ചരിത്രം

സമൂഹ്യചരിത്രം

മംഗലം പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നതുവരെ ഈ പ്രദേശങ്ങള്‍ വെട്ടം പഞ്ചായത്തിന്റെ ഭാഗമായിരുന്നതിനാല്‍ പ്രസ്തുത പഞ്ചായത്തിന്റെ സാമൂഹ്യസാംസ്കാരികചരിത്രം തന്നെയാണ് ഈ പഞ്ചായത്തിനുമുള്ളത്. പുരാതന നാട്ടുരാജ്യവും, മലബാറിന്റെ ചരിത്രത്തിലെ ഏറെ പ്രാധാന്യവുമുള്ള പ്രദേശമാണ് വെട്ടം. മലയാളത്തിന്റെ ആദ്യാക്ഷരവും, കലയും, സംസ്കാരവും ഉടലെടുത്ത പ്രദേശമായതു കൊണ്ടാവാം ഈ നാട്ടുരാജ്യം, നാടിന്റെ വെളിച്ചം എന്ന അര്‍ത്ഥത്തില്‍ “വെട്ടം” എന്ന പേരില്‍ അറിയപ്പെട്ടത് എന്നാരു അഭിപ്രായം കാണുന്നുണ്ട്. സാമൂതിരിയുടെ മേല്‍ക്കോയ്മയ്ക്കു കീഴില്‍ കഴിഞ്ഞിരുന്ന ചരിത്രപ്രസിദ്ധമായ വെട്ടത്തുരാജ്യത്ത് ഭരണം നടത്തിയിരുന്നത് വെട്ടത്തു രാജവംശമാണ്. കഥകളിക്കു പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തിയതു വെട്ടത്തുരാജാവാണെന്നത് സുപ്രസിദ്ധമായ ചരിത്രമാണ്. ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പ്രദേശമാണിത്. പടയോട്ടകാലത്ത് പീരങ്കിപ്പടയ്ക്കു കടന്നുപോകാന്‍ ടിപ്പു നിര്‍മ്മിച്ച റോഡുകളെ അതുകൊണ്ടുതന്നെ ടിപ്പുസുല്‍ത്താന്‍ റോഡുകള്‍ എന്നാണ് ഇന്നും വിളിക്കുന്നത്. കൂടാതെ വെട്ടത്തുനാട്ടിലെ കുണ്ടനിടവഴികള്‍ മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള ആക്രമണത്തെ തടയാന്‍ സഹായകമായി എന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ കുടുംബത്തിന്റെ വേരുകള്‍ കൂട്ടായി പ്രദേശത്താണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായി നടന്ന പോരാട്ടങ്ങളോടൊപ്പം വീറോടെ നിലകൊണ്ടവരാണ് വെട്ടത്തുകാരും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള 1921-ലെ മലബാര്‍ കലാപത്തിന്റെയും ഖിലാഫത്തുപ്രസ്ഥാനത്തിന്റെയും അലയടികള്‍ മംഗലം ഉള്‍പ്പെടെ ഇവിടെയുള്ള എല്ലാ പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു. വെള്ളപ്പട്ടാളവും, ചണ്ടിപ്പട്ടാളവും ഇടയ്ക്കിടെ തിരൂര്‍-പൊന്നാനി പുഴ വഴി പൊന്നാനിയിലേക്കും, കനോലികനാല്‍ വഴി താനൂരിലേക്കും നീങ്ങിയിരുന്നതായി പറയപ്പെടുന്നു. പ്രസ്തുത ലഹളയില്‍ ഇവിടുത്തുകാര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച നിരവധിയാളുകള്‍ ഇവിടുത്തുകാരായുണ്ട്. മംഗലത്തുകാരനും വെട്ടം കാരാറ്റുകടവ് സ്വദേശിയുമായ പൊത്താഞ്ചേരി പുത്തന്‍വീട്ടില്‍ കുഞ്ഞന്‍നമ്പ്യാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൊന്നാനി താലൂക്ക് സെക്രട്ടറിയായിരുന്നു. മുസ്ളീംലീഗ് പ്രസ്ഥാനത്തിന്റെ മലബാറിലെ ആദ്യത്തെ ശാഖ 1936-ല്‍ കൂട്ടായിയിലാണ് തുടങ്ങിയത്. സി.കെ.വി മുഹമ്മദ് മുഹാജിര്‍ സാഹിബായിരുന്നു അതിന് നേതൃത്വം നല്‍കിയത്. പഴയകാലത്ത് ഈ പഞ്ചായത്തു പ്രദേശത്ത് ഗതാഗതരംഗത്ത് ജലമാര്‍ഗ്ഗം മാത്രമായിരുന്നു ഏക ആശ്രയം. കനോലികനാല്‍, തിരൂര്‍-പൊന്നാനി പുഴ എന്നീ ജലപാതകള്‍ തിരൂരിനെയും പൊന്നാനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു. എന്നാല്‍ 1967-ല്‍ തിരൂര്‍-പൊന്നാനി പുഴയ്ക്ക് കുറുകെ മാങ്ങാട്ടിരിയില്‍ പാലം വന്നതോടെ റോഡുമാര്‍ഗ്ഗമുള്ള ഗതാഗതം ആരംഭിച്ചു. വെട്ടം പഞ്ചായത്തില്‍ ആദ്യമായി വൈദ്യുതിയെത്തിയത് 1953-ല്‍ മംഗലം പ്രദേശത്താണ്. 1950-കളുടെ തുടക്കത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സജീവസാന്നിധ്യം വെട്ടത്തുനാടിന്റെ പുരോഗതിയെ കാര്യമായി സ്വാധീനിച്ചു. ആര്‍.മുഹമ്മദ്, ഗോപാലമേനോന്‍, അലിഅക്ബര്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, എം.ആര്‍.നമ്പൂതിരി, അച്യുതന്‍ നമ്പൂതിരി, പള്ളീരി ഗോപാലന്‍, കമ്മുക്കുട്ടി, കെ.സി.ബാവ, കോരുസാഹിബ്, നമ്പീശന്‍, മുഹമ്മദാലി തുടങ്ങിയ നിരവധി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും, സി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സി.കെ.വി.കുഞ്ഞമ്മദ്, ആര്‍.കുഞ്ഞാപ്പ തുടങ്ങിയ മുസ്ളീംലീഗ് പ്രവര്‍ത്തകരും ഈ ഘട്ടത്തിലാണ് പൊതുരംഗത്ത് വരുന്നത്.

