മധൂര്‍
കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ കാസര്‍ഗോഡ് ബ്ളോക്കില്‍ മധൂര്‍, പട്ള, ഷിരിബാഗിലു, കുഡ്ലു (ഒരു ഭാഗം മാത്രം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മധൂര്‍ ഗ്രാമപഞ്ചായത്ത്. 26.04 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് ബദിയഡുക്ക, ചെങ്കള പഞ്ചായത്തുകളും, പടിഞ്ഞാറ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും, തെക്ക് കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയും, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും, വടക്ക് പുത്തിഗെ, ബദിയഡുക്ക പഞ്ചായത്തുകളുമാണ്. ഇന്നത്തെ മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള മധൂര്‍, ഷിരിബാഗിലു, കുഡ്ലു എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ 1939-ല്‍ രൂപീകരിക്കുകയുണ്ടായി. ഭരണസൌകര്യത്തിനായി ഈ മൂന്ന് ഗ്രാമപഞ്ചായത്തുകളെ ഒന്നിച്ചു ചേര്‍ത്ത് 1962 മുതല്‍ ഇപ്പോഴത്തെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഉള്‍പ്പെട്ടിട്ടുള്ള പുതിയ മധൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. 1969ലെ സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരം മധൂര്‍ പഞ്ചായത്തിന്റെ ഒരു ഭാഗമായിരുന്ന കുഡ്ലു ഗ്രാമത്തിന്റെ ഒരംശവും പുത്തൂര്‍ ഗ്രാമത്തിന്റെ മുഴുവനും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ രൂപീകരണത്തിനായി വിട്ടുകൊടുത്തു. തുളുനാടിന്റെ ഭാഗമായിരുന്ന തുളു ഭാഷ സംസാരിച്ചിരുന്ന നാടായിരുന്നു മധൂര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഈ പഞ്ചായത്ത്. കന്നഡ, മലയാളം എന്നീ ഭാഷകളുടെ സംഗമ ഭൂമിയായ മധൂര്‍ പഞ്ചായത്തില്‍ മിക്ക സ്കൂളുകളിലും മലയാളം, കന്നഡ ഭാഷയിലുള്ള വിദ്യാഭ്യാസം ഉണ്ട്. ശ്രീ മധൂര്‍ ക്ഷേത്രം ദക്ഷിണഭാരതത്തിന്റെ പുണ്യക്ഷേത്രങ്ങളിലൊന്നാണ്. അതിപ്രാചീനമായ യക്ഷഗാനമേളകളില്പ്പെടുന്നതാണ് മധൂര്മേള. ചരിത്രപ്രസിദ്ധമായ കൊല്ലങ്കാനചര്ച്ച്, ഷിരിബാഗിലു മഞ്ചത്തടക്ക് ദര്‍ഗ, ബില്ലവന്മാരുടെ പ്രധാനപ്പെട്ട പതിനെട്ട് ദേവസ്ഥാനങ്ങളില്‍ രണ്ടെണ്ണമായ മോറാ, പട്ള ഇതു കൂടാതെ വ്യത്യസ്തമതക്കാരുടെ അനേകം ആരാധനാകേന്ദ്രങ്ങള് എന്നിവ ഈ പഞ്ചായത്തില്‍ എല്ലായിടങ്ങളിലുമായുണ്ട്. സംസാരഭാഷകളില് തുളു പ്രധാനപ്പെട്ടതാണ്. കന്നട, മലയാളം, കൊങ്കിണി, മറാഠി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ധാരാളമായുണ്ട്. തെയ്യാരാധന, യക്ഷഗാനം എന്നിവയില്‍ നൃത്തം വേഷവിധാനം എന്നിവയ്ക്ക് ധാരാളം പ്രാധാന്യമുണ്ട്. തോറ്റംപാട്ട്, നാടോടിപ്പാട്ട്, നടോടികഥകള് എന്നിവയില്‍ ഈ നാടിന്റെ മണ്മറഞ്ഞുപോയ ഇതിഹാസങ്ങളുടെ വ്യക്തമായ ചിത്രങ്ങളുണ്ട്. പഴയ യക്ഷഗാനപാരമ്പര്യത്തില് സ്മരിക്കപ്പെടേണ്ടവരാണ് ബന്നൂര്‍ നാരായണ ഭാഗവതര്‍, കുതിരപ്പാടി ഈശ്വരയ്യ എന്നിവര്‍. സംഗീതം ശില്പകല തുടങ്ങിയ കലകളുടെ സംയോജനത്തില്‍ പ്രസിദ്ധമായ യക്ഷഗാനത്തെ പരിഷ്കരിച്ച് ഉന്നത നിലവാരത്തിലെത്തിച്ചതിനുള്ള പ്രശസ്തി കുഡ്ലു സുബ്രായഷാന്ബോഗിനാണ്.