പഞ്ചായത്തിലൂടെ

മമ്പാട് - 2010

1962 ജനുവരി ഒന്നിനാണ് മമ്പാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 67.93 ച.കി.മീ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, നിലമ്പൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് തിരുവാലി, നിലമ്പൂര്‍ പഞ്ചായത്തുകള്‍ തെക്ക് തിരുവാലി, എടവണ്ണ പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഊര്‍ങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകള്‍ എന്നിവയാണ്. മമ്പാട് ഗ്രാമപഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 33590 ആണ്. അതില്‍ 16,693 പേര്‍ സ്ത്രീകളും, 16,897 പേര്‍ പുരുഷന്‍മാരുമാണ്. പഞ്ചായത്തിന്റെ സാക്ഷരതാ നിരക്ക് 100 ശതമാനമെന്നത് അഭിമാനകരമായ കാര്യം തന്നെയാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് മമ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ല്, നേത്രവാഴ മരച്ചീനി, പയര്‍, വെള്ളരി എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷി വിളകള്‍. ചാലിയാര്‍പുഴ, കുതിരപുഴ, കക്കുംപള്ളിതോട്, എളംപുഴതോട് തുടങ്ങിയ പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകളാണ്. 11 കുളങ്ങള്‍ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. 50 പൊതുകിണറുകളും 200 പൊതു കുടിവെള്ളടാപ്പുകളും പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയില്‍ 1726.369 ഹെക്ടര്‍ വന മേഖലയാണ്. 287 തെരുവു വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കാട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. നിലമ്പൂര്‍ റയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് ,സ്ഥിതിചെയ്യുന്നത്. നിലമ്പൂര്‍ ബസ് സ്റ്റാന്റാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം. ഊട്ടി-കോഴിക്കോട് റോഡാണ് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പ്രധാന റോഡ്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. വടപുറം പാലം, മമ്പാട് പാലം, കുണ്ടുതോട് പാലം എന്നിവ ഈ പഞ്ചായത്തിലെ പ്രധാന പാലങ്ങള്‍. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലാ എങ്കിലും പുളിക്കലോടി പപ്പട നിര്‍മ്മാണം, തോട്ടിന്‍കര, പൊങ്ങള്ളൂര്‍ എന്നിവിടങ്ങളിലുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണം തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന ചെറുകിട വ്യവസായങ്ങളാണ്. മേപ്പാടം മണ്‍പാത്ര നിര്‍മ്മാണമാണ് പഞ്ചായത്തിലെ പരമ്പരാഗത വ്യവസായം. പുളിക്കലോടി ഓട്, ഇഷ്ടിക നിര്‍മ്മാണം, പൊങ്ങല്ലൂര്‍ ചെമ്മരം, ഹോളോബ്രിക്സ് നിര്‍മ്മാണം എന്നിവ പഞ്ചായത്തിലെ പ്രധാന ഇടത്തര വ്യവസായങ്ങളാണ്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 2 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരോ മാവേലിസ്റ്റോറും നീതിസ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സ് ആണ് മമ്പാടിലെ പയ്രധാന ഷോപ്പിംഗ് കോംപ്ളക്സ്. മമ്പാട് ടൌണില്‍ പ്രവര്‍ത്തിക്കുന്ന ആഴ്ച ചന്തയാണ് ഈ പഞ്ചായത്തിലെ പ്രധാന ചന്ത. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 6 ക്ഷേത്രങ്ങളും, 36 മുസ്ളീം പള്ളികളും, 6 ക്രിസ്ത്യന്‍ പള്ളികളും പഞ്ചായത്തിന്റെ അങ്ങിങ്ങായി നിലകൊള്ളുന്നു. സെന്റ് ജോസഫ് പള്ളി പെരുന്നാള്‍, പന്തലിങ്ങല്‍ ഭക്തപ്രിയ ഇത്സവം എന്നീ വിവിധ ഉത്സവങ്ങള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന കാഞ്ഞിരാന്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, അത്തന്‍മോയില്‍ അധികാരി എന്നിവര്‍ പഞ്ചായത്തിന്റെ സാമൂഹിക മേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്. രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളായ പി. അബ്ദുല്‍ കരീം, സി.പി.എ.ഷുക്കൂര്‍, കെ.സി.കരീം മൌലവി എന്നിവര്‍ മമ്പാട് ഗ്രാമപഞ്ചായത്തിന്റെ അഭിമാനമാണ്. സി. എച്ച്. മുഹമ്മദ് കോയ ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, ഖാന്‍ ലൈബ്രറി, ധന്യ വായനശാല എന്നിവ പഞ്ചായത്തിലെ പ്രധാന കലാ-കായിക-സാംസ്കാരിക സ്ഥാപനങ്ങളാണ്.
ആഗോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. മമ്പാട്, കട്ടപ്പാറ എന്നിവിടങ്ങളിലായി ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങവും പന്തലിങ്ങല്‍, പുളിക്കലേയി, വടപ്പുറം ഇവിടങ്ങളിലായി ഓരോ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പുള്ളിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വദ ആശുപത്രിയാണ് പഞ്ചായത്തിലെ മറ്റൊരു പ്രധാന ആരോഗ്യകേന്ദ്രം. മൃഗസംരക്ഷണത്തിനായി പുളിക്കലോടില്‍ ഒരു മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ എം.ടി.എസ്എച്ച്.എസ്.എസ്. റഹ്മാനിയ, കപാങ്ങലൂര്‍ എല്‍.പി.സ്കൂള്‍ സര്‍ക്കാര്‍ മേഖലയില്‍ ജി.വി.എച്ച്.എസ്.എസ്. എന്നിവ ഈ പഞ്ചായത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. നിരവധി സാമൂഹ്യ സ്ഥാപനങ്ങള്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. വടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വൃദ്ധസദനമായ ശാന്തി ആശ്വാസ ഭവനം, വികലാംഗര്‍ക്കുള്ള സ്ഥാപനമായ ബദനിയൂ പുളിക്കല്‍പടി എന്നിവ മമ്പാട് പഞ്ചായത്തിലെ പ്രധാന സാമൂഹ്യ സ്ഥാപനങ്ങളാണ്. ബാങ്കിംഗ് രംഗത്ത് വനിതാ സഹകരണ ബാങ്ക്, മമ്പാട് കോ-ഓപ്പറേറ്റീവ് ബാങ്ക്, റൂറല്‍ സഹകരണ ബാങ്ക് തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ്. അറിവിന്റെയും വായനയുടെയും വിശാലമായ ലോകമാണ് ഇവിടുത്തെ വായനശാല തുറന്ന് കൊടുത്തിരിക്കുന്നത്. എളംപുഴ അംബേദ്കര്‍ ഗ്രന്ഥശാല, യാന്‍, ധന്യ, സി. എച്ച്. മുഹമ്മദ്കോയ വായനശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വായനശാലകള്‍. പഞ്ചായത്തിലെ പൊതു പരിപാടികളും വിവാഹവും മറ്റും നടത്തുന്നതിനായി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ വക ഒരു കല്യാണ മണ്ഡപവും വടപുറത്ത് പ്രവര്‍ത്തിക്കുന്നണ്ട്. ഒരു തപാല്‍ ഓഫീസ് ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുള്ളിപ്പാടം, മമ്പാട് വില്ലേജ് ഓഫീസ്, മമ്പാട് കൃഷിഭവന്‍ ഓഫീസ് എന്നിവ പഞ്ചായത്തിലെ പ്രധാന സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളാണ്. കൂടാതെ റൂബി ലാറ്റക്സ്, വി. എം. ആര്‍. പി. ലാറ്റക്സ്, ആര്‍.കെ.ലാറ്റെക്സ്, ഏറനാട് ക്ളേപ്രൊഡക്ടസ് എന്നിവ പഞ്ചായത്തിലെ പ്രധാന സ്വകാര്യ സ്ഥാപനങ്ങളാണ്. 5 തപാല്‍ ഓഫീസും ഒരു കൊറിയര്‍ സര്‍വ്വീസും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മമ്പാട് ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നുണ്ട്.