ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലുള്‍പ്പെട്ട കോട്ടയം നാട്ടുരാജ്യത്തിനകത്തെ ഒരുള്‍നാടന്‍ ഗ്രാമമായിരുന്നു മാങ്ങാട്ടിടം. പഴശ്ശിയുടെ പോരാട്ടചരിത്രവുമായി ഈ ഗ്രാമത്തിന്റെ ചരിത്രവും ബന്ധപ്പെട്ടുകിടക്കുന്നു. ആട്ടക്കഥാസാഹിത്യരംഗത്തെ പ്രതിഭയായിരുന്ന കോട്ടയത്തു തമ്പുരാന്‍ കോട്ടയം രജകുടുംബത്തിലെ അംഗമായിരുന്നു. പഴശ്ശിരാജാവിനെയും സേനാനായകന്‍മാരില്‍ പ്രധാനികളായിരുന്ന എടച്ചേരി കുങ്കനെയും, കൈതേരി അമ്പുവിനെയും അമ്പുവിന്റെ സഹോദരിയും, പഴശ്ശിരാജാവിന്റെ കാമുകിയുമായിരുന്ന കൈതേരി മാക്കത്തെയും കുറിച്ചുള്ള ചരിത്രം പാട്ടുകളുടെ രൂപത്തില്‍ പണ്ടുമുതല്‍തന്നെ ഇവിടെ പ്രചാരത്തിലുണ്ട്. പഴശ്ശിരാജാവ് തന്റെ കാമുകിയായ മാക്കവുമായി കൈതേരിയില്‍ ഒളിവില്‍ കഴിഞ്ഞതിനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വര്‍ണ്ണനകള്‍ സര്‍ദാര്‍ കെ.എം.പണിക്കരുടെ പഴശ്ശിരാജാ എന്ന ചരിത്രനോവലില്‍ കാണുന്നുണ്ട്. കുറ്റ വിചാരണയും ശിക്ഷാവിധിയും കൈതേരിയില്‍ വച്ച് നടന്നിരുന്നുവത്രെ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ കഴുതപ്പുറത്തേറ്റി ഉരുവച്ചാലില്‍ കൊണ്ടുവന്നു ശിക്ഷ നടപ്പാക്കിയിരുന്നു. വിധി നടത്തുന്നിടത്ത് എത്തുന്നതിനു മുമ്പ് കുറ്റവാളികള്‍ ഉരുകിച്ചാകും എന്ന അര്‍ത്ഥത്തില്‍ വിധി നടത്തപ്പെടുന്ന സ്ഥലത്തിനെ ഉരുകിച്ചാകല്‍ എന്നു പറഞ്ഞിരുന്നു. ആ ഉരുകിച്ചാകലാണത്രെ പില്‍ക്കാലത്ത് ഉരുവച്ചാല്‍ ആയി മാറിയത്. പഴശ്ശിരാജാവിന്റെ കാലശേഷം കോട്ടയം പൂര്‍ണ്ണമായും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായി. മാങ്ങാട്ടിടം മുന്‍കാലത്ത് പടുവിലായി അംശ(വില്ലേജ്)ത്തിന്റെ ഒരു ഭാഗമായിരുന്നു. 1930-ല്‍ റീസര്‍വ്വെ നടന്നപ്പോഴാണ് മാങ്ങാട്ടിടം ഒരു സ്വതന്ത്ര വില്ലേജായി മാറിയത്. മാങ്ങാട്ടിടം വില്ലേജും കണ്ടുംകുന്ന് വില്ലേജും കൂടിചേര്‍ന്ന പ്രദേശമാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. ആദ്യകാല ജനതയെ അടിസ്ഥാനപരമായി രണ്ടായി തരം തിരിക്കാം. ജന്മികളായ കുറേ സവര്‍ണ്ണ കുടുംബങ്ങളും കാര്‍ഷികവൃത്തിയും മറ്റു കൈത്തൊഴിലുകളും ഉപജീവനമായി സ്വീകരിച്ച പിന്നാക്ക വിഭാഗങ്ങളും ചേര്‍ന്നതായിരുന്നു ഇവിടുത്തെ ഗ്രാമനിവാസികള്‍. നാടന്‍ കലാരൂപങ്ങളും തെയ്യങ്ങളും കെട്ടിയാടി ഉപജീവനം നടത്തിവന്ന അടിയാളരും സമൂഹത്തിന്റെ ഒരു ഘടകമായിരുന്നു. അങ്ങിങ്ങായി കാണുന്ന ക്ഷേത്രങ്ങളും കാവുകളും സമൂഹത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. നമ്പൂതിരി ഇല്ലങ്ങള്‍ ധാരാളമായി