പഞ്ചായത്തിലൂടെ

ഭൂപ്രകൃതി, കൃഷി

കേരളത്തിന്റെ തനതു ഭൂവിഭാഗത്തോട് തൊട്ടടുത്തു നില്‍ക്കുന്ന മാണിക്കല്‍ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ പ്രധാനമായും വലിയകുന്നുകള്‍, കുത്തനേയുള്ള ചരിവുകള്‍, ചെറിയ കുന്നിന്‍പ്രദേശങ്ങളിലെ നിരന്ന ഭൂമി, ചെറിയ ചരിവുകള്‍, താഴ്വരകള്‍, ഏലാപ്രദേശങ്ങള്‍ എന്നിങ്ങനെ ആറായി തരംതിരിക്കാം. വെള്ളാണിക്കല്‍, പാറമുകള്‍, വേടത്തിക്കുന്ന്, നൂറേക്കര്‍ എന്നിവയാണ് മാണിക്കല്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട വലിയ കുന്നുകള്‍. കുത്തനെയുള്ള ചരിവുകളില്‍ ജനവാസം  കുറവാണ്. ഈ മേഖലയിലെ പ്രധാന കൃഷി റബ്ബറാണ്. ചെറിയ കുന്നിന്‍പ്രദേശങ്ങളിലെ നിരന്ന പ്രദേശങ്ങളിലാണ് മാണിക്കല്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകള്‍ സ്ഥിതിചെയ്യുന്നത്. പിരപ്പന്‍കോട്, കുതിരകുളം, മഗപുരം, കോലിയക്കോട്, തുടങ്ങിയ പ്രദേശങ്ങള്‍ ചെറിയ കുന്നിന്‍പ്രദേശങ്ങളിലെ നിരന്ന ഭൂമിയിലാണ്. പഞ്ചായത്തിലെ ചിറ്റാരിക്കോണം, തയ്ക്കാട്, പാലവിള, കൊപ്പം, പാറയ്ക്കല്‍, മുളയം, തുടങ്ങിയ ചെറിയ ചരിവുപ്രദേശങ്ങളില്‍ റബ്ബര്‍, മരിച്ചീനി എന്നിവ കൃഷിചെയ്തു വരുന്നു. കിഴക്കന്‍ മലയടിവാരത്തില്‍ നിന്നും ആരംഭിക്കുന്ന നീരൊഴുക്കുകള്‍ ചെറുതോടുകള്‍ വഴി തെക്കുകിഴക്കേ മൂലയില്‍ വെമ്പായം, വിളയ്ക്കാട് വഴി കടന്നുപോകുന്ന പ്രധാന തോട്ടില്‍ എത്തിചേരുന്നു. ഉദിയന്‍കോട്, തലയല്‍, കടുമ്പൂര്, കുതിരകുളം വടക്കതില്‍ എത്തുന്ന തോടും പിരപ്പന്‍കോട് മാണിയ്ക്കല്‍ തൈക്കാട് വഴി മുന്നാറ്റുമുക്കില്‍ എത്തുന്ന വലിയ തോടും, കൊഞ്ചിറ തുടങ്ങി കാവിയാട് എത്തുന്ന തോടും പുളുക്കേക്കോണം, മത്തനാട്, ചെറുകോണം തോടും മുക്കമ്പാലത്തോടും അനേകം കൈവഴികള്‍ കൊണ്ട് ജലസമൃദ്ധമാണ്. വേളാവൂര്‍ ആറ് ഈ പഞ്ചായത്തിലെ ഒരു പ്രധാന ജലസ്രോതസ്സാണ്. പോളക്കല്ല്, ചരല്‍മണ്ണ്, മണല്‍ കലര്‍ന്ന ചരല്‍മണ്ണ്, ചുണ്ണാമ്പു കലര്‍ന്ന മണ്ണ്, കാരീയം കലര്‍ന്ന മണ്ണ്, ഈയ്യക്കല്ല്, വെട്ടുകല്‍ എന്നിവ നിറഞ്ഞ മണ്ണ് തുടങ്ങിയവയാണ് പഞ്ചായത്തിലെ മണ്‍തരങ്ങള്‍. മാണിക്കല്‍ കൃഷിഭവനാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കാര്‍ഷിക സ്ഥാപനം. കുന്നുകളും ചരിവുകളും സമതലങ്ങളും വയലേലകളും അടങ്ങുന്ന സമൃദ്ധമായ കൃഷി ഭൂമിയാണ് മാണിക്കല്‍ പഞ്ചായത്ത്. റിക്കാര്‍ഡുകള്‍ പ്രകാരം 6713.38 ഹെക്ടര്‍ നിലങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഈ പഞ്ചായത്തില്‍ ലാഭകരമായി നടത്തപ്പെടുന്ന കൃഷി റബ്ബറാണ്. അനേകം കുടുംബങ്ങള്‍ക്ക് ഇത് ഉപജീവന മാര്‍ഗ്ഗമാവുന്നുണ്ട്. പഞ്ചായത്തിലെ പ്രധാന വിളകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് നാളികേര കൃഷിയാണ്.

ആരോഗ്യ രംഗം

പഞ്ചായത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോറന്‍സ് മാര്‍ അപ്രേം തിരുമേനി 1963-ല്‍ സ്ഥാപിച്ച കുഷ്ഠരോഗാശുപത്രി. പുലന്തറ സ്ഥിതിചെയ്യുന്ന ശാന്തിഗിരി ആശുപത്രി കോംപ്ലക്സ് അലോപ്പതി ആയുര്‍വേദ, ഹോമിയോ തുടങ്ങിയ ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാകുന്നവയാണ്. 1950-കളില്‍ സ്ഥാപിക്കപ്പെട്ട കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയും വെള്ളാണിക്കല്‍ ആയുര്‍വേദ ആശുപത്രിയുമാണ് മറ്റ് രണ്ടു സ്ഥാപനങ്ങള്‍. ഒരു വന്‍ ആയൂര്‍വേദ മരുന്നു നിര്‍മ്മാണ ശാലയും കേരളത്തിലെ ഏറ്റവും വലിയ സിദ്ധമരുന്നു നിര്‍മ്മാണ കേന്ദ്രവും ശാന്തിഗിരി ആശ്രമത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസ രംഗം

പഞ്ചായത്തിന് നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാഭ്യാസ ചരിത്രമാണുള്ളത്. 1880-കളില്‍ സ്ഥാപിക്കപ്പെട്ട പിരപ്പന്‍കോട് എല്‍.പി.എസ് ആണ് പഞ്ചായത്തിലെ ആദ്യത്തെ പ്രൈമറി സ്ക്കൂള്‍. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പഞ്ചായത്തിലുടനീളം കുടിപ്പള്ളികൂടങ്ങള്‍ ഉണ്ടായിരുന്നു. പാറയ്ക്കല്‍ രാമക്കുറുപ്പ് ഹരിജനങ്ങള്‍ക്കുവേണ്ടി നടത്തിയിരുന്ന കുടിപ്പള്ളിക്കൂടത്തിന്റെ തുടര്‍ച്ചയാണ്. പാറയ്ക്കല്‍ യു.പി.എസ് ആരംഭിച്ചത്. 1951-ല്‍ ആരംഭിച്ച തലയില്‍ എല്‍.പി.എസ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ ഏക സ്ക്കൂളാണ്. കൊല്ലവര്‍ഷം 1925-ലാണ് കോലിയക്കോട് സ്ക്കൂള്‍ ആരംഭിച്ചത്. വിലയ്ക്കുവാങ്ങിയ 17 സെന്റ് പുരയിടവും പുതുവലായി കിട്ടിയ 8 സെന്റ് സ്ഥലവുമുള്‍പ്പെടെ 25 സെന്റ് സ്ഥലത്താണ് കെട്ടിടം പണികഴിപ്പിച്ചത്. സ്ക്കൂളിന്റെ സ്ഥാപകനും മാനേജരും പില്‍ക്കാലത്ത് ഹെഡ്മാസ്റ്ററുമായിരുന്ന എ.അയപ്പന്‍പിള്ള കൊല്ലവര്‍ഷം 1948-ല്‍ ഒരു ചക്രം പ്രതിഫലം വാങ്ങി സ്ക്കൂള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് വിട്ടുകൊടുത്തു. പഞ്ചായത്തിലെ മറ്റൊരു സ്ക്കൂളായ കൊപ്പം സ്ക്കൂള്‍ ഒരു പെണ്‍പള്ളിക്കൂടമായാണാരംഭിച്ചത്. മാണിക്കല്‍ പഞ്ചായത്തിലെ പ്രധാന സ്ക്കൂളായ പിരപ്പന്‍കോട് എച്ച്.എസ്.എസ്, ഒറ്റമുറിയില്‍ പ്രിപ്പറേറ്ററി ക്ലാസ് മാത്രമുള്ള ഒരു സ്ക്കൂളായി കൊല്ലം വര്‍ഷം 1940-ല്‍ കന്യാകുളങ്ങര ഹൈസ്ക്കുള്‍ വിഭജിക്കപ്പെട്ടപ്പോള്‍ 1984-ല്‍ രൂപം കൊണ്ട ഹൈസ്ക്കൂളാണ് കന്യാകുളങ്ങര ഗേള്‍സ് ഹൈസ്ക്കൂള്‍. 1912-ല്‍ ഒരു പ്രൈമറി  സ്ക്കുളായി രൂപം കൊണ്ട ഇന്നത്തെ കന്യാകുളങ്ങര ബോയ്സ് ഹൈസ്ക്കുള്‍ ആദ്യകാലത്ത് മാണിക്കല്‍ പകുതിയില്‍ തൊഴുത്തുംകരമുറിയില്‍ ഉള്‍പ്പെട്ടിരുന്നവെങ്കിലും പില്‍ക്കാലത്ത് വെമ്പായം പഞ്ചായത്ത് രൂപം കൊണ്ടപ്പോള്‍ വെമ്പായം പഞ്ചായത്തിലായി. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ മാണിക്കല്‍ പഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ തുടങ്ങിയിരുന്നു. ഇക്കാലത്ത് മാണിക്കല്‍ പഞ്ചായത്തില്‍ പലയിടങ്ങളിലും കുടിപള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. 1880-കളില്‍ത്തന്നെ സ്ഥാപിക്കപ്പെട്ട പിരപ്പന്‍കോട് എല്‍.പി.എസ് ആണ് പഞ്ചായത്തിലെ ആദ്യത്തെ സ്ക്കൂള്‍. ഇന്ന് വെമ്പായം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കന്യാകുളങ്ങര ബോയ്സ് ഹൈസ്ക്കുള്‍ 1912-ല്‍ മാണിക്കല്‍ പകുതിയില്‍ തൊഴുത്തുംകര മുറിയില്‍ ഒരു പ്രൈമറി  സ്ക്കൂളായാണ് പ്രവര്‍ത്തനമാരംഭിച്ചത്. പഞ്ചായത്തിലെ ഗവണ്‍മെന്റ് സ്ക്കുളുകളില്‍ 1984 ഫെബ്രുവരിയിലാംരംഭിച്ച കന്യാകുളങ്ങര ഗേള്‍സ് ഹൈസ്ക്കൂളാണ് ഒടുവില്‍ സ്ഥാപിതമായത്.

