.

A Local Government Institution, Thiruvananthapuram District, Kerala

manickal-photo

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ മലകളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഗ്രാമപ്രദേശമാണ് മാണിക്കല്‍ ഗ്രാമപഞ്ചായത്ത്. മാണിക്കല്‍ എന്നാല്‍ മാണിക്കകല്ല് വിളയുന്ന സ്ഥലം എന്നാണര്‍ത്ഥം. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും മാണിക്യം, വൈഡൂര്യം തുടങ്ങിയ രത്നക്കല്ലുകള്‍ സുലഭമാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏറെയൊന്നും അകലത്തല്ലാതെ വടക്കുദിശയില്‍ അല്‍പം മാത്രം കിഴക്ക് മാറിയാണ് മാണിക്കല്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് തെക്കുവടക്കു ദിശയില്‍ എം.സി റോഡ് കടന്നു പോകുന്നു. 1940-കളില്‍ കിഴക്കു ഭാഗത്തെ വെള്ളാണിക്കല്‍ ഉള്‍പ്പെടെയുള്ള മലകള്‍ നിബിഡ വനങ്ങളായിരുന്നു. മുയല്‍, കാട്ടുപന്നി, മുള്ളന്‍പന്നി, കുറുനരി തുടങ്ങിയ വന്യമൃഗങ്ങള്‍ ഈ വനങ്ങളില്‍ ധാരാളമായുണ്ടായിരുന്നു. ഇക്കാലത്ത് വനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കന്യാകുളങ്ങരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോറസ്റ്റ് ഓഫീസാണ് പില്‍ക്കാലത്ത് കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയായി മാറിയത്. പഞ്ചായത്തിലൂടനീളം കാണപ്പെടുന്ന കുന്നുകളില്‍ അക്കാലത്ത് വനങ്ങളും താഴ്വാരങ്ങളില്‍ ക്യഷിയിടങ്ങളുമായിരുന്നു. ഈ പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന പ്രധാന നദിയാണ് വേളാവൂര്‍ ആറ്. ഇത് വാമനപുരം നദിയുടെ ഒരു പോഷക നദിയാണ്.