നിലനിന്നിരുന്ന ചില പ്രദേശങ്ങള്‍ പഞ്ചായത്തിലുണ്ടായിരുന്നു. ഈ പഞ്ചായത്തിലെ ഭൂമി മുഴുവന്‍ പണ്ടുകാലത്ത്, രണ്ടുപുറ തറവാട്, പടുവിലാന്‍, ചന്ത്രോത്ത്, തുടങ്ങിയ ഏതാനും ജന്മിതറവാടുകളുടെ അധീനതയിലായിരുന്നു. ജാതിസമ്പ്രദായം മറ്റെവിടെയുമെന്നപോലെ ഈ പഞ്ചായത്തില്‍പെട്ട പ്രദേശത്തും അതിന്റെ മുഴുവന്‍ ഭീകരതയോടും കൂടി നിലനിന്നിരുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഇന്നും ഇവിടുത്തെ പഴമനസ്സുകളില്‍ നിന്നും തീര്‍ത്തും മാഞ്ഞുപോയിട്ടില്ല. അക്കാലത്ത് കീഴാളസ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്നു. 1892-ല്‍ സ്ഥാപിതമായ മാങ്ങാട്ടിടം എല്‍.പി.സ്കൂളാണ് വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിലുണ്ടായ ആദ്യത്തെ സംരംഭം. മാങ്ങാട്ടിടം എലിമെന്ററി സ്ക്കൂള്‍ എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. നാടാകെ ദേശീയപ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉരുകിതിളച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ ഈ പ്രദേശത്തും വീശിയടിച്ചു. ഈ പഞ്ചായത്തില്‍ നിന്നും സ്വാതന്ത്യ്ര സമരപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത നിരവധി പേരുണ്ട്. വി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, വയലാളി കുഞ്ഞിരാമന്‍, സി.കെ.മമ്മദ്, കല്ലായി കുമാരന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പ്രമുഖരാണ്. 1940-കളുടെ ആദ്യ നാളുകളില്‍ എ.കെ.ജിയുടെ പ്രവര്‍ത്തനങ്ങള്‍ മാങ്ങാട്ടിടം പ്രദേശത്തെ ജനങ്ങളില്‍ പ്രബുദ്ധമായ രാഷ്ട്രീയ ബോധത്തിന്റെ വെളിച്ചം തെളിയിക്കുവാന്‍ പ്രേരകമായി. എ.കെ.ജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി തക്ളിയില്‍ നൂല്‍നൂറ്റു കൊണ്ടുള്ള യാത്രയും, വറുതിയുടെ ഭീകരരൂപം വിളിച്ചോതിക്കൊണ്ടുള്ള പട്ടിണി ജാഥയുടെ പ്രചരണപര്യടനവും മാങ്ങാട്ടിടത്തെ ദേശീയപ്രസ്ഥാനത്തിന്റെ ധാരയിലേക്ക് കൊണ്ടുവന്ന സംഭവങ്ങളായിരുന്നു. സുഭാഷ് ചന്ദ്രബോസിനോടൊപ്പം ഐ.എന്‍.എ. സേനയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ നെല്ലിക്ക അച്ച്യുതന്‍. കൂടാതെ സ്വാതന്ത്യ്രസമര പോരാളികളായ ഒ.