സാംസ്ക്കാരിക രംഗം

മാണിക്കല്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കാണുന്ന പ്രദേശമാണ് ആലിയാട്. മലകളും പൊയ്കളും വറ്റാത്ത നീരുറവകളും അപൂര്‍വ്വ സസ്യലതാദികളും നിറഞ്ഞു അനുഗ്രഹീതമായ പ്രകൃതിയാണിവിടം. ഗൃഹനിവാസ കാലഘട്ടത്തിന്റെ അവിശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍  കഴിയും. വേലകൊട്ടിപ്പാടിയിരുന്ന വേലന്‍മാരും, പാട്ടുംപാടി ജീവിച്ചിരുന്ന പാണന്‍മാരും പായും പരമ്പും നെയ്തിരുന്ന പറയന്‍മാരും പാടത്തു പണിയെടുത്തിരുന്ന കുറവരും, ദ്രാവിഡത്തനിമയില്‍പ്പെട്ട കാണിക്കാരും കല്‍പ്പണിയിലും തച്ചുശാസ്ത്രത്തിലും കരവിരുത് കാട്ടിയിരുന്ന ആശാന്‍മാരും സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ അവഗാഹമുള്ള ഭാഷാ പണ്ഡിതന്‍മാരും ജ്യോതിഷ-മന്ത്ര-തന്ത്രാദി വിദ്യകളിലെ പ്രമുഖരും, വൈദ്യശാസ്ത്ര വിശാരദന്‍മാരും ഒക്കെക്കൂടി നിറഞ്ഞുനിന്നിരുന്ന ദേശമായിരുന്നു ആലിന്‍കാട് എന്ന ആലിയാട് എന്നാണ് പഴമക്കാര്‍ പറയുന്നത്. ചരിത്ര പ്രസിദ്ധമായ ആലിയാട് ഊരുട്ടുമണ്ഡപം ഇവിടെയാണ്. കോലിയക്കോട് തീപുകള്‍ മുതല്‍ കല്ലറ മഠം വരെ വ്യാപിച്ചു കിടക്കുന്ന കണ്ണാട്ടു പെരുമാള്‍ പ്രഭുവിന്റെ ഭൂപ്രദേശമായിരുന്നു. എന്നാല്‍ പെരുമാള്‍ ഭരണം അസ്തമിച്ചപ്പോള്‍ ഈ പ്രദേശം വേണാടിന്റെ ഭാഗമായിത്തീര്‍ന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍ ഭരണത്തിന്‍കീഴില്‍ വരുന്നതോടൊപ്പം ആലിയാടിനും കാലാനുസൃതമായ മാറ്റങ്ങള്‍ സംഭവിച്ചു. പുലപ്പേടി ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടുവന്ന പുലയരും കുറവരും ഇവിടങ്ങളില്‍ അഭയം കണ്ടു. തുടര്‍ന്നുണ്ടായ ഈഴത്തു നാട്ടുകാരുടെ കുടിയേറ്റത്തില്‍പ്പെട്ട് ഈഴവരും കടന്നുവന്നു. എന്നാല്‍ ഏറ്റവും വലിയ മാറ്റമുളവായതിനു കാരണം ഉമയമ്മറാണിയുടെ കാലത്തെ ചില നടപടികളാണ്. എട്ടരയോഗത്തില്‍പ്പെട്ട നായന്മാരും, ബ്രാഹ്മണരും, എട്ടുവീട്ടുപിള്ളമാരും ഈ പ്രദേശത്തിലെ പെരുമാള്‍മാരുമായി