മല്ലപ്പള്ളി

പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കിലാണ് മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്. കുന്നന്താനം, മല്ലപ്പള്ളി, കവിയൂര്‍, ആനിക്കാട്, പെരുംപെട്ടി, കോട്ടാങ്ങല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്തിന് 126.24 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 വാര്‍ഡുകളുമുണ്ട്. വടക്കുഭാഗത്ത് മാടപ്പള്ളി, വാഴൂര്‍, കാഞ്ഞിരപ്പള്ളി ബ്ളോക്കുകളും, കിഴക്കുഭാഗത്ത് റാന്നി ബ്ളോക്കും, തെക്കുഭാഗത്ത് കോയിപ്രം, പുളിക്കീഴ് ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് മാടപ്പള്ളി, പുളിക്കീഴ് ബ്ളോക്കുകളുമാണ് മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. സാമാന്യം ഉയര്‍ന്ന പ്രദേശങ്ങളാണ് ഇവിടെ കൂടുതലായുമുള്ളത്. ഇടത്തരം കുന്നുകളും, ചരിവ് പ്രദേശങ്ങളും, പാറക്കെട്ടുകളും, സമതലപ്രദേശങ്ങളും, തോടുകളും, വയലുകളും ഇവിടുത്തെ ഭൂപ്രകൃതിയിലുണ്ട്. മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്തിനെ നെടുകെ വിഭജിച്ചുകൊണ്ട് വടക്കുതെക്കായി മണിമലയാര്‍ ഒഴുകുന്നു. പ്രധാനവിളകള്‍ റബ്ബര്‍, നെല്ല്, തെങ്ങ്, കുരുമുളക്, വാഴ, പച്ചക്കറികള്‍ ഇവയാണ്. കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയിലും പരിസ്ഥിതിയിലും സാരമായി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1956 ഏപ്രില്‍ രണ്ടിനാണ് മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. റോഡുശൃംഖല മാത്രമാണ് ഇവിടുത്തെ ഏക ഗതാഗത മാര്‍ഗ്ഗം. 1956 ഏപ്രില്‍ 2-ാം തിയതിയാണ് മല്ലപ്പള്ളി ബ്ളോക്ക് നിലവില്‍ വന്നത്. എന്‍.ഇ.എസ് ബ്ളോക്കായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് കൊല്ലം ജില്ലയിലെ തിരുവല്ലാ താലൂക്കില്‍ ഉള്‍പ്പെട്ട മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍, കൊറ്റനാട്, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം എന്നീ ഏഴു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതും 51.3 ചതുരശ്ര മൈല്‍ വിസതീര്‍ണ്ണമുള്ളതും 86972 ജനങ്ങള്‍ അധിവസിക്കുന്നതുമായ ഒരു പ്രദേശമായിരുന്നു മല്ലപ്പള്ളി ബ്ളോക്ക്.