മാങ്ങാട്ടിടം

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ കൂത്തുപറമ്പ് ബ്ളോക്കിലാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാങ്ങാട്ടിടം, കണ്ടംകുന്ന് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിനു 33.31 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വേങ്ങാട്, മാലൂര്‍ പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മാലൂര്‍, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും, കോട്ടയം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വേങ്ങാട് പഞ്ചായത്തുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കോട്ടയം താലൂക്കിലെ പടുവിലായി വില്ലേജില്‍ ഉള്‍പ്പെട്ട ഒരു പ്രദേശമായിരുന്നു മാങ്ങാട്ടിടം. 1930-ലെ റീസര്‍വ്വെയോടുകൂടി മാങ്ങാട്ടിടം വില്ലേജ് രൂപീകൃതമായി. ഇന്നത്തെ മാങ്ങാട്ടിടം വില്ലേജും, കണ്ടുംകുന്ന് വില്ലേജും ആദ്യകാലത്തു സ്വതന്ത്ര പഞ്ചായത്തുകളായിരുന്നു. 1963-ലെ പഞ്ചായത്തു തെരഞ്ഞെടുപ്പോടുകൂടി മാങ്ങാട്ടിടം പഞ്ചായത്തും, കണ്ടംകുന്ന് പഞ്ചായത്തും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഇന്നു കാണുന്ന മാങ്ങാട്ടിടം പഞ്ചായത്തിനു രൂപം കൊടുത്തു. കേരളത്തിന്റെ തീരദേശത്തിനും മലയോര മേഖലകള്‍ക്കും ഇടയിലായാണ് മാങ്ങാട്ടിടം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ വടക്കുഭാഗത്തുകൂടി അഞ്ചരക്കണ്ടിപുഴ കിഴക്കുപടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗം മൊത്തത്തില്‍ ഉയര്‍ന്ന പ്രദേശമാണ്. അവയ്ക്കിടയില്‍ കുന്നുകളും, കുന്നിന്‍ചെരിവുകളും, വയലുകളും ഇടകലര്‍ന്നു സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിലെ പ്രധാന വിള തെങ്ങാണ്. ഇടവിളകളായി തെങ്ങിന്‍ തോപ്പുകളില്‍ മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞള്‍, കൈതച്ചക്ക, കുരുമുളക്, എന്നിവ കൃഷിചെയ്യുന്നു.