ചരിത്രം

സാമൂഹ്യചരിത്രം

വില്യം ലോഗന്‍ ഒരു നൂറ്റാണ്ടു മുമ്പെഴുതിയ, “മലബാര്‍ മാന്വല്‍” എന്ന ചരിത്രഗ്രന്ഥത്തിലെ 9-ാം പേജില്‍, ജലസമൃദ്ധമായ ചാലിയാറിന്റെ കരയില്‍ കിടക്കുന്ന മമ്പാടിനെപ്പറ്റി, ഏത് കടുത്ത വരള്‍ച്ചയിലും ഒട്ടകമുതുകിന്റെ തണലില്‍ വിശ്രമിക്കുന്ന പ്രദേശമെന്ന് വിശേഷിപ്പിക്കുന്നു. ഏത് കടുത്ത വരള്‍ച്ചയിലും മമ്പാട് വരെ സുഗമമായ ജലഗതാഗതം സാധ്യമായിരുന്നു എന്നാണ് ഈ പ്രയോഗം അര്‍ത്ഥമാക്കുന്നത്. പാരമ്പര്യമായി, നെല്‍കൃഷിയുടെ നാടായിരുന്നു മമ്പാട്. നെല്‍കൃഷി കഴിച്ചുള്ള ബാക്കി മിക്കവാറും സ്ഥലങ്ങളിലും കശുമാവ് കൃഷി ചെയ്തുപോന്നു. പ്രസിദ്ധ ഉരുനിര്‍മ്മാണ കേന്ദ്രമായ ബേപ്പൂര്‍ തുറമുഖത്തേക്കും ഏഷ്യയിലെ ഏറ്റവും വലിയ മരവ്യവസായ കേന്ദ്രമായ കല്ലായിയിലേക്കും ആവശ്യമായ മേല്‍ത്തരം മരത്തടികള്‍ എത്തിച്ചുകൊടുത്തിരുന്ന കേന്ദ്രമായി പണ്ടേ തന്നെ മമ്പാട് വളര്‍ന്നുവന്നു. തല്‍ഫലമായി മമ്പാട് ക്രമേണ പ്രമുഖ മരവ്യവസായികളുടെ കേന്ദ്രമായി അറിയപ്പെട്ടുതുടങ്ങി. “മുതലാളി മമ്പാട്ടാണ്” എന്ന, ഏറനാട്ടില്‍ ഇന്നും പൊതുവായി ഉപയോഗിക്കുന്ന പഴഞ്ചാല്‍പ്രയോഗം, ഈ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടാണ് ഉടലെടുത്തത്. നൂറുകണക്കിനു മരത്തൊഴിലാളികളും ധാരാളം പണിക്കാരും ആയപ്പോള്‍, മമ്പാട് ഒരങ്ങാടിയും ആഴ്ചചന്തയും നിലവില്‍ വന്നു. ഇപ്പോള്‍ കുന്നുമ്മല്‍ അങ്ങാടിയിലുള്ള ചന്തത്തൊടിക എന്ന സ്ഥലത്തായിരുന്നു അന്നത്തെ ആഴ്ചചന്ത. മരവ്യവസായവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ചെയ്തുവന്നിരുന്നത് ഈ പ്രദേശത്തെ മുസ്ളീങ്ങളായിരുന്നു. മരത്തടിക്ക് പ്രസിദ്ധമായ നിലമ്പൂര്‍ വനങ്ങളിലെ മരങ്ങളും, മറ്റ് വനസമ്പത്തുകളും അളന്ന് തിട്ടപ്പെടുത്തുകയും ഔദ്യോഗിക മുദ്ര (ചാപ്പയടിക്കല്‍) രേഖപ്പെടുത്തുകയും ചെയ്തിരുന്നത് മമ്പാടിന്റെ ജലാതിര്‍ത്തിയിലുണ്ടായിരുന്ന കുഴിക്കയം എന്ന സ്ഥലത്തു വച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ടുതന്നെയാണ് ഗവ.ഫോറസ്റ്റ്് ചെക്ക് പോസ്റ്റ് മമ്പാട് ടാണയില്‍ (മുണ്ടേംതോട് മുക്ക് താണ-എം.എം.താണ) സ്ഥാപിക്കപ്പെട്ടത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് ഇവിടെയുള്ള മുസ്ളീങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാലയത്തിനുള്ള സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ദൌത്യസംഘം ടിപ്പുവിനെ സമീപിച്ചു. അദ്ദേഹം പള്ളിക്കാവശ്യമായ സ്ഥലം നിര്‍ണ്ണയിച്ചു നല്‍കുന്നതിനുവേണ്ടി പ്രസിദ്ധമായ നിലമ്പൂര്‍ കോവിലകം വലിയ തമ്പുരാന് ഒരു ഔദ്യേഗിക കത്ത് നല്‍കുകയാണുണ്ടായത്. പടയോട്ടം കഴിഞ്ഞ് താന്‍ തിരിച്ചുപോയാലും പ്രസ്തുത പള്ളിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ടിപ്പുവിന്റെ ദീര്‍ഘവീക്ഷണമായിരുന്നു ഈ കത്ത് നല്‍കിയതിന്റെ പിന്നില്‍. കോവിലകം വലിയ തമ്പുരാന്റെ നിര്‍ദ്ദേശമനുസരിച്ച് മമ്പാട് അങ്ങാടിക്ക് സമീപം പുഴവക്കിനോട് ചേര്‍ന്ന സ്ഥലം മുസ്ളീങ്ങള്‍ക്കു നല്‍കുകയും ചെറുപള്ളി എന്നറിയപ്പെടുന്ന പ്രാര്‍ത്ഥനാലയം നിര്‍മ്മിക്കപ്പെടുകയും ചെയ്തു. ഇതാണ് മമ്പാട്ടെ ആദ്യത്തെ മുസ്ളീം പള്ളി. ചെറുപള്ളിയുടെ തൊട്ടു മുമ്പിലായി മമ്പാട് വലിയ ജാറം സ്ഥിതിചെയ്യുന്നു പ്രസിദ്ധനായ മമ്പുറം തങ്ങളുടെ കുടുംബത്തില്‍ പെട്ട സെയ്യിദ് സീതി തങ്ങളുടെ മൃതദേഹമാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്. ഏറനാട്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ എം.ഇ.എസ്.മമ്പാട് കോളേജ്, മമ്പാട് യത്തീം ഖാന, മമ്പാട് ആശുപത്രി, നിലവിലുള്ള ശുദ്ധജലവിതരണപദ്ധതി, പുളിക്കലോടിയിലെ കോളനിവീടുകള്‍, ഈ പ്രദേശത്തെ ആദ്യത്തെ യു.പി.സ്ക്കൂള്‍, നിരവധി പൊതുകിണറുകള്‍, കുളങ്ങള്‍, നിരത്തുകള്‍, ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പിന്നിലുള്ള അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിന്റെ പുത്രിമാരായ ആമിനക്കുട്ടിയും പാത്തുമ്മകുട്ടിയും കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക വനിതാ കോണ്‍ട്രാക്റ്റര്‍മാരായതും യാദൃശ്ചികമല്ല. 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രത്യേകിച്ച് പ്രതികരണമൊന്നും ഈ പ്രദേശത്തുണ്ടായിരുന്നില്ല. മുസ്ളിയാര്‍ ഖാന്‍ സാഹിബ്, മധുരക്കറിയന്‍ ബീരാന്‍ അധികാരി എന്നീ പ്രമുഖരുടെ യുക്തിസഹമായ ഇടപെടലുകളായിരുന്നു ഇതിന് സഹായകമായിരുന്നത്. അക്കാലത്ത് നിലമ്പൂര്‍കോവിലകം, നടുവത്ത് മന എന്നിവയുടെ സംരക്ഷണത്തിന് ഈ ഗ്രാമത്തിലെ മുസ്ളീങ്ങള്‍ തന്ന മുന്നിട്ടിറങ്ങി എന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടതാണ്. വാഗണ്‍ ട്രാജഡിയില്‍ രക്തസാക്ഷിത്വം വരിച്ച 35 പേരില്‍ ഒരാള്‍ മമ്പാട്ടുകാരനായ കൂലിവേല ചെയ്തു ജീവിച്ചിരുന്ന ഇല്ലിക്കല്‍ ഹൈദ്രു എന്ന വ്യക്തിയായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും ആശയങ്ങള്‍ മമ്പാട്ടും അലയടിച്ചുതുടങ്ങിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനകത്ത് സോഷ്യലിസ്റ്റ്് ഗ്രൂപ്പായി നിന്നവര്‍ പിന്നീട് കമ്യൂണിസ്റ്റുപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തദനുസൃതമായ ചലനങ്ങള്‍ മാമ്പാട്ടും ഉണ്ടായി. മമ്പാട്ടെ ആദ്യത്തെ കമ്യൂണിസ്റ്റുകാരനായി അറിയപ്പെടുന്ന എരഞ്ഞിക്കല്‍ മോയിന്‍കുട്ടിയെ കൂടാതെ, കടവത്ത് സീതിക്കുട്ടി, പുളിക്കല്‍ മുഹമ്മദ്, ചീരക്കുഴിയില്‍ കറുപ്പന്‍, ചീരക്കുഴിയില്‍ കുമാരന്‍, സദക്കത്ത്, പുളിക്കലൊടിയിലെ അബ്ദുറഹിമാന്‍, മധുരക്കറിയന്‍ ബീരാന്‍ എന്നിവരായിരുന്നു ആദ്യകാലത്ത് രംഗത്തുണ്ടായിരുന്നത്.

