മാടപ്പള്ളി

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കിലാണ് മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കറുകച്ചാല്‍, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്കാണ് മാടപ്പള്ളി. 1955-ലാണ് മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. തൃക്കൊടിത്താനം, കുറിച്ചി, മാടപ്പള്ളി, ചെത്തിപ്പുഴ, തോട്ടക്കാട്, വാഴപ്പള്ളി ഈസ്റ്റ്, പായിപ്പാട്, വാകത്താനം, ചങ്ങനാശ്ശേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്തിന് 145 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് പള്ളം, പാമ്പാടി ബ്ളോക്കുകളും, കിഴക്കുഭാഗത്ത് വാഴൂര്‍ ബ്ളോക്കും, തെക്കുഭാഗത്ത് മല്ലപ്പള്ളി, പുളിക്കീഴ്, ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് വെളിയനാട് ബ്ളോക്കുമാണ് മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ഭൂപ്രകൃതിപരമായി ഈ ബ്ളോക്കിനെ കൃഷിയോഗ്യമായ കുന്നുകള്‍, കുന്നിന്‍ചെരിവുകളും താഴ്വാരങ്ങളും, സമതലപ്രദേശം, പുഞ്ചപ്പാടങ്ങള്‍ എന്നിങ്ങനെ നാലായി തരംതിരിക്കാം. ഭൂമിശാസ്ത്രപരമായി ഈ ബ്ളോക്ക് ദക്ഷിണ ഇടനാടന്‍ ഭൂപ്രകൃതിമേഖലയിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിലും ഇടനാട്, തീരപ്രദേശം എന്നീ രണ്ടു ഭൂഭാഗങ്ങളിലുമായി ഇവിടുത്തെ നിലം, കര പ്രദേശങ്ങള്‍ വ്യാപിച്ചു സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു തന്നെ അതനുസരിച്ചുള്ള കൃഷിരീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നാണ്യവിളയായ റബ്ബര്‍ ആണ് ഇവിടെ കൂടുതല്‍ പ്രദേശങ്ങളിലും കൃഷി ചെയ്യുന്നത്. നെല്ലും, തെങ്ങും വ്യാപകമായി കൃഷി ചെയ്തിരുന്നുവെങ്കിലും, ഇപ്പോള്‍ ഇവയുടെ കൃഷി സ്ഥലങ്ങള്‍ കൂടി റബ്ബര്‍കൃഷിയ്ക്കു വഴിമാറിയിരിക്കുന്നു. ഒരുകാലത്തു വ്യാപകമായി കൃഷി ചെയ്യപ്പെട്ടിരുന്ന മരച്ചീനി, ചേന, കാച്ചില്‍, ചേമ്പ് മുതലായ ഭക്ഷ്യവിളകള്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നു പറയാം. കാര്‍ഷികവിളകളില്‍ നിന്നും നാണ്യവിളകളിലേക്കുള്ള കര്‍ഷകന്റെ ചുവടുമാറ്റം ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഇവിടെയും പ്രതിഫലിച്ചിട്ടുണ്ട്. കോട്ടയം ജില്ലയുടെ തെക്കേ അറ്റത്ത് ആലപ്പുഴ-പത്തനംതിട്ട ജില്ലകളോടു ചേര്‍ന്ന് മാടപ്പള്ളി ബ്ളോക്കു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം-അങ്കമാലി എം.സി റോഡും, തിരുവനന്തപുരം-എറണാകുളം റയില്‍പ്പാതയും ഈ ബ്ളോക്കിലൂടെ കടന്നുപോകുന്നു.