മാനന്തവാടി

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ മാനന്തവാടി ബ്ളോക്കിലാണ് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാനന്തവാടി അംശം, പയ്യംപള്ളി അംശം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മാനന്തവാടി ഗ്രാമപഞ്ചായത്തിന് 80.10 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.  പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കുഭാഗത്ത് കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാല്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് കബനി നദിയുമാണ്. പുരാതനകാലത്ത് വയനാടിന്റെ ആസ്ഥാനമായിരുന്നു മാനന്തവാടി. ജൈനമതം ശക്തിയാര്‍ജ്ജിച്ചിരുന്ന കാലത്ത് അതിന്റെ സാംസ്കാരികാടയാളങ്ങളോടുകൂടിയ സ്ഥലനാമങ്ങള്‍ പ്രത്യേകിച്ച് തിരുനെല്ലി, മാനന്തവാടി, പനമരം, ബത്തേരി എന്നീ പ്രദേശങ്ങളിലെ ഓരോ പ്രദേശത്തിനും ലഭിച്ചിട്ടുണ്ട്. വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ചെമ്പില്‍ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിന്റെ അടിഭാഗത്തു കാണുന്ന കര്‍ണ്ണാടക ലിപിയിലുള്ള ശാസനത്തില്‍ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയര്‍ത്തികാണിക്കപ്പെടുന്നു. കേരളവര്‍മ്മ പഴശ്ശിരാജാ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തെ തളയ്ക്കാന്‍ ബ്രിട്ടീഷ്പട്ടാളം തമ്പടിച്ചിരുന്ന പ്രധാനകേന്ദ്രമായിരുന്നു മാനന്തവാടി. പട്ടാളബാരക്കുകളും അവയുടെ അനുബന്ധസ്ഥാപനങ്ങളായ കാന്റീന്‍, ക്ളബ്ബ് എന്നിവയുടെ ശേഷിപ്പുകളും ഇപ്പോഴുമുണ്ട്. ഇവര്‍ക്കുവേണ്ടി പ്രത്യേകം ഏര്‍പ്പെടുത്തിയ സെമിത്തേരിയാണ് ഗോറിമൂലയിലുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴില്‍ വയനാട്, മലബാര്‍ ജില്ലയിലെ താലൂക്കുകളിലൊന്നായിരുന്നപ്പോള്‍ മാനന്തവാടി ആയിരുന്നു താലൂക്ക് ആസ്ഥാനം. സമുദ്രനിരപ്പില്‍ നിന്ന് 2570 അടി ഉയരത്തില്‍ ഡക്കാന്‍ പീഠഭൂമിയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന കുന്നുകളും താഴ്വരകളും വയലേലകളും ഇടകലര്‍ന്ന മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് മാനന്തവാടി പഞ്ചായത്ത്. പേര്യയില്‍ നിന്ന് ആരംഭിക്കുന്ന മാനന്തവാടി പുഴ പഞ്ചായത്തിന്റെ തെക്കുകിഴക്കേ അതിരുകളിലൂടെ ഒഴുകി കൂടന്‍കടവില്‍ വെച്ച് കബനിയില്‍ ലയിക്കുന്നു. 1935-ലാണ് മാനന്തവാടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കണിയാരം, ഒഴക്കോടി പ്രദേശങ്ങള്‍ അന്നത്തെ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഏതാണ്ട് ഇരുപതുചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമേ അന്നത്തെ പഞ്ചായത്തിനുണ്ടായിരുന്നുള്ളൂ.