മണിമല

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കാഞ്ഞിരപ്പള്ളി ബ്ളോക്കില്‍ മണിമല, എരുമേലി (ഭാഗികം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മണിമല ഗ്രാമപഞ്ചായത്ത്. 37.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചിറക്കടവ്, എരുമേലി, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ കിഴക്ക് എരുമേലി പഞ്ചായത്ത്, പടിഞ്ഞാറ് വെള്ളാവൂര്‍ പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍‍‍ പഞ്ചായത്ത്, തെക്ക് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍, കൊറ്റനാട്, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ എന്നിവയാണ്. ടി.സി.ജോസഫ് തയ്യില്‍ പ്രസിഡന്റും എം.സി.ചാക്കോ നിലക്കത്താനം വൈസ് പ്രസിഡന്റുമായി 1952-ലാണ് മണിമല പഞ്ചായത്ത് നിലവില്‍ വരുന്നത്. താഴ്വരകളും കുന്നുകളും ചെറിയ മലകളും നിറഞ്ഞ പ്രദേശമാണ് ഈ കൊച്ചു ഗ്രാമം. വളക്കൂറുള്ള കറുത്തമണ്ണും, കല്ല് നിറഞ്ഞ ചെമ്മണ്ണും ഇവിടെ കാണപ്പെടുന്നു. കുന്നിന്‍ ചെരുവുകളില്‍ പാറക്കൂട്ടങ്ങളും കരിങ്കല്‍ പാറകളും ധാരാളമായി കാണാം. കോട്ടയം ജില്ലയുടെ തെക്ക് കിഴക്കായി പത്തനംതിട്ട ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന മണിമല ഗ്രാമപഞ്ചായത്തിന് മണിമലയാറിന്റെ സാമീപ്യം സംസ്ഥാന ഭൂപ്രകൃതിയില്‍ ശ്രദ്ധേയമായ സ്ഥാനം നല്‍കുന്നു. മണിമല പമ്പാനദികള്‍ക്ക് മധ്യേ പ്രാചീനമായ ഒരു മധുര സഞ്ചാരപാത കടന്ന് പോയിരുന്നതായി ചില ചരിത്രഗ്രന്ഥങ്ങളില്‍ സൂചനകള്‍ ഉണ്ട്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആറ്റ് തീരം വഴി സഞ്ചരിച്ച് പാറത്തോട്ട് ചെന്ന് തമിഴ്നാട്ടിലെ ചെങ്കോട്ടക്ക് പോയിരുന്ന ഒരു വഴി ആദ്യകാലത്ത് കച്ചവടക്കാര്‍ ഉപയോഗിച്ചിരുന്നു. ഹൈറേഞ്ച് വഴിയുള്ള യാത്ര ദുര്‍ഘടമായതിനാലാണ് ഈ മാര്‍ഗ്ഗം അവലംബിച്ചത്. ഈ വഴിയിലെ ഒരു പ്രധാന ഇടത്താവളമായിരുന്നു മണിമല. പ്ളാക്കാട്ട് മാത്യൂ കുരുവിള ദാനമായി കൊടുത്ത സ്ഥലത്താണ് മണിമലയിലെ ആദ്യത്തെ പ്രാഥമികാരോഗ്യകേന്ദ്രം പണിതത്. 1955 ഒക്ടോബര്‍ 2-ന് അന്നത്തെ സര്‍ജന്റ് ജനറല്‍ പ്രാഥമികാരോഗ്യകേന്ദ്രം ഉത്ഘാടനം ചെയ്തു. ബഹുജനപങ്കാളിത്തത്തോടെ പടുത്തുയര്‍ത്തിയ പഞ്ചായത്തിലെ ആദ്യകാല സാമൂഹ്യസാംസ്കാരികകേന്ദ്രമായിരുന്നു ആലപ്ര സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍. ഇതിന് മുമ്പ് തന്നെ പോലീസ് സ്റ്റേഷനും, ഫോറസ്റ്റ് ഓഫീസും സ്ഥാപിതമായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ ഉപാധിയായിരുന്ന അഞ്ചലാഫീസ് മണിമല മൂങ്ങാനിയില്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കാഞ്ഞിരപ്പള്ളിയിലായിരുന്നു കേന്ദ്ര ഗവ.പോസ്റ്റോഫീസ്. ടെലിഗ്രാഫ് സൌകര്യം അവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1948-ല്‍ മൂങ്ങാനിയില്‍ അഞ്ചലാഫീസും പോസ്റ്റോഫീസും ഒരുമിച്ച് പ്രവര്‍ത്തനം തുടങ്ങുകയും 1950-ല്‍ പോസ്റ്റോഫീസ് മാത്രമാകുകയും ചെയ്തു. വളരെ പണ്ട് തന്നെ പ്രശസ്തമായൊരു ചന്ത മണിമലപാലം ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്ത് നിലവിലുണ്ടായിരുന്നു. ഇപ്പോഴത്തെ മണിമല-റാന്നി റോഡ് ആദ്യകാലത്ത് ആനത്താരയായിരുന്നതായി പഴമക്കാര്‍ പറയുന്നുണ്ട്. കാലക്രമേണ കാളവണ്ടിയും, വില്ലുവണ്ടിയും പോകുന്ന വീതികുറഞ്ഞ പാതയായും വര്‍ഷങ്ങള്‍ക്ക് ശേഷം പൊതു റോഡായും ഈ പാത രൂപം പ്രാപിച്ചു.