സാംസ്കാരികചരിത്രം

ഗോളശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന ഖാസിയാരത്ത് പൂക്കോയതങ്ങള്‍, അര്‍ത്ഥഗര്‍ഭങ്ങളായ നിരവധി ലേഖനങ്ങളെഴുതിയിരുന്ന കെ.പി.കെ.തങ്ങള്‍, സങ്കീര്‍ണ്ണമായ മനശ്ശാസ്ത്രവിഷയങ്ങള്‍ ലളിതമായ മലയാളത്തില്‍ വാരികകളിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിരുന്ന പി.കുഞ്ഞാലന്‍ (പി.കെ.മമ്പാട്) എന്നിവരെ അഭിമാനത്തോടെയാണ് ഈ ഗ്രാമം സ്മരിക്കുന്നത്. സ്വന്തം സമുദായത്തിന്റെ പോലും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പൊതുനാടക കലാരംഗത്തു പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യത്തെ മുസ്ളീം വനിതയായ നിലമ്പൂര്‍ ആയിഷ എന്ന മുത്തപ്പട്ട ആയിശാബി ജനിച്ചതും വളര്‍ന്നതും രംഗത്തു വന്നതും മമ്പാട്ടിന്റെ തിരുമുറ്റത്തു നിന്നു തന്നെയായിരുന്നു. ഇന്ന് തുടര്‍ച്ചയറ്റുപോയെങ്കിലും ഒരുകാലത്ത് മമ്പാടിന്റെ ശാന്തമായ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നിരുന്ന മാപ്പിളശീലുകള്‍, കല്യാണരാത്രികളും മറ്റാഘോഷരാവുകളും പാടിവെളുപ്പിച്ച വായ്പ്പാട്ടുമത്സരക്കാര്‍, കോല്‍ക്കളി ചിലമ്പിന്റെ താളവിന്യാസത്തോടൊപ്പം ഉയര്‍ന്നു പൊങ്ങിയ ചെണ്ടകുഴല്‍ വിളികളും, ആദിവാസികളുടെ ദുഡൈമുട്ടും ഹരിജനങ്ങളുടെ ചവിട്ടുകളിയും അകമ്പടിയായി മുത്തുക്കുടകള്‍ക്കു പിന്നില്‍ സ്വയം മറന്ന് നീങ്ങിയ പെട്ടിവരവു നേര്‍ച്ചകള്‍, ഉള്‍പ്രദേശങ്ങളുടെ സാംസ്കാരികത്തുടിപ്പുകളായി നിറഞ്ഞുനിന്നിരുന്ന പുല്ലാനികുഞ്ഞന്‍ തുടങ്ങിയ പൂരകാഴ്ചകള്‍, അന്യംനിന്നുപോയ ഹദ്ദാദ്, കൈമുട്ട്, ബൈനീളം കാരകളി, പലിശതട്ട്, പടാളി തുടങ്ങിയ കലാകായികരൂപങ്ങള്‍, വാരികകളിലും, ഇതര ആനുകാലികങ്ങളിലും സര്‍ഗ്ഗസിദ്ധി വാരിവിതറിയ എഴുത്തുകാര്‍, ദൈനംദിന വ്യവഹാരങ്ങള്‍ പോലും അവിശ്വസനീയമായ ചടുലതയില്‍ അവതരിപ്പിച്ച് നമ്മെ അമ്പരപ്പിച്ച നിമിഷ കവികള്‍, ഇങ്ങനെ എത്രയെത്ര അമൂല്യനിധികള്‍ പഞ്ചായത്തിന്റെ സംസ്കാരിക ഭണ്ഡാകാരത്തില്‍ നിന്നെടുത്ത് കാണിക്കാനുണ്ട്. 1959-ല്‍ സ്ഥാപിതമായ മമ്പാട് യൂത്ത്സ് അസോസിയേഷന്‍ ലൈബ്രറി ആന്റ് വായനശാലയാണ് മമ്പാട്ടെ ആദ്യത്തെ ഗ്രന്ഥശാല. സി.എച്ച്.ഹംസ മാസ്റ്റര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, കെ.പി.കെ.തങ്ങള്‍, കെ.പോക്കുട്ടി, ഇസ്മായില്‍ കുട്ടി, പി.എം.കുട്ടി തുടങ്ങിയവര്‍ മുന്‍കൈ എടുത്താണ് ഈ വായനശാല സ്ഥാപിച്ചത്. സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും സജീവമായി നടത്താനും ഭൂരിപക്ഷം നിരക്ഷരരെയും സാക്ഷരരാക്കി മാറ്റാനും ഈ പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്.