ബന്ധപ്പെട്ട് ഇടം തേടി. സംസ്ക്കാര സമ്പന്നരായ പെരുമാള്‍വംശജര്‍ ഇവരെ ഉള്‍കൊള്ളുകയും വൈവാഹിക ബന്ധത്തിനു പോലും അവസരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്നുവന്ന തലമുറയാണ് ഇന്നു കാണുന്ന കൂട്ടെരെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

കേരളീയ പൌരാണിക കലയായ കഥകളിയില്‍ നിപുണതയും പ്രാവീണ്യമുള്ള കലാകാരന്‍മാരേയും ആസ്വാദകരേയും കൊണ്ട് സമൃദ്ധമാണീ പ്രദേശം. അറിയപ്പെടുന്ന ആട്ടക്കഥാകാരന്‍മാരും ഈ പ്രദേശത്തുകാരായുണ്ട്. വ്യാഘ്ര ധ്വജവധം രചിച്ച നടുവില വീട്ടില്‍ കേശവപിള്ള പ്രതിജ്ഞാകൌടീല്യം, നിഷാദാര്‍ജ്ജിനീയം എന്നീ കഥകള്‍ രചിച്ച പിരപ്പന്‍കോട് നാരായണപിള്ള തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. ദിവംഗതനായ എം.ആര്‍.സുകുമാരന്‍ നായര്‍ സ്ഥാപിച്ച വള്ളത്തോള്‍ കഥകളിയോഗം ഇന്നും സ്തുത്യര്‍ഹമായ രീതിയില്‍ നടന്നുവരുന്നു. നല്ലൊരു കഥകളി ആസ്വാദകവൃന്ദവുമിവിടെയുണ്ടു. വെമ്പായം മധു, പിരപ്പന്‍കോട് മുരളി, വലിയകുന്നിട മധു എന്നിവര്‍ സാഹിത്യ രംഗത്ത് പ്രശസ്തരായവരാണ്. 1965-68 കാലഘട്ടത്തില്‍ കോലിയക്കോട്ട് ഒരു കഥകളി സ്ക്കൂള്‍ നടന്നിരുന്നു. മാത്രമല്ലാ, അറിയപ്പെടുന്ന നര്‍ത്തകരും സിനിമാ സംവിധായകരും ഈ ഗ്രാമത്തിലുണ്ട്. വേളാവുര്‍ രാഘവന്‍ ഭാഗവതരെപ്പോലെയുള്ള പേരുകേട്ട സംഗീതജ്ഞരും ഈ പഞ്ചായത്തിലുണ്ട്. പഴയ കലകളായ കാക്കാരിശ്ശി, കമ്പടവുകളി, കളരി, എന്നിവ ഇവിടെ നിലനിന്നിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യഗണത്തില്‍പ്പെട്ട കുമാരപ്പിള്ള ആശാന്‍ സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ അപാര പാണ്ഡിത്യമുള്ള ആളായിരുന്നു ഇദ്ദേഹം. കോടതികളിലും വില്ലേജുകളിലും ദ്വിഭാഷിയായിരുന്നതിനുള്ള തെളിവുകളുണ്ട്. എടുത്തുപറയേണ്ട മറ്റൊരു വ്യക്തിയാണ് കുറവ സമുദായത്തില്‍പ്പെട്ട ഈഞ്ചക്കുഴി ചിന്നന്‍വൈദ്യന്‍. ഇദ്ദേഹം ക്ഷയ രോഗത്തിനും ആസ്തമയ്ക്കും ഒറ്റമൂലി പ്രയോഗ ചികിത്സ നടത്തിയിരുന്നു.

