മലമ്പുഴ

പാലക്കാട് ജില്ലയില്‍ പാലക്കാട് താലൂക്കിലാണ് മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, എലപ്പുള്ളി, പൊല്‍പ്പുള്ളി, പുതുശ്ശേരി, പെരുവെമ്പ് എന്നീ എട്ടു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത്. എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേമ്പതി, പട്ടാഞ്ചേരി, മൂലത്തറ, വടകരപതി, പെരുമാട്ടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്തിന് 468.04 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് അട്ടപ്പാടി ബ്ളോക്കും, തമിഴ്നാട് സംസ്ഥാനവും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, ചിറ്റൂര്‍ ബ്ളോക്കും, തെക്കുഭാഗത്ത് പാലക്കാട്, ചിറ്റൂര്‍ മുനിസിപ്പാലിറ്റികളും, കുഴല്‍മന്ദം, കൊല്ലങ്കോട് ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് പാലക്കാട് മുനിസിപ്പാലിറ്റി, പാലക്കാട്, മണ്ണാര്‍ക്കാട് ബ്ളോക്കുകളുമാണ് മലമ്പുഴ ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ഉയര്‍ന്ന പര്‍വ്വതനിരകളും, സമതലങ്ങളും, താഴ്വരകളും നിറഞ്ഞതാണ് ഈ പ്രദേശത്തിന്റെ പൊതു ഭൂപ്രകൃതി. പാലക്കാട് ചുരത്തിന്റെ ഏതാണ്ട് മധ്യം മുതല്‍ വടക്കുവരെ മലമ്പുഴ ബ്ളോക്കുപ്രദേശം വ്യാപിച്ചുകിടക്കുന്നു. മലമ്പുഴ, അകത്തേത്തറ, പുതുശ്ശേരി പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലാണ് ഉയര്‍ന്ന പര്‍വ്വതങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ശരാശരി 1000 മീറ്റര്‍ ഉയരമുള്ള ശിഖരങ്ങള്‍ ഇവിടുത്തെ സഹ്യപര്‍വ്വതനിരകളിലുണ്ട്. ശേഷിച്ച പ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് 100 മീറ്റര്‍ ഉയരമുളള സമതലങ്ങളാണ്. എക്കല്‍മണ്ണ്, ചരല്‍മണ്ണ്, ചെമ്മണ്ണ്, വെട്ടുകല്‍മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്‍തരങ്ങള്‍. പ്രസിദ്ധമായ പാലക്കാട് ചുരത്തിന്റെ ഒരു ഭാഗം ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടാതെ പശ്ചിമഘട്ട മലനിര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മേഖലയാണ്. മലമ്പുഴ പഞ്ചായത്തില്‍ ടൂറിസം മേഖല വികസിച്ചുവരുന്നു. മലമ്പുഴ ഡാം, ഉദ്യാനം, തടാകം, സ്നേക്ക് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫാന്റസി പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, റോപ്പ് വേ എന്നിവ ധാരാളം ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന വിനോദ കേന്ദ്രങ്ങളാണ്. കേരളത്തിലെ ചൂടു കൂടിയ പ്രദേശങ്ങളിലൊന്നാണല്ലോ പാലക്കാട്. കടല്‍തീരത്തുനിന്നും വളരെ അകന്നു കിടക്കുന്നതുകൊണ്ട് വര്‍ദ്ധിച്ച താപനിലയാണ് അനുഭവപ്പെടുന്നത്. 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. താപനിലയുടെ ഏറ്റവും കൂടിയ ശരാശരി 37.1 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞത് 24.6 ഡിഗ്രി സെല്‍ഷ്യസുമാണ്. പൊതുവെ പറഞ്ഞാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് താപനില ഗണ്യമായി കുറഞ്ഞുകാണുന്നത്. ഭാരതപ്പുഴയുടെ പോഷക നദിയായ കല്‍പാത്തി പുഴയാണ് ഈ ബ്ളോക്കിലൂടെയൊഴുകുന്ന പ്രധാന നദി. കാലവര്‍ഷ കാലത്തു മാത്രം ജലസമൃദ്ധിയുള്ള ഈ നദി വേനലില്‍ മിക്കവാറും വരണ്ടുപോകുന്നു. 1991-ലാണ് മലമ്പുഴ ബ്ളോക്ക് നിലവില്‍ വന്നത്. മലമ്പുഴ ബ്ളോക്ക് പഞ്ചായത്തില്‍ 1995 ഒക്ടോബര്‍ 2-ന് നിലവില്‍ വന്ന ആദ്യ ജനകീയ ഭരണസമിതിയുടെ ആദ്യപ്രസിഡന്റ് വി.കാര്‍ത്തികേയന്‍ ആയിരുന്നു.