പഞ്ചായത്തിലൂടെ

മാങ്ങാട്ടിടം -2017

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കൂത്തുപറമ്പ് ബ്ളോക്കിലാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1963ല്‍ രൂപീകൃതമായ പഞ്ചായത്തിന് 33.3092 ച.കി.മീ. വിസ്തീര്‍ണ്ണമുണ്ട്. 19919 സ്ത്രീകളും 15317 പുരുഷന്മാരുമടങ്ങുന്ന 35236 ഓളം പേര്‍ വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 99  ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിന്റെ പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, വാഴ, കുരുമുളക്, കവുങ്ങ് എന്നിവയാണ്. അഞ്ചരക്കണ്ടി പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലാശയം. 22 കുളങ്ങളും 20 പൊതുകിണറുകളും 400 പൊതു കുടിവെള്ളടാപ്പുകളും പ്രദേശത്തെ പലവിധ ജലസ്രോതസ്സുകളില്‍ ഉള്‍പ്പെടുന്നു. ആഴിത്തറകുന്ന്, കണ്ടംകുന്ന്, പൊറ്റ്യാട്ട് മട്ട തുടങ്ങിയവ പഞ്ചായത്തിലെ ചില കുന്നിന്‍ പ്രദേശങ്ങളാണ്. പ്രദേശത്തെ റോഡുകളിലെ രാത്രികാല ഗതാഗതം സുഗമമാക്കുന്നതിനായി 225 വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് വേഗത്തില്‍ എത്തിച്ചേരാവുന്ന വിമാനത്താവളം, റെയില്‍വേസ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും തലശ്ശേരിയും മംഗലാപുരവുമാണ്. കൂത്തുപറമ്പിലാണ് പഞ്ചായത്തിനടുത്തുള്ള പ്രധാന ബസ്സ്റ്റാന്റ് സ്ഥിതിചെയ്യുന്നത്. കൂത്തുപറമ്പ് - ഇരിട്ടി റോഡും, ആയിത്തറപാലം, അയ്യപ്പന്‍തോട് പാലം, മെരുമ്പായി പാലം തുടങ്ങിയ പാലങ്ങളും ചേര്‍ന്നാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്നത്. ഭാരത് പെട്രോളിയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പഞ്ചായത്തില്‍ ഇന്ധനം, പാചകവാതകം എന്നിവയുടെ വിതരണം നടത്തുന്നത്. 10 റേഷന്‍കടകളും ഓരോ മാവേലി-നീതി സ്റ്റോറുകളുമടക്കം 12 പൊതുവിതരണ കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. മൂന്നാം പീടിക, പാലാ ബസാര്‍ ,അയ്യപ്പന്തോട് എന്നിവിടങ്ങളാണ് പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍. വിവിധ മതവിഭാഗങ്ങളുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. രാമപുരം ക്ഷേത്രം, വല്ലനാടത്ത് ക്ഷേത്രം, മെരുമ്പായി പളളി, നീര്‍വേലി പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍. ഓടങ്കി-അച്യുതന്‍, യു.കെ.കുഞ്ഞിരാമന്‍ എന്നിവര്‍ പഞ്ചായത്തിന്റെ സാമൂഹികരംഗത്തുള്ള പ്രശസ്തരായ വ്യക്തികളാണ്.കോയിലോട് നവോദയ വായനശാല, രചന വായനശാല, അക്ഷയ വായനശാല, ഗ്രാമദീപം വായനശാല, നവകേരള വായനശാല, എ.കെ.ജി.സ്മാരക വായനശാല, ഒണക്കന്‍ ഗുരുക്കള്‍ സ്മാരകവായനശാല, സോബേഴ്സ് ക്ലബ് എന്നിവിടങ്ങളാണ് പഞ്ചായത്തിന്റെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങള്‍. വട്ടിപ്രം പ്രാഥമിക ആരോഗ്യകേന്ദ്രമാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയിലുള്ള പ്രധാന സ്ഥാപനം. ഈ കേന്ദ്രത്തിന് ശങ്കരനെല്ലൂര്‍, മെരുമ്പായി, കൈതേരി,ആയിത്തര എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുണ്ട്. അയ്യപ്പന്‍ തോടാണ് മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത്. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. നിര്‍മ്മലഗിരി കോളേജാണ് പഞ്ചായത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനം. ആയിത്തറ മമ്പറം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, കണ്ടംകുന്ന് സര്‍ക്കാര്‍ എല്‍. പി. സ്കൂള്‍, കൈതേരി എ. എല്‍. പി. സ്കൂള്‍, മാങ്ങാട്ടിടം യു. പി. സ്കൂള്‍, വട്ടിപ്രം യു.പി. സ്കൂള്‍ തുടങ്ങി 16 സ്കൂളുകള്‍ പഞ്ചായത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ആറങ്ങാട്ടേരി ‘ശിശുമിത്ര’ എന്ന പേരില്‍ ഒരു സ്ഥാപനം നിലവിലുണ്ട്. കേരള ഗ്രാമീണ്‍ ബേങ്ക്,കണ്ടംകുന്ന് സര്‍വ്വീസ് സഹകരണബാങ്ക്, മങ്ങാട്ടിടം സര്‍വ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ് റൂറല്‍ ബാങ്ക് എന്നിവയാണ് പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയിലുള്ള പ്രധാന സ്ഥാപനങ്ങള്‍. അയ്യപ്പന്‍തോട്, കൈതേരി എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ വില്ലേജ് ഓഫീസുകള്‍  പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മലഗിരിയില്‍ സ്ഥിതി ചെയ്യുന്ന തപാല്‍ ഓഫീസിന് ആയിത്തറ, മാങ്ങാട്ടിടം, ശങ്കരനെല്ലൂര്‍, നീര്‍വേലി എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുണ്ട്. മെരുവന്പായി ആണ് ടെലഫോണ്‍ എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നത്.