കരുണാകരന്‍ നമ്പ്യാര്‍, കമ്മാരന്‍ നമ്പ്യാര്‍ എന്നിവരും ഇവിടെ നിന്നുള്ളവരായിരുന്നു. ഹിന്ദി ഭാഷാപഠനവും, ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളും വയോജനവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളും മദ്യനിരോധനത്തോടനുബന്ധിച്ചുള്ള കള്ളുഷാപ്പ് പിക്കറ്റിങ്ങും ഇവിടെ നടന്നിട്ടുണ്ട്. പഞ്ചായത്തിലെ പല സ്ഥലനാമങ്ങളുടെയും പിന്നിലുള്ള കഥകള്‍ ചരിത്രപരവും കൌതുകകരവുമാണ്. ശങ്കരനെല്ലൂര്‍ എന്ന സ്ഥലത്തിന് ആ പേരു ലഭിച്ചത്, ശങ്കരന്റെ നല്ല ഊര് (ശിവക്ഷേത്രങ്ങളുള്ള നല്ല സ്ഥലം) ആയതിനാലാണത്രെ. അമ്പലങ്ങളുടെ നാടായിരിക്കാം ആമ്പിലാട് ആയിമാറിയത്. കുഞ്ഞല്ലൂര്‍ അമ്പലം, കണ്ണഞ്ചാന്‍ അമ്പലം, മുല്ലപ്പളളി അമ്പലം, അമ്പലപ്പറമ്പ് എന്നിവയുടെ സാന്നിധ്യം മേല്‍പ്പറഞ്ഞ വാദത്തെ സാധൂകരിക്കുന്നു. പൂനത്തില്‍ ഇല്ലം, ഏറോത്തില്ലം, കല്ലറ ഇല്ലം, മൊടത്തേടത്തില്ലം മുതലായ ഇല്ലപ്പേരുകള്‍ ഇവിടെ ഇപ്പോഴുമുണ്ട്. കൃഷ്ണഗാഥാകര്‍ത്താവായ ചെറുശ്ശേരിയുമായി ബന്ധപ്പെടുത്തി പറഞ്ഞുകേള്‍ക്കുന്ന പൂനത്തില്‍ ഇല്ലം, മുകളില്‍ പരാമര്‍ശിച്ച പുനത്തില്‍ ഇല്ലം തന്നെയാണെന്ന് പറയപ്പെടുന്നു. കഷ്ണം കഷ്ണമായി കുന്നുകള്‍ കാണപ്പെടുന്നതുകൊണ്ടാണ് കണ്ടംകുന്നിന് ആ പേരു ലഭിച്ചത്. ചുറ്റുപാടും താഴ്ന്ന സ്ഥലങ്ങളും മധ്യത്തില്‍ വട്ടി കമഴ്ത്തിയതും ഉയര്‍ന്നുനില്‍ക്കുന്നതുമായ സ്ഥലമെന്ന നിലയ്ക്കുമാണ് വട്ടപ്രം (വട്ടിപ്പുറം) എന്ന സ്ഥലപ്പേരുണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ കാലത്ത് ജാതിവ്യവസ്ഥയും അയിത്തവും ഒക്കെയുണ്ടായിരുന്ന ഈ പ്രദേശത്ത്, പില്‍ക്കാലത്ത് വളര്‍ച്ചയുടെ നാളുകളില്‍ വിവിധ ജാതി മതസ്ഥരായ ആളുകള്‍ തമ്മില്‍ സാഹോദര്യത്തോടെ കഴിഞ്ഞുവന്നു. മതമൈത്രി എന്നും നിലനിന്നങ്കിലും 1970 കാലത്ത് തലശ്ശേരി കേന്ദ്രമായി പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയലഹളയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിനിടയില്‍ യു.കെ.കുഞ്ഞിരാമന് ജീവത്യാഗം ചെയ്യേണ്ടിവന്നു. ഇവിടെ അംഗന്‍വാടികളും, പ്രീപ്രൈമറി സ്ഥാപനങ്ങളും ഉള്‍പ്പെടെ പ്രൈമറി തലം മുതല്‍ കോളേജുതലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മുപ്പതില്‍ അധികം വായനശാലകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്കല്‍ അതോറിറ്റിയുടെ കീഴിലുള്ള ഓണക്കന്‍ ഗുരുക്കള്‍ സ്്മാരകവായനശാല ആന്റ് ഗ്രന്ഥാലയം, സ്വാതന്ത്യ്ര സമരകാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ദേശബന്ധു വായനശാല,കോയിലോട് നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം, കൈതച്ചാല്‍ അജയ വായനശാല ആന്റ് ഗ്രന്ഥാലയം, രചന വായനശാല ആന്റ് ഗ്രന്ഥാലയം, മമ്പ്രം ഗ്രാമദീപം വായനശാല, ആയിത്തറ അച്യുതന്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, കൈതേരി യുവജന വായനശാല എന്നിവ ഈ രംഗത്തെ പ്രധാന സ്ഥാപനങ്ങളാണ്.