സാംസ്കാരികചരിത്രം

മഹാകവി വള്ളത്തോള്‍ ബാല്യകാലവിദ്യാഭ്യാസം നിര്‍വ്വഹിച്ചത് മംഗലം തെക്കുമ്പാട് മനയില്‍ നിന്നാണ്. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഇവിടെ ആധുനിക വിദ്യാഭ്യാസരംഗത്തിനു തുടക്കം കുറിക്കപ്പെട്ടു. അതിന്റെ ഭാഗമായി അക്കാലത്ത് കൂട്ടായിയില്‍ ഇംഗ്ളീഷുകാര്‍ ഒരു വിദ്യാലയം ആരംഭിച്ചിരുന്നു. വെള്ളക്കാരോടുള്ള ശക്തമായ എതിര്‍പ്പു കാരണം നാട്ടുകാര്‍ സ്ക്കൂള്‍ പിന്നീട് മംഗലത്തേക്കാണ് മാറ്റി സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനം തുടര്‍ന്നു. മുസ്ളീങ്ങളും ഹിന്ദുക്കളുമാണ് ഇവിടുത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും. നിരവധി ക്ഷേത്രങ്ങളും മുസ്ളീം ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട് പുല്ലൂണികാവ് ക്ഷേത്രം, മാളിക്കാഴത്ത് ക്ഷേത്രം, മംഗലം ടൌണ്‍ ജുമാ മസ്ജിദ്, കൂട്ടായി ടൌണ്‍ മസ്ജിദ്, പെരുന്തുരുത്തി പഴയ ജുമാമസ്ജിദ് തുടങ്ങിയവയാണ് പ്രധാന ദേവാലയങ്ങള്‍. പുല്ലൂണികാവ് ഉത്സവം, കൊല്ലടത്ത് ദേവീക്ഷേത്രോത്സവം, മാളികത്താഴത്ത് ക്ഷേത്രോത്സവം മുതലായവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവാഘോഷങ്ങള്‍. സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടടുത്ത വര്‍ഷം സ്ഥാപിതമായ മംഗലം കലാസമിതിയിലൂടെ ചന്ദ്രശേഖരന്‍മാസ്റ്ററും, വിശ്വനാഥന്‍മാസ്റ്ററുമൊക്കെ തുടങ്ങിവെച്ച കലാപ്രവര്‍ത്തനങ്ങള്‍ 1950-കളുടെ രണ്ടാംപകുതിയില്‍ വെട്ടത്തുനാട്ടുകാരുടെ മുഴുവന്‍ ആവേശമായി മാറി. ചെറുകാടിന്റെ “കുട്ടിത്തമ്പുരാട്ടിയും തറവാടിത്തവു”മൊക്കെ നാടെങ്ങും അരങ്ങേറിയപ്പോള്‍ വെട്ടത്തുനാട് ഒരു സാംസ്ക്കാരിക വിപ്ളവത്തിന്റെ തീപ്പന്തം ഏറ്റുവാങ്ങുകയായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ജനിച്ചതും വളര്‍ന്നതും മംഗലം ഗ്രാമത്തിലാണ്. വള്ളത്തോള്‍ സാംസ്കാരികകേന്ദ്രം, കൂട്ടായി ആസാദ് ലൈബ്രറി, സീതിസാഹിബ് മേമ്മോറിയല്‍ വായനാശാല, അലി അക്ബര്‍സാഹിബ് മെമ്മോറിയല്‍ സാംസ്കാരികകേന്ദ്രം എന്നിവയാണ് പഞ്ചായത്തിലെ കലാ-സാംസ്കാരിക കേന്ദ്രങ്ങള്‍. ഇന്ന് സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. മൌലാന കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്‍, മൌലാന ഐ.റ്റി.സി. എന്നിവ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രങ്ങളാണ്. എം.എം.എം.എച്ച്.എസ്.എസ്.കൂട്ടായി, വള്ളത്തോള്‍ എ.യു.പി.എസ് മംഗലം, വി.വി.യു.പി.എസ് ചേന്നര തുടങ്ങി പതിനഞ്ചാളം സ്കൂളുകള്‍ പഞ്ചായത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.