ചരിത്രം

സാമൂഹിക-സംസ്ക്കാരിക ചരിത്രം

മഹാശിലയുഗമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള 3000 വര്‍ഷത്തോളം പഴക്കം വരുന്ന പ്രാചീന സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ മലയാലപ്പുഴയില്‍നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മയിലാടുംപാറ കോട്ടമുക്കുഭാഗത്തും കുമ്പളത്താമണ്ണിലും കാണുന്ന തൊപ്പിക്കല്ലുകള്‍ ഇതിന് തെളിവുകളാണ്. ചീങ്കല്‍ത്തടത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് റോഡ് നിര്‍മ്മിച്ചുകൊണ്ടിരിക്കുമ്പോള്‍ ചില മണ്‍കുടങ്ങള്‍ കണ്ടെത്തുകയുണ്ടായി. അഞ്ചടി പൊക്കവും 3 ഇഞ്ച് കനവും ഉണ്ടായിരുന്ന ഈ കുടങ്ങളില്‍ ചെറിയ വാളിന്റെയും മറ്റായുധങ്ങളുടെയുമൊക്കെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഈ കലങ്ങള്‍ക്ക് 2700 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയുന്നു. ഇറമ്പാത്തോടു ഭാഗത്ത് മുമ്പു കാണാനുണ്ടായിരുന്ന, ആഴവും വിസ്താരവുമേറിയ ശിലാഗുഹകളും ഈ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ്. മധ്യതിരുവിതാംകൂറിലെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നാണ് മലയാലപ്പുഴ ദേവീക്ഷേത്രം. ആയിരത്തിലധികം വര്‍ഷത്തെ പഴക്കം ഇതിനുണ്ട്. ക്ഷേത്രത്തിന്റെ ബലിക്കല്ലില്‍ കൊല്ലവര്‍ഷം 90 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ദീര്‍ഘകാലം പന്തളംരാജാക്കന്മാരുടെ അധീനതയില്‍ നിലനിന്നിരുന്ന മലയാലപ്പുഴ കാലാന്തരത്തില്‍ എളങ്ങല്ലൂര്‍ (ഇടപ്പള്ളി) സ്വരൂപത്തിന്റെ ദേശങ്ങളിലൊന്നായിമാറി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍വരെ ശക്തമായ ജന്മിത്വം ഇവിടെ നിലനിന്നിരുന്നു. തോമ്പില്‍ കൊട്ടാരത്തിലേക്ക് വാരവും, ഇടപ്പള്ളി സ്വരൂപത്തിലേക്ക് മിച്ചവാരവും ജനങ്ങള്‍ നല്‍കിയിരുന്നു. അനാഥമായിത്തീര്‍ന്ന തോമ്പില്‍ കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിയ്ക്കുന്നുള്ളൂ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒരുകാലത്ത് ഇവിടെ ശക്തമായിരുന്നു. 1940-കളില്‍ തന്നെ കുമ്പഴ എസ്റ്റേറ്റില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തിപ്പെട്ടിരുന്നു. അന്‍പതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ വലിയൊരു കര്‍ഷകപ്രസ്ഥാനം മലയാലപ്പുഴയില്‍ രൂപംകൊണ്ടു. മഹിളാപ്രസ്ഥാനവും ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. മലയാലപ്പുഴയിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം കൊല്ലവര്‍ഷം 1091 മിഥുനം 1-ാം തീയതി സ്ഥാപിതമായ മലയാലപ്പുഴ ഗവണ്‍മെന്റ് എല്‍.പി.സ്ക്കൂളാണ്. മലയാലപ്പുഴ ഗവണ്‍മെന്റ് എല്‍.പി.സ്ക്കൂള്‍ എന്ന പേരില്‍ ഇന്നും ഈ സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 1936-ല്‍ മലയാലപ്പുഴ ക്ഷേത്രത്തിനു സമീപം ആദ്യത്തെ മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. 1966-ല്‍ ആണ് ആദ്യമായി മലയാലപ്പുഴയില്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിതമായത്. മലയാലപ്പുഴ ക്ഷേത്രത്തിനു സമീപം പ്രൈമറി സ്ക്കുളിനോടനുബന്ധിച്ച് ഗവണ്‍മെന്റുടമയില്‍ പ്രവര്‍ത്തിച്ചിരുന്ന വായനശാലയാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ ഗ്രന്ഥശാല. ആയൂര്‍വേദചികിത്സാരംഗത്ത് അവഗണിക്കാനാവാത്ത പാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കൊട്ടാരം വൈദ്യന്‍ രാമവാര്യരുടെ ശിഷ്യന്‍ കൈപ്ളാവില്‍ പരമേശ്വരന്‍ നമ്പൂതിരി ഈ രംഗത്തെ ഒരു അതികായനായിരുന്നു. മലയാലപ്പുഴയ്ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ആദ്യകാലത്ത് രണ്ടു നടപ്പാതകള്‍ മാത്രമാണുണ്ടായിരുന്നത്. മുക്കുട്ടുങ്കല്‍-കണ്ണന്‍പാറ വഴിയുള്ള പാതയും, പത്തിയം-വെട്ടൂര്‍ വഴിയുള്ള പാതയും. കയറ്റങ്ങളും ഇറക്കങ്ങളും തോടുകളും പാറക്കെട്ടുകളും കൊണ്ട് അവ രണ്ടും ദുര്‍ഘടങ്ങളായിരുന്നുതാനും. 1914-ല്‍ നാട്ടുകാര്‍ ഒത്തുകൂടി കുമ്പഴ-മലയാലപ്പുഴ റോഡ് നിര്‍മ്മിച്ചു. ഇവിടെയുണ്ടായിരുന്ന ആദ്യകാലവീടുകള്‍ മുഴുവന്‍ പുല്ലുമേഞ്ഞവയായിരുന്നു. മുള, ഈറ, കഴകള്‍ എന്നിവ ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിരുന്നത്. മണ്ണുകൊണ്ട് ചുമരും ഉണ്ടാക്കിയിരുന്നു. വനൃമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ചുറ്റോടുചുറ്റും അഴികളുണ്ടാക്കി അതിന്‍മേലാണ് മേല്‍ക്കൂരകള്‍ ഉറപ്പിച്ചിരുന്നത്. കാലക്രമത്തില്‍ അറകളും നിരകളുമുള്ള പരിഷ്കൃതഭവനങ്ങള്‍ ഉണ്ടായിത്തുടങ്ങി. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും വീടുകളുടെ നിര്‍മ്മാണത്തിലാകെ മാറ്റംവന്നു. പുല്ലിന്റെ സ്ഥാനത്ത് ഓലയും ക്രമേണ ഓടും ഉപയോഗിച്ചുതുടങ്ങി. ഇപ്പോള്‍ നിര്‍മ്മിക്കുന്ന വീടുകള്‍ മിക്കതും കോണ്‍ക്രീറ്റുകെട്ടിടങ്ങളാണ്.