മാള

തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലാണ് മാള ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആളൂര്‍, അന്നമനട, കുഴൂര്‍, മാള, പൊയ്യ എന്നീ ഗ്രാമപഞ്ചായത്തുകളാണ് മാള ബ്ളോക്കില്‍ ഉള്‍പ്പെടുന്നത്. തിരുമുക്കുളം, കാക്കുലിശ്ശേരി, കുരുവിലശ്ശേരി, വടമ, വടക്കുംഭാഗം, അണ്ണല്ലൂര്‍, ആലത്തൂര്‍, കല്ലൂര്‍-തെക്കുംമുറി, ആളൂര്‍, താഴെക്കാട്, കല്ലേറ്റുംകര, പൊയ്യ, മാടത്തുംപടി, പള്ളിപ്പുറം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന മാള ബ്ളോക്കിനു 126.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് കൊടകര, ചാലക്കുടി ബ്ളോക്കുകളും, തെക്കുഭാഗത്ത് പാറക്കടവ് ബ്ളോക്കും, കിഴക്കുഭാഗത്ത് ചാലക്കുടി ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് കൊടുങ്ങല്ലൂര്‍, വെള്ളാങ്ങല്ലൂര്‍, ഇരിങ്ങാലക്കുട ബ്ളോക്കുകളുമാണ് മാള ബ്ളോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. തൃശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മാള ബ്ളോക്കിന്റെ കിഴക്കുതെക്കുഭാഗങ്ങളിലൂടെ ചാലക്കുടിപ്പുഴ ഒഴുകുന്നു. കുന്നുകള്‍, കുന്നിന്‍ചെരിവുകള്‍, സമതലങ്ങള്‍, പാറക്കെട്ടുകള്‍ എന്നിങ്ങനെ ഇവിടുത്തെ ഭൂപ്രകൃതിയെ തരംതിരിക്കാം. ഈ ബ്ളോക്ക് മുഴുവന്‍ സമതലപ്രദേശമല്ല. കുന്നുകള്‍, കുന്നിന്‍ചെരിവുകള്‍, അല്‍പം സമതലങ്ങള്‍, താഴെ വയലുകള്‍, വയലുകള്‍ക്ക് മധ്യത്തില്‍ തുരുത്തുകള്‍, വിശാലമായ വയലുകള്‍ക്ക് മധ്യേ തോടുകള്‍, അതിലേക്കുള്ള ചെറുതോടുകള്‍, ചിറകള്‍, കുന്നുകള്‍, ചെറിയ പാറക്കെട്ടുകള്‍ എന്നിങ്ങനെ എല്ലാമുള്ള വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ഈ ബ്ളോക്കിനുള്ളത്. മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്, എക്കല്‍ മണ്ണ്, ചെങ്കല്‍ മണ്ണ്, കളിമണ്ണ് എന്നീ മണ്ണിനങ്ങളാണ് സാധാരണയായി ഇവിടെ കണ്ടുവരുന്നത്. ആനമലയുടെയും മറ്റും ഓരപ്രദേശങ്ങള്‍ക്ക് പടിഞ്ഞാറായി ഇടനാട്ടില്‍ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ് മാളബ്ളോക്ക്. സമുദ്രസാമീപ്യമില്ലെങ്കിലും തെക്കുപടിഞ്ഞാറു ഭാഗത്തായി കൃഷ്ണന്‍കോട്ടകായലും, മുട്ടിക്കല്‍തോടും സ്ഥിതി ചെയ്യുന്നു. 1995 സെപ്റ്റംബര്‍ 30-തിനാണ് മാള ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. കുന്നത്തുനാട്്-ചാലക്കുടി കമ്മ്യൂണിറ്റി പ്രോജക്ടിന്റെ പരിധിയിലായിരുന്നു ആദ്യകാലത്ത് ഇന്നത്തെ മാള ബ്ളോക്ക് ഉള്‍പ്പെട്ടിരുന്നത്. 1956-ല്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനമേഖലയെ വിഘടിപ്പിച്ചപ്പോള്‍ മാള പോസ്റ്റേജ് ബ്ളോക്ക് നിലവില്‍ വന്നു. മാള ബ്ളോക്ക് പഞ്ചായത്ത് ഒരു കാര്‍ഷികമേഖലയാണ്. നെല്ല്, തെങ്ങ് എന്നിവയാണ് ഇവിടുത്തെ മുഖ്യവിളകള്‍. കവുങ്ങ്, വാഴ, ചേന, പച്ചക്കറികള്‍, സുഗന്ധദ്രവ്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ പരക്കെ കൃഷി ചെയ്യപ്പെടുന്നു.