പഞ്ചായത്തിലെ ഏറ്റവും വലിയ ആരാധനാലയം പിരപ്പന്‍കോട് ശ്രീകൃഷ്ണ ക്ഷേത്രമാണ്. പഴയകാലത്ത് ഈ ക്ഷേത്രത്തോടനുബന്ധിച്ച് 10 ദിവസവും സദ്യയുണ്ടായിരുന്നു. ഓട്ടന്‍തുള്ളല്‍, ഹരികഥ, കഥകളി, പാടകം, പള്ളിവേട്ട തുടങ്ങിയ ക്ഷേത്രകലകള്‍ അവിടെ അവതരിപ്പിച്ചിരുന്നു. പഞ്ചായത്തിലെ മുസ്ലീം ദേവാലയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ വേളാവുര്‍ ജുമാ-അത്തിന്റെ കീഴിലുള്ള പള്ളിയും, വെമ്പായം ജുമാ-അത്തിന്റെ കീഴിലുള്ള പള്ളിയുമാണ്. കൂടാതെ ഒരു ഡസനിലധികം പള്ളികള്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായുണ്ട്. ക്രിസ്ത്യാനികളുടെ പ്രധാന പള്ളിയായ കോട്ടപ്പുറം പള്ളി 1962-ലാണ് സ്ഥാപിതമായത്. പിരപ്പന്‍കോട് കല്ലുവെട്ടാം കുഴിയില്‍ നൂറ്റമ്പത് വര്‍ഷത്തില്‍പരം പഴക്കമുള്ള ഒരു ശ്മശാനം ഉണ്ടായിരുന്നു. തലയില്‍ ഉദിയംകോടിനു സമീപം പൊളിഞ്ഞു നിലംപതിച്ച അവസ്ഥയില്‍ കാണുന്ന ചതുര്‍ബാഹു മഹാവിഷ്ണു ക്ഷേത്രത്തിന് ഉദ്ദേശം നാനൂറ് വര്‍ഷത്തെ പഴക്കമുണ്ട്. പിരപ്പന്‍ കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മൂല ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. വേളാവൂര്‍ അമ്പലത്തിലെ കൂംഭമാസത്തിലെ തൂക്കം ഈ പഞ്ചായത്തിലെ ഏറ്റവും വലിയ ഉല്‍സവമാണ്. പന്ത്രണ്ടേക്കറോളം വരുന്ന ജൈവ വൈവിധ്യമുള്ള അന്‍പതിന്‍പരം കാവുകള്‍ ഈ പഞ്ചായത്തിലുണ്ട്. തിരുവിതാംകൂര്‍ രാജാവ് ആറ്റിങ്ങല്‍ രാജകൊട്ടാരത്തിലേക്ക് പോകുമ്പോള്‍ വിശ്രമിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കല്ലമ്പലം വേളാവൂരിനു സമീപത്തായുണ്ട്. രാജഭരണ കാലത്തെ അനുസ്മരിപ്പിക്കുന്ന ചുമടുതാങ്ങികള്‍ ഇന്നും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും  കേടു കൂടാതെ നിലനില്‍ക്കുന്നുണ്ട്. പഴക്കം നിശ്ചയിച്ചിട്ടില്ലാത്ത അനവധി ക്ഷേത്രങ്ങളും ആല്‍ത്തറകളും ഇവിടുത്തെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ വിളിച്ചറിയിക്കുന്നു. സുപ്രസിദ്ധമായ ശാന്തിഗിരി ആശ്രമം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.