പഞ്ചായത്തിലൂടെ

മാടായി - 2010

1960-ലാണ് മാടായി ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകള്‍, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടല്‍, മാട്ടൂല്‍ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകള്‍ എന്നിവയാണ്. 16.71ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ മൊത്ത ജനസംഖ്യയായ 34979 പേരില്‍ 16320 പേര്‍ പുരുഷന്‍മാരും 18659 പേര്‍ സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരത നൂറുശതമാനമാണ്. ഭൂപ്രകൃതിയില്‍ തീരദേശം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ പ്രധാന കാര്‍ഷിക വിളകള്‍ തെങ്ങ്, നെല്ല്, കവുങ്ങ്, കശുവണ്ടി എന്നിവയാണ്. രാമപുരംപുഴ, ചെമ്പല്ലിക്കുണ്ട് പുഴ, കുപ്പം പഴയങ്ങാടി പുഴ എന്നീ പുഴകള്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. എട്ട് കുളങ്ങളും 25 പൊതുകിണറുകളുമാണ് പഞ്ചായത്തിന്റെ ജലസ്രോതസ്സുകള്‍. ശുദ്ധജലവിതരണത്തിനായി നൂറ് പൊതുകുടിവെള്ള ടാപ്പുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് രാത്രിസഞ്ചാരത്തിന് വെളിച്ചമേകി 250 തെരുവുവിളക്കുകളും ഇവിടെയുണ്ട്. മാടായിപ്പാറ, പുതിയങ്ങാടി ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് വിമാനത്താവളമാണ്. ട്രെയിന്‍ യാത്രക്കായി ഇവിടുത്തെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷനായ പഴയങ്ങാടി റെയില്‍വേസ്റ്റേഷനെയാണ്. തുറമുഖം എന്ന നിലയില്‍ അഴിക്കല്‍ തുറമുഖം പഞ്ചായത്തിന് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന് ഏറ്റവും അടുത്ത ബസ് സ്റ്റാന്റ് പഴയങ്ങാടി ബസ് സ്റ്റാന്റാണ്. വാടിക്കല്‍, അഴിക്കല്‍, സുല്‍ത്താന്‍തോട്, കുപ്പം പുഴ എന്നിവ ഇവിടുത്തെ ജലഗതാഗത കേന്ദ്രങ്ങളായി നിലകൊള്ളുന്നു. പഴയങ്ങാടി എന്‍.എച്ച്, പാപ്പിനിശ്ശേരി, പിലാത്തറ സ്റ്റേറ്റ് ഹൈവേ എന്നീ റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പഴയങ്ങാടി പാലം, സുല്‍ത്താന്‍തോട് പാലം, പാലക്കോട് പാലം എന്നിവിയാണ് പഞ്ചായത്തിലെ പ്രധാന പാലങ്ങള്‍. ഗ്രാമപഞ്ചായത്തിന്റെ വ്യാവസായിക രംഗത്ത് കേരള ക്ളേസ് ആന്റ് സിറാമിസ് പ്രൊഡക്ട്സ് വന്‍കിട വ്യവസായമായി നിലകൊള്ളുന്നു. ഇവിടുത്തെ പൊതുവിതരണ സംവിധാനത്തിന്‍ കീഴില്‍ പത്ത് റേഷന്‍കടകളും ഒരു നീതിസ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വാണിജ്യരംഗം പഴയങ്ങാടി, മൊട്ടാമ്പ്രം എന്നിവിടങ്ങളിലെ ജ്വൂവല്ലറി, ഫര്‍ണിച്ചര്‍ മാര്‍ട്ട്, ഷോപ്പിംഗ് കോപ്ളക്സ്, മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകിരച്ച് സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ സാംസ്കാരികരംഗത്തിന് മുതല്‍ക്കൂട്ടായി മാടായികാവ്, വടുകുന്ദശിവക്ഷേത്രം, താരാപുരം ദുര്‍ഗാമ്പികാക്ഷേത്രം എന്നീ ക്ഷേത്രങ്ങളും നാല് മുസ്ളീം ദേവാലയങ്ങളും രണ്ട് ക്രിസ്ത്യന്‍ പള്ളികളും സ്ഥാപിതമാണ്. മാടായിക്കാവ് ഉത്സവം, വടുകുന്ദക്ഷേത്രപൂരം, പള്ളിപെരുന്നാളുകള്‍ എന്നിവ പ്രധാന ഉത്സവങ്ങളാണ്. നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇബ്രാഹിം വെങ്ങര, സിനിമാരംഗത്തുള്ള വിനീത് കുമാര്‍, എഴുത്തുകാരന്‍ താഹ മാടായി എന്നിവര്‍ പഞ്ചായത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖ വ്യക്തികളാണ്. പഞ്ചായത്തിലെ ജനങ്ങളുടെ വായനാശീലത്തിനു പ്രോത്സാഹനമേകി വെങ്ങരയില്‍ നാലും മൂലക്കീലില്‍ ഒരു വായനശാലയും പ്രവര്‍ത്തിക്കുന്നു. ഗ്രാമപഞ്ചായത്തിലെ ആരോഗ്യപരിപാലനരംഗത്ത് മുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രം ഉള്‍പ്പെടെ അലോപ്പിതി, ആയൂര്‍വേദ, ഹോമിയോപ്പതി വിഭാഗങ്ങളിലായി ആറ് ആശുപത്രികള്‍ സ്ഥാപിതമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴില്‍ ആംബുലന്‍സ് സേവനവും ലഭ്യമാണ്. മൃഗസംരക്ഷണത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് വെങ്ങരയില്‍ മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുവാനായി സ്വകാര്യ മേഖലയില്‍ അഞ്ചു സ്ക്കൂളുകളും മൂന്നു കോളേജുകളും സര്‍ക്കാര്‍  മേഖലയില്‍ ആറു സ്ക്കൂളുകളും ടെക്നിക്കല്‍ മേഖലയില്‍ രണ്ട് ഐ.റ്റി.ഐ കളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ ബാങ്കിംഗ് മേഖലയില്‍ എസ്.ബി.റ്റി, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ഓരോ ശാഖകള്‍ വീതവും സഹകരണ മേഖലയിലെ പതിനൊന്ന് ബാങ്കുകളും പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ ഏക കല്യാണമണ്ഡപം വടുകുന്ദശിവക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. നാല് കമ്മ്യൂണിറ്റിഹാളുകളും പഞ്ചായത്തിലുണ്ട്. ഇവിടുത്തെ കൃഷിഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ പഴയങ്ങാടിയിലും മത്സ്യഭവന്‍ പുതിയങ്ങാടിയുലും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ വില്ലേജ് ഓഫീസ് പോലീസ്സ്റ്റ്റേഷന്‍ എന്നിവ എരിപുരത്ത് സ്ഥിതി ചെയ്യുന്നു.