ചരിത്രം

സാമൂഹ്യ സാംസ്കാരിക ചരിത്രം

തുളുനാടിന്റെ ഭാഗമായിരുന്ന തുളു ഭാഷ സംസാരിച്ചിരുന്ന നാടായിരുന്നു മധൂര്‍. തുളു രാജാവായിരുന്ന മായിലാ രാജവംശം ഇവിടെ ഭരിച്ചിരുന്നു എന്നതിന്, ഈ പ്രദേശത്തുള്ള പഴയ ചില കോട്ടകള്‍ സാക്ഷ്യം വഹിക്കുന്നു. ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ മായിപ്പാടിക്ക് സമീപത്തുള്ള മഞ്ചത്തടുക്ക, മധൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും കണാവുന്നതാണ്. പഴയ കുമ്പള സീമയുടെ കീഴില്‍ പ്രശസ്തമായ നാല് അമ്പലങ്ങളുണ്ടായിരുന്നതില്‍ ഒന്നാണ് മധൂരിലെ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം. ഈ അമ്പലം ഗദംബവംശത്തിലെ കുമ്പള രാജാക്കന്മാര്‍ വികസിപ്പിച്ചതായി അറിയപ്പെടുന്നു. കൊല്ലങ്കാനത്തെ ക്രിസ്ത്യന്‍ ദേവാലയം, പട്ളയും, മുട്ടത്തൊടിയിലുമുള്ള മസ്ജിദുകള്‍ മുതലായ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തെ വിളിച്ചറിയിക്കുന്നു. മായിപ്പാടി രാജാവിന്റെ ആസ്ഥാന ഗുസ്തി വീരനായിരുന്നു വാചാ എന്നറിയപ്പെട്ടിരുന്ന പുളിക്കൂര്‍ വാസുദേവന്‍. മധൂര്‍ പഞ്ചായത്തിലെ കാര്‍ഷിക യോഗ്യമായ 7300 ഓളം ഏക്കര്‍ ഭൂമിയില്‍ പ്രധാനമായി നെല്ല്, കവുങ്ങ്, തെങ്ങ്, പയര്‍വര്‍ഗ്ഗങ്ങള്‍ കൂടാതെ കശുമാവ് തുടങ്ങിയവ വിളവെടുപ്പ് നടത്തിയിരുന്നു. ഇവിടുത്തെ പ്രധാനപ്പെട്ട നാണ്യവിള കവുങ്ങ് കൃഷിയാണ്. കൃഷി മുഖ്യ തൊഴിലായ ഒരു പഞ്ചായത്താണ് മധൂര്‍ പഞ്ചായത്ത്. അതുകൊണ്ട് ഇവിടെ വ്യവസായം വളരെ പിന്നാക്കമായിക്കാണുന്നു. ഏകദേശം അയ്യായിരത്തോളം ജനങ്ങള്‍ ബീഡിതെറുത്ത് ജീവിക്കുന്നവരായി ഈ പഞ്ചായത്തിലുണ്ടായിരുന്നു. കന്നഡ, മലയാളം ഭാഷകളുടെ സംഗമ ഭൂമിയായ മധൂര്‍ പഞ്ചായത്തില്‍ മിക്ക സ്കുളുകളിലും മലയാളം, കന്നഡ ഭാഷയിലുള്ള വിദ്യാഭ്യാസം ഉണ്ട്. മധൂര്‍ പഞ്ചായത്തില്‍ ആദ്യമായി ആരംഭിച്ച വിദ്യാലയം പുളിക്കൂറില്‍ സ്ഥാപിച്ച ഷിരിബാഗിലു പ്രൈമറി വിദ്യാലയമാണ്. മത-ഭാഷ-സംസ്കാരങ്ങളുടെ സംഗമഭൂമിയായ ഈ പ്രദേശത്തെ ജനങ്ങള്‍ തങ്ങളുടെ ആചാരസംസ്കാരങ്ങള്‍ സംരക്ഷിച്ചുവരുന്നു. രാജവാഴ്ചകള്‍ക്ക് കീഴില്‍ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് ബല്ലാക്കന്മാരും ജീവിച്ചിരുന്നതായി തെളിവുകളുണ്ട്. അവരുടെ വീടുകള്‍ക്ക് തുളുഭാഷയില്‍ ബുഡു എന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് ഇവ സ്ഥലനാമങ്ങളായിത്തീര്‍ന്ന ഒന്നുരണ്ടു പ്രദേശങ്ങള്‍തന്നെ ഇപ്പോള്‍ പഞ്ചായത്തതിര്‍ത്തിയിലുണ്ട്. പണ്ടുമുതലേ ഇവിടെ താമസിച്ചുവന്നിരുന്നത് ഹിന്ദുക്കളാണ്. മാലിക് ദിനാര്‍ തങ്ങളുടെ ഒരു ചെറിയ കൂട്ടമായി ഉണ്ടായിരുന്ന മുസല്‍മാന്‍മാര്‍ പിന്നീട് വലിയ വിഭാഗമായി വരുകയാണുണ്ടായത്. ഗോവാ പ്രദേശങ്ങളില്‍ നിന്നും ഇവിടെ കുടിയേറിവന്ന റോമന്‍ കത്തോലിക്കര്‍ കൂടി ചേര്‍ന്നതോടെ ഇവിടെ സര്‍വമതസംസ്ക്കാരങ്ങളുടെ ഒരു സമന്വയം ഉണ്ടായി. ശ്രീ മധൂര്‍ ക്ഷേത്രം ദക്ഷിണഭാരതത്തിന്റെ പുണ്യക്ഷേത്രങ്ങളിലൊന്നാണ്. ലോക കമ്പോളത്തിന്റെ ഭാഗമായി ഇവിടുത്തെ മഹാഗണപതിക്ക് നാലുതവണ മൂഡപ്പസേവയും കോടിനാമാര്‍ച്ചനയും നടന്നിരുന്നു. ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളെ ഈ ക്ഷേത്രത്തിലേക്ക് ആകര്‍ഷിച്ചുവരുന്നു. മധൂരിലെ ശ്രീ കാളികാംബമഠം, കാളീസഹിത ഭുവനേശ്വരി ദേവാലയം എന്നിവ വിശ്വകര്‍മ്മസമാജക്കാരുടെ മുഖ്യധര്‍മ്മസ്ഥാപനങ്ങളാണ്.  നായാട്ട്, പോത്തോട്ടം, കോഴിയങ്കം, തേങ്ങമുട്ടല്‍, പകിടകളി, കാടിപ്പലകകളി, കോല്‍ക്കളി, നീരാട്ടങ്ങള്‍ എന്നിവ ഈ പ്രദേശത്തെ പ്രധാനപ്പെട്ട കളികളായിരുന്നു. വിഷു പത്തനാളെ (തുളു), തംബില, കെഡുവസം (ഏര്‍പ്പ്), മഞ്ച (പിതൃബലി), പര്‍ദ, ദീപാവലി, സേറ, നവരാത്രി, തുളസി പൂജ, യുഗാദി, ചതുര്‍ത്ഥി, അഷ്ടമി, നാഗരപഞ്ചമി, തീര്‍ത്ഥ അമാവാസി, മഹാല അമാവാസി, ഗോന്ദോളു പൂജ എന്നീ വിശേഷദിനങ്ങള്‍ ഇവിടങ്ങളിലെ ഹിന്ദുജനങ്ങള്‍ ആചരിച്ചുവരുന്നു. അതിപ്രാചീനമായ യക്ഷഗാന മേളകളില്‍പ്പെടുന്നതാണ് മധൂര്‍മേള. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉല്‍ഭവിച്ച കുഡ്ലുമേള ഇന്നും യക്ഷഗാന രംഗത്ത് ഒരു പ്രചോദനമായി നിലകൊള്ളുന്നു. സര്‍ക്കാര്‍ സേവനം കര്‍ത്തവ്യനിരതയോടെ പൂര്‍ത്തിയാക്കി വിക്ടോറിയ റാണിയില്‍ നിന്ന് ബഹുമതി കരസ്ഥമാക്കിയ സുബ്ബയ്യ ഷാനുബോഗ്, പോത്തോട്ടത്തില്‍ വിരുത് കാട്ടി ഗവര്‍ണറില്‍ നിന്ന് സ്വര്‍ണ്ണപ്പതക്കം ഏറ്റുവാങ്ങിയ ഷിരിബാഗിലു ഹോസമനബാരി ഷെട്ടി, യക്ഷഗാനവേഷവിധാനത്തില്‍ തിളങ്ങി ഭരണാധികാരിയില്‍ നിന്ന് സ്വര്‍ണവളയം കരസ്ഥമാക്കിയ മധൂര്‍ തിമ്മപ്പു കൂടാതെ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കുകൊണ്ട് സര്‍ക്കാരില്‍ നിന്ന് താമ്രപത്രം ഏറ്റുവാങ്ങിയ കോണളുയിലെ പത്മാവതിയമ്മ എന്നിവര്‍ എന്നും സ്മരിക്കപ്പെടേണ്ടവരാണ്.