ചരിത്രം

പരമ്പരാഗതമായിട്ടുള്ള സാമൂഹ്യഘടനകളും സവര്‍ണ്ണ നാടുവാഴി ജന്മി നാടുവാഴിത്ത മേധാവിത്വത്തിനും  സമൂലമാറ്റം വരുത്തിയത് പ്രധാനമായും കാര്‍ഷിക ഭൂപരിഷ്ക്കരണ നിയമങ്ങളും കൊല്ലവര്‍ഷം 1080-ലും 1081-ലും ഈ പഞ്ചായത്തില്‍ സ്ഥാപിക്കപ്പെട്ട രണ്ട് സ്ക്കൂളുകളുടെ ആരംഭത്തോടെയുമായിരുന്നു.മണീടു പഞ്ചായത്തില്‍ നെച്ചുരിലുള്ള സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ സ്ഥാപനം കൊല്ലവര്‍ഷം 630 ലാണെന്നു കരുതപ്പെടുന്നു. ഈ പള്ളിയുടെ ഏകദേശം ഒരു കിലോമീറ്റര്‍ അടുത്തായി സുന്ദരമായ മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മടക്കില്‍ ശ്രീഭദ്രകാളി ക്ഷേത്രം 500-ല്‍ അധികം വര്‍ഷം പഴക്കമുള്ളതാണെന്നു കരുതപ്പെടുന്നു.വെട്ടിത്തറ അയ്യപ്പന്‍കുന്ന് ശാസ്താ ക്ഷേത്രത്തിലെ പേട്ടതുള്ളലും മണീട് മാര്‍ കുര്യാക്കോസ് സഹദാപള്ളിയില്‍ നിന്നുള്ള മഞ്ഞനിക്കര തീര്‍ത്ഥയാത്രയും ഹന്ദു-ക്രിസ്ത്യന്‍ മതമൈത്രിയുടെ പ്രതീകമായി ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.ഐതീഹ്യങ്ങളില്‍ നിന്നും നാട്ടറിവുകളില്‍ നിന്നുമാണ് ഈ നാടിന്റെ ചരിത്രത്തെക്കുറിച്ച് ഒരേകദേശ ചിത്രം കിട്ടുന്നത്. മണീട് എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തിയെക്കുറിച്ചുതന്നെ മനോഹരമായ ഒരു ഐതീഹ്യം പഴയ തലമുറ പറഞ്ഞുതന്നെിട്ടുണ്ട്.ഉദയംപേരൂര്‍ എന്ന സ്ഥലത്തുനിന്നും ഹിന്ദുക്കള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചുവെന്നും അതിനാല്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ പീഢനം സഹിക്കാന്‍ കഴിയാതെ സ്വദേശത്തുനിന്നും കൂട്ടത്തോടെ പലായനം ചെയ്തുവെന്നും മണീടിലെ നെച്ചുരിലെത്തുകയും കൂട്ടം പിരിഞ്ഞുപോയവരെ ഒന്നിപ്പിക്കുന്നതിനുവേണ്ടി വല്യ ഉച്ചത്തില്‍ മണിയടിക്കുകയും ചെയ്തു. മണിയടിച്ച സ്ഥലം ക്രമേണ മണീട് ആയി എന്നാണ് ഐതീഹ്യം

വിദ്യാഭ്യാസ ചരിത്രം

ഹരിജന പിന്നോക്കാദി വിഭാഗങ്ങള്‍ക്ക് തിരുവിതാംകൂറില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അനുവാദം ഇല്ലാതിരുന്ന കാലത്ത് കൊച്ചി പ്രദേശത്തുപെടുന്ന പുളിക്കമാലി സ്ക്കൂളില്‍ വിദ്യാഭ്യാസം ചെയ്തവര്‍ മണീട് പഞ്ചായത്തില്‍ ധാരാളമുണ്ട്. മണീടില്‍ സ്ക്കൂള്‍ ആരംഭിക്കുന്നതിന് മുമ്പ് കുടില്‍ പള്ളിക്കൂടുങ്ങളും നിലത്തെഴുത്തു കളരികളും ഉണ്ടായിരുന്നു. അക്കാലങ്ങളില്‍ സംസ്കൃത സംബന്ധമായ പഠനവിഷയങ്ങളാണ് മിക്കവാറും ഉണ്ടായിരുന്നത്.ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം കൊല്ലവര്‍ഷം 1080-ല്‍ വെട്ടിത്തറ (മുക്കാത്തറ)യില്‍ ആരംഭിച്ചു. കൊല്ലവര്‍ഷം 1081-ല്‍ മണീടില്‍ ഒരു മലയാളം സ്കൂള്‍ കൂടി അനുവദിച്ചു. ഈ സ്കൂള്‍ 1962-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി.1988-ല്‍ പ്രിന്റിംഗ് ആന്റ് ടെക്നോളജി കോഴ്സ് തുടങ്ങിക്കൊണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തി.മണീടില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുന്നതിനുമുമ്പ് മുളന്തുരുത്തി, വടവുകോട്, കൂത്താട്ടുകുളത്തിനടുത്തുള്ള വടകര എന്നിവിടങ്ങളില്‍ നിന്നാണ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നേടിയിരുന്നത്. അനൌപചാരിക വിദ്യാലയങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്.

