല ദേവീക്ഷേത്രം. ഈ പഞ്ചായത്തിലെ ഏക മുസ്ളീം പള്ളി (ഉറമ്പത്ത് പള്ളി) ആലപ്രയില്‍ സ്ഥിതിചെയ്യുന്നു. 125 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഈ പള്ളി സ്ഥാപിച്ചത് ഉറുമ്പത്ത് പീരണ്ണന്‍ റാവുത്തര്‍ ആണ്. ജാതിസമ്പ്രദായവും അയിത്താചാരങ്ങളും നിലനിന്നിരുന്ന പഴയകാലത്ത് അയിത്തപ്പെടുന്ന വസ്തു ശുദ്ധീകരിക്കാന്‍ ക്രിസ്ത്യാനി വിഭാഗത്തില്‍പെട്ടവര്‍ എണ്ണ തൊട്ടാല്‍ മതിയെന്ന ഒരു വിശ്വാസം നിലനിന്നിരുന്നു. താഴ്ന്നജാതിക്കാര്‍ ചക്കാട്ടിയെടുക്കുന്ന എണ്ണ ശുദ്ധീകരിക്കുന്നതിന് എണ്ണതൊടുവിക്കുന്നതിനായി ഓതറക്കാര്‍ കൊണ്ട് വന്നതാണ് കുത്തുകല്ലുങ്കല്‍ ക്രൈസ്തവകുടുംബം എന്ന് പറയപ്പെടുന്നു. നിരണം അച്ചങ്കയത്ത് കുടുംബത്ത് നിന്നും കച്ചവടാവശ്യത്തിനായി നദീതീരത്ത് കൂടി യാത്രചെയ്ത് വന്ന ക്രിസ്ത്യാനികള്‍ പില്‍ക്കാലത്ത് ഓതറകുടുംബത്തിന്റെ വകയായി മണിമല ആറ്റിന്റെ തീരത്ത് ഉണ്ടായിരുന്ന ചക്കുപുരയുടെ ഒരു മുറി വാടകക്ക് എടുത്ത് കച്ചവടത്തിനുപയോഗിക്കുകയും ക്രമേണ ഓതറക്കാരുടെ കളത്തൂര്‍ പുരയിടം വാങ്ങി താമസമാരംഭിക്കുകയും ചെയ്തു. ഇവരാണ് കളത്തൂര്‍ കുടുംബം എന്നപേരില്‍ അറിയപ്പെട്ടത്. ഒരുഭാഗത്ത് 3 പ്രാവശ്യം കൃഷിചെയ്ത്കഴിഞ്ഞാല്‍ ആ ഭൂമി ഒഴിച്ചിട്ട് മറ്റൊരുഭാഗത്തായിരിക്കും അടുത്ത മൂന്നു വര്‍ഷത്തെ കൃഷി. ഇത്തരം കൃഷിരീതിക്കാണ് ചേരിക്കല്‍ കൃഷി അഥവാ പുതുവല്‍ കൃഷി എന്ന് വിളിച്ച് വന്നത്. ആദ്യകാലത്ത് മണിമല ക്രിസ്ത്യാനികള്‍ കാഞ്ഞിരപ്പള്ളി പള്ളിയിലാണ് ആരാധനക്ക് പോയിരുന്നത്. കൊല്ലവര്‍ഷം 980-ാം ആണ്ട് ചിങ്ങമാസം 7-ാം തിയതി ദളവാ തമ്പി ചെമ്പകരാമന്റെ ഉത്തരവ് പ്രകാരം മാപ്പിളമാര്‍ അപേക്ഷിച്ചതനുസരിച്ച് മണിമല പരുത്തുപാറ ചേരിക്കല്‍ ഒരു കുരിശുപളളി പണിയാന്‍ അനുവാദം നല്‍കി. ആദ്യകാലത്ത് ഈ പ്രദേശത്ത് വ്യാപകമായി നിലത്തെഴുത്ത് കളരികളുണ്ടായിരുന്നു. പനയോലകളില്‍ അക്ഷരങ്ങളെഴുതി കൊടുത്ത് നിലത്തെഴുതി പഠിപ്പിക്കുന്ന ഒരു കളരി ഇപ്പോഴും ആലപ്രയിലുണ്ട്. മണിമലയിലും സമീപപ്രദേശങ്ങളിലുമുള്ള ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം മണിമല (തലശ്ശേരി) ഗവ.എല്‍.പി സ്കൂളാണ്.