ചരിത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കൊടുവള്ളി ബ്ളോക്കിലാണ് മടവൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയ ജന്മി നാടുവാഴി സമ്പ്രദായം ആണ് ഇവിടെ ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നത്. ഈ പ്രദേശത്തിന്റെ അനുഷ്ഠാന കലകളായ കളമെഴുത്ത് പാട്ട്, നാഗപ്പാട്ട്, തോറ്റംപാട്ട്, തെയ്യാട്ട് തുടങ്ങിയവയും ക്ഷേത്രങ്ങളിലും കാവുകളിലും നടത്തിയിരുന്ന പാട്ടുല്‍സവങ്ങളും തിറകളും, അയ്യപ്പന്‍പാട്ട്, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും ഇവിടുത്തെ സാംസ്കാരിക രംഗത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ അരങ്ങേറിയിരുന്ന വെള്ളരി നാടകങ്ങള്‍ ഈ പ്രദേശത്തെ നാടകകലയുടെ അടിവേരായി പരിഗണിക്കുന്നു. കുടിയേറ്റ മേഖലയില്‍ ആഘോഷിച്ച് വരുന്ന പള്ളി പെരുന്നാളുകള്‍, ആവുപ്പാട്ട് നേര്‍ച്ച പോലെ മുസ്ളീം ആരാധനാലയങ്ങളില്‍ നടന്ന് വരുന്ന നേര്‍ച്ചകളും മതമൈത്രിയുടെ ഉത്തമ പാരമ്പര്യങ്ങളാണ്. കാര്‍ഷികരംഗത്തും ഈ പ്രദേശം ഇതിനകം ദേശീയശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. തലപ്പന്തുകളിയായിരുന്നു ആദ്യകാലത്തെ പ്രധാന വിനോദമെങ്കില്‍ ഇന്ന് വോളിബോള്‍, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കളികളില്‍ ഈ പ്രദേശം മുന്നറുകയാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വയനാട്ടില്‍ നിന്ന് താമരശ്ശേരി വഴി കടന്ന് വന്ന പട്ടാളക്കാര്‍ മടവൂരിലൂടെ കടന്നുപോയതായിട്ടാണ് പഴമക്കാര്‍ പറയുന്നത്. നശിപ്പിക്കപ്പെട്ട പല അമ്പലങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇതിന് തെളിവാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശം 19-ാം നൂറ്റാണ്ടിലും ജനവാസമുള്ളതായിരുന്നുവെന്ന് മനസ്സിലാവുന്നു. തദ്ദേശവാസികളായവര്‍ക്ക് ജന്മിമാര്‍ ഭൂമി നല്‍കിയിരുന്നതു പാട്ട വ്യവസ്ഥയിലായിരുന്നു. പാട്ടം ഉല്പന്നമായും, പണമായും നല്‍കുന്ന രീതി നിലവിലുണ്ടായിരുന്നു. ഈ വ്യവസ്ഥ വച്ച് കൊണ്ടാണ് കാണാധാരം ചെയ്തു ഭൂമി കൊടുത്തിരുന്നത്. വിശേഷാവസരങ്ങളിലാണ് കുടിയാന്മാര്‍ ജന്മിമാര്‍ക്ക് പാട്ടം ഉള്‍പ്പെടെയുള്ള കണ്ടു കാഴ്ചകള്‍ നല്‍കിയിരുന്നത്. അരി, പപ്പടം തുടങ്ങിയ സാധനങ്ങള്‍ ജന്മിമാര്‍ തിരിച്ചു നല്‍കിയിരുന്നു. പാട്ടക്കുടിശ്ശിക വരുത്തുന്നവരെ കൃഷിഭൂമിയില്‍ നിന്നും ഒഴിവാക്കി പുതിയ വനഭൂമി കൃഷിക്കായി ഏല്‍പ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പുതിയ വനഭൂമിയുടെ വില 5 രൂപ മുതല്‍ 50 വരെയായിരുന്നു. ജന്മിമാരുടെ നടവന്‍മാരായിരുന്നു പാട്ടം പിരിക്കുന്നതിന് ചുമതലപ്പെട്ടവര്‍. 1920-കളുടെ ആദ്യം മുതല്‍ ഇട ജന്മിമാരിലേക്ക് ഭൂമി കൈമാറ്റം തുടങ്ങി. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ മേഖലയില്‍ ഉണ്ടായ കൊടും ദാരിദ്യ്രവും, സാമ്പത്തികമാന്ദ്യവുമാണ് മലബാര്‍ മേഖലയിലേക്കുള്ള വന്‍തോതിലുള്ള കുടിയേറ്റത്തിലേക്ക് കര്‍ഷകരെ നയിച്ചത്. യുദ്ധത്തിന്റെ ദുരിതങ്ങള്‍ മൂലം പനം കുറുക്ക് പോലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നെല്‍കൃഷി ചെയ്യാനുള്ള അഭിനിവേശവുമായിട്ടാണ് കര്‍ഷകര്‍ കുടിയേറ്റം ആരംഭിച്ചത്.