മമ്പാട്

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍, വണ്ടൂര്‍ ബ്ളോക്കിലാണ് മമ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മമ്പാട്, പുള്ളിപ്പാടം, വണ്ടൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മമ്പാട് ഗ്രാമപഞ്ചായത്തിനു 67.93 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, നിലമ്പൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് തിരുവാലി, നിലമ്പൂര്‍ പഞ്ചായത്തുകള്‍ തെക്ക് തിരുവാലി, എടവണ്ണ പഞ്ചായത്തുകള്‍, പടിഞ്ഞാറ് ഊര്‍ങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകള്‍ എന്നിവയാണ്. പടിഞ്ഞാറേമുണ്ടം തോടും, കറുകമണ്ണ മലകളും, ഗ്രാമത്തിന്റെ മധ്യത്തിലൂടെ ഒരു പൊന്നരഞ്ഞാണമെന്ന പോലെ ഒഴുകുന്ന ചാലിയാര്‍പുഴയും മമ്പാട് ഗ്രാമത്തിന്റെ പ്രകൃതിമനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. വില്യം ലോഗന്‍ ഒരു നൂറ്റാണ്ടു മുമ്പെഴുതിയ, “മലബാര്‍ മാനുവല്‍” എന്ന ചരിത്രഗ്രന്ഥത്തിലെ 9-ാം പേജില്‍, ജലസമൃദ്ധമായ ചാലിയാറിന്റെ കരയില്‍ കിടക്കുന്ന മമ്പാടിനെപ്പറ്റി, ഏത് കടുത്ത വരള്‍ച്ചയിലും ഒട്ടകമുതുകിന്റെ തണലില്‍ വിശ്രമിക്കുന്ന പ്രദേശമെന്ന് വിശേഷിപ്പിക്കുന്നു. ഏത് കടുത്ത വരള്‍ച്ചയിലും മമ്പാട് വരെ സുഗമമായ ജലഗതാഗതം സാധ്യമായിരുന്നു എന്നാണ് ഈ പ്രയോഗം അര്‍ത്ഥമാക്കുന്നത്. പാരമ്പര്യമായി, നെല്‍കൃഷിയുടെ നാടായിരുന്നു മമ്പാട്. നെല്‍കൃഷി കഴിച്ചുള്ള ബാക്കി മിക്കവാറും സ്ഥലങ്ങളിലും കശുമാവ് കൃഷി ചെയ്തുപോന്നു. പ്രസിദ്ധ ഉരുക്കുനിര്‍മ്മാണ കേന്ദ്രമായ ബേപ്പൂര്‍ തുറമുഖത്തേക്കും ഏഷ്യയിലെ ഏറ്റവും വലിയ മരവ്യവസായ കേന്ദ്രമായ കല്ലായിയിലേക്കും ആവശ്യമായ മേല്‍ത്തരം മരത്തടികള്‍ എത്തിച്ചുകൊടുത്തിരുന്ന കേന്ദ്രമായി പണ്ടേ തന്നെ മമ്പാട് വളര്‍ന്നുവന്നു. കേരളത്തില്‍ പഞ്ചായത്തുകളുടെ രൂപീകരണത്തിനുമുമ്പ് ഈ പ്രദേശം മമ്പാട് അംശം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോര്‍ഡ് 1963 ഡിസംബര്‍ 28-നാണ് നിലവില്‍ വന്നത്. കുന്നുകള്‍ക്കിടയില്‍ പരന്നുകിടക്കുന്ന സമതലങ്ങളിലാണ് നെല്ല്, തെങ്ങ്, വാഴ, കപ്പ തുടങ്ങിയവ കൃഷിചെയ്യുന്നത്. കുന്നിന്‍ചെരിവുകളില്‍ റബ്ബര്‍, കശുമാവ് എന്നിവയുടെ കൃഷിയാണ് കൂടുതലുള്ളത്.