മാടായി

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് മാടായി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാടായി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകള്‍, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടല്‍, മാട്ടൂല്‍ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകള്‍ എന്നിവയാണ്. മാടായി കടലോരവും, മാടായിപ്പാറയും, താഴ്വരകളുമെല്ലാം നിറഞ്ഞ മാടായി ഗ്രാമത്തിനു ഉത്തരകേരളത്തിന്റെ ചരിത്രത്തില്‍ അതിപ്രധാനമായൊരു സ്ഥാനമുണ്ട്. മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാല്‍ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സര്‍വ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയര്‍ന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടല്‍വെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് കേട്ടറിവ്. ലഭ്യമായ അറിവും മണ്‍തിട്ടകളുടെ കിടപ്പും പരിശോധിച്ചുനോക്കുമ്പോള്‍ മാടായി, വെള്ളം നീങ്ങിയതിനുശേഷം തെളിഞ്ഞുവന്ന കരയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ പ്രയാസമില്ല. മാടായി ഗ്രാമപഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വയലേലകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ സമതലങ്ങളാണ്. കിഴക്കുഭാഗത്ത് പീഠഭൂമിയായി നിലകൊള്ളുന്ന മാടായിപ്പാറ 900 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. പാറയില്‍ തടങ്ങളും ചെരിവുകളുമുണ്ട്. പുഴയോരങ്ങളില്‍ കുറച്ചുഭാഗം ചതുപ്പുനിലമാണ്. പ്രാണികളെ പിടിച്ചുതിന്നുന്ന ചെടികളായ ഡ്രോസിറ, യൂട്രിക്കുലേറിയ എന്നീ സസ്യവര്‍ഗ്ഗങ്ങള്‍ മാടായിപ്പാറയില്‍ ധാരാളമായി കാണപ്പെടുന്നു. ലോകത്തില്‍ത്തന്നെ ആദ്യമായി കണ്ടുപിടിക്കപ്പെട്ട റൊട്ടാമലബാറിക്ക, ലപ്പിഡഗാത്തസ്, ജസ്റ്റ്റിഷ്യ ഏക കുസുമ, നിംഫോയിഡസ്, കൃഷ്ണകേസര എന്നീ സസ്യവര്‍ഗ്ഗങ്ങളും മാടായിപ്പാറയില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഐസോടെസ് എന്ന വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പന്നല്‍ച്ചെടികളും അപൂര്‍വ്വങ്ങളായ പുല്‍വര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. മാടായിപ്പുറത്ത് 87 ഇനങ്ങളില്‍ പെട്ട പൂമ്പാറ്റകളെ ജാഫര്‍  എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിട്ടുണ്ട്. സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഒരു പഠനത്തില്‍ മാടായിപ്പാറയില്‍ അപൂര്‍വ്വമായ ഒരു കടന്നലിന്റെ വംശം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത് ലോകത്ത് ആദ്യമായി കണ്ടെത്തിയതാണത്രെ. കേരളത്തില്‍ നിന്നു തന്നെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 തരം അപൂര്‍വ്വപക്ഷികള്‍, അതിദേശാടനം എന്ന അപൂര്‍വ്വ പ്രതിഭാസമുള്ള നിരവധിയിനം പക്ഷികള്‍, അപൂര്‍വ്വങ്ങളായ തവളകള്‍, ജാക്കള്‍ എന്നിവയെയും ജന്തുശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. പലകാലങ്ങളിലുണ്ടായ യുദ്ധക്കെടുതികളില്‍ തകര്‍ന്നുപോയ മാടായി ശ്രീവടുകുന്ദ ശിവക്ഷേത്രം, പരശുരാമ പ്രതിഷ്ഠ നടത്തിയതാണെന്നാണ് ഐതീഹ്യം. അവശിഷ്ട ശിലാശില്‍പരൂപങ്ങള്‍ പരിശോധിച്ചതില്‍ നിന്നു ഈ ക്ഷേത്രത്തിന് ജൈനസംസ്ക്കാരവുമായി ബന്ധമുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് സമുദ്രനിരപ്പില്‍ നിന്ന് 120 അടിയോളം ഉയരത്തില്‍ കരിമ്പാറപ്പുറത്ത് ഏതു കൊടിയ വേനലിലും ശുദ്ധജലമേകുന്ന വടുകുന്ദതടാകം സ്ഥിതി ചെയ്യുന്നു. മീനമാസത്തില്‍ ഇവിടെ നടക്കുന്ന പൂരംകളി കാണാനും പൂരച്ചന്തയില്‍ പങ്കെടുക്കാനും ആയിരക്കണക്കിന് ജനങ്ങള്‍ ജാതിമതഭേദമെന്യേ കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നും ഇവിടെ എത്തിച്ചേരുന്നു.