മടവൂര്‍

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കൊടുവള്ളി ബ്ളോക്കിലാണ് മടവൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962 ജനുവരി ഒന്നിനാണ് മടവൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. 19.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക്  കൊടുവള്ളി, കുന്ദമംഗലം, കിഴക്കോത്ത് പഞ്ചായത്തുകള്‍, പടിഞ്ഞാറ് ചേളന്നൂര്‍, കുരുവട്ടൂര്‍ പഞ്ചായത്തുകള്‍, വടക്ക് കാക്കൂര്‍, നരക്കുനി, ചേളന്നൂര്‍, കിഴക്കോത്ത് പഞ്ചായത്തുകള്‍, തെക്ക് കുരുവട്ടൂര്‍, കുന്ദമംഗലം പഞ്ചായത്തുകള്‍ എന്നിവയാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന മടവൂര്‍ പഞ്ചായത്തിലെ പ്രധാന കൃഷികള്‍ തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്, മരച്ചീനി, വാഴ, റബ്ബര്‍ എന്നിവയാണ്. കോരപ്പുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന നദി. ഇവിടുത്തെ ആരാമ്പ്രം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ പ്രധാന കേന്ദ്രമാണ്. ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ പൊതുമരാമത്ത് വകുപ്പിനുകീഴിലും പഞ്ചായത്തിനുകീഴിലുമായി നിരവധി റോഡുകള്‍ സഞ്ചാരയോഗ്യമായതുണ്ട്. പടനിലം-നന്മണ്ട റോഡ് പഞ്ചായത്തിലെ ഒരു പ്രധാന റോഡാണ്. നരിക്കുനി ബസ്സ്റ്റാന്റിലാണ് പഞ്ചായത്തിന്റെ റോഡുഗതാഗതം പ്രധാനമായും  കേന്ദ്രീകരിച്ച് സമന്വയിപ്പിക്കുന്നത്. ഗതാഗതമേഖലയിലെ പഞ്ചായത്തിന്റെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. പൈമ്പാലശ്ശേരി പാലം പഞ്ചായത്തിലെ പ്രധാന പാലം ആണ്. ഇവിടുത്തെ ജനങ്ങളുടെ സാംസ്കാരിക മേഖലകള്‍ക്ക് മുതല്‍കൂട്ടായി നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ക്ഷേത്രങ്ങളും മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. ആരാമ്പ്രം ജുമാ മസ്ജിദ്, കാവില്‍കോട്ട ശ്രീഭഗവതി ക്ഷേത്രം, അയ്യാര്‍വട്ടം ശ്രീമഹാസുദര്‍ശന ക്ഷേത്രം, മടവൂര്‍ ശങ്കരന്‍ കുന്നത്ത് ശിവക്ഷേത്രം, പൈമ്പാലശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം എന്നിവ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഉത്സവങ്ങളിലും പള്ളി പെരുന്നാളുകളിലും ജാതിഭേദമെന്യേ എല്ലാവരും പങ്കുകൊള്ളുന്നു. മത പണ്ഡിതനായ സി.എം.അബൂബക്കര്‍ ഈ പഞ്ചായത്തിലെ പ്രമുഖ വ്യക്തിയാണ്. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ചികിത്സാകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. മുട്ടാഞ്ചേരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം, എരവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന മടവൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി, അടുക്കം മലയിലെ അഗ്രോ ക്ളിനിക് എന്നിവ പഞ്ചായത്തില്‍ ചികിത്സാ സൌകര്യം ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. മൃഗസംരക്ഷണവകുപ്പിനു കീഴില്‍ പൈമ്പാലശ്ശേരി, മടവൂര്‍ എന്നിവിടങ്ങളില്‍ വെറ്റിനറി ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നു. ഔപചാരിക വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാലയങ്ങള്‍ പഞ്ചായത്തില്‍ ഉണ്ട്. ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ഗവണ്‍മെന്റ് യു.പി. സ്കൂള്‍ ആരാമ്പ്രം, ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ പൈമ്പാലശ്ശേരി എന്നിവ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബൈത്തുലിസ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് മടവൂരില്‍ പ്രവര്‍ത്തിക്കുന്നു. മടവൂര്‍ സി.എം മഖാം യത്തീംഖാന പഞ്ചായത്തിനകത്ത്  സാമൂഹ്യക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രോത്സാഹനമായി നിലകൊള്ളുന്ന വായനശാലകളും ഗ്രന്ഥശാലകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ ഏക  ഗ്രന്ഥാലയമാണ് സാരഥി ഗ്രന്ഥാലയം. പഞ്ചായത്ത് വായനശാല, റിപ്പബ്ളിക് വായനശാല, ചെറുകാട് സ്മാരക വായനശാല, സി.പി.ശ്രീധരന്‍ സ്മാരക വായനശാല എന്നിവ പഞ്ചായത്തിലെ പ്രധാന വായനശാലകളാണ്. മുട്ടാഞ്ചേരി, പുല്ലാളൂര്‍ എന്നിവിടങ്ങളിലായാണ് വായനശാലകള്‍ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ബോര്‍ഡ് ഓഫീസ്, വില്ലേജ് ആഫീസ്, തപാല്‍ ഓഫീസ് എന്നിവ മടവൂരിലാണ് പ്രവര്‍ത്തിക്കുന്നത്. കൃഷിഭവന്‍ ഓഫീസുകള്‍ മുട്ടാഞ്ചേരിയിലും മടവൂരിലുമുണ്ട്.