സാംസ്കാരിക ചരിത്രം

പഴയ തിരുവിതാംകൂറും കൊച്ചിയും സവര്‍ണ്ണമേധാവിത്വത്തിന്റെ പിടിയിലായിരുന്നുവെങ്കിലും വിദ്യാഭ്യാസം പോലുള്ള പ്രശ്നങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഈ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്നു. പണ്ടുകാലത്ത് മണീട് പ്രദേശത്തെ പിന്നാക്ക ജാതിക്കാര്‍ കൊച്ചി പ്രദേശത്തുള്ള സ്ക്കൂളുകളില്‍ പോയി വിദ്യാഭ്യാസം ചെയ്തിരുന്നു. മണീടില്‍ ആദ്യമായി സ്ക്കൂള്‍ സ്ഥാപിതമായത് കൊല്ലവര്‍ഷം 1080 ലാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും സൌഹാര്‍ദ്ദത്തോടെ വസിക്കുന്ന പ്രദേശമാണ് ഇത്. പാമ്പാക്കുട ബ്ളോക്കില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ വസിക്കുന്ന പഞ്ചായത്താണ് ഇത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ ഈ പ്രദേശത്ത് നിലനിന്നിരുന്നു. ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഈ പ്രദേശത്ത് ധാരാളമായിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ക്രിസ്ത്യന്‍ പള്ളികളിലെ പെരുന്നാളുകളും എല്ലാ ജാതിമത വിഭാഗക്കാരും ഒത്തുചേര്‍ന്നാണ് ആഘോഷിക്കാറുള്ളത്.വെട്ടിത്തറയിലുള്ള അയ്യപ്പന്‍ കുന്നല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭരണി മഹോത്സവം വിവിധ ജാതിമത വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ജനകീയ കമ്മറ്റിയാണ് നടത്തുന്നത്. ഇത് മതസൌഹാര്‍ദ്ദത്തിന്റെ ഒരു ഉദാത്ത മാതൃകയാണ്.നാട്ടിലെ കാലാകാരന്മാരെ സംഘടിപ്പിച്ചു കൊണ്ടുള്ള ചെറുനാടക സംഘങ്ങള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. സാമൂഹ്യ നാടകങ്ങളായിരുന്നു ഇവയില്‍ പ്രധാനം. കര്‍ഷക തൊഴിലാളികളുടെ പണിയിടങ്ങളിലെ ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, തേക്കുപാട്ട് എന്നീ നാടന്‍ പാട്ടുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു.1940-കളില്‍ ഗ്രാമ പ്രദേശങ്ങളില്‍ രൂപം കൊണ്ട ഗ്രന്ഥശാലകള്‍ കേരളത്തിന്റെ സാംസ്കാരിക വളര്‍ച്ചയില്‍ ഗണനീയ സ്ഥാനം വഹിച്ചവയാണ്. പഞ്ചായത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന വായനശാലയാണ് 1948-ല്‍ ആരംഭിച്ച വി.എ.വായനശാല. നെച്ചൂര്‍ നേതാജി ലൈബ്രറി, പാമ്പ്ര ഉദയ ലൈബ്രറി, ഗ്രാമീണ വായനശാല മേമ്മുഖം എന്നിവയും പഞ്ചായത്തുനിവാസികള്‍ക്ക് വിജ്ഞാനമേകുന്നു.ഈ പഞ്ചായത്തില്‍ ധാരാളം ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബുകള്‍ ഉണ്ട്. ഈ ക്ളബ്ബുകള്‍ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വാര്‍ഷികാഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നു.ചെറുനാടക സംഘങ്ങള്‍, കോല്‍കളി, തുടികൊട്ട്, പാലപ്പന്‍ കാലകളി, ഗരുഡന്‍ തൂക്കം തുടങ്ങിയ നാടന്‍ കലാരൂപങ്ങളും ക്ഷേത്രകലകളും ഈ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നു.തിരുവേലി ശിവക്ഷേത്രത്തില്‍ കര്‍ക്കിടമാസത്തിലെ കറുത്തവാവിന് കേരളത്തിന്റെ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഭക്തജനങ്ങള്‍ വന്നത്താറുണ്ട്.