ചരിത്രം

സാമൂഹ്യ സാംസ്കാരിക ചരിത്രം
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിന്റെ ഏറ്റവും വടക്കേയറ്റത്തായി ഇടുക്കി ജില്ലയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ളാലം ബ്ളോക്കുപ്രദേശത്തിന് ഏറെ പൌരാണികമായൊരു ഗതകാലചരിത്രമുണ്ട്. ഐതീഹ്യകഥാപാത്രങ്ങളായ പാണ്ഡവന്‍മാര്‍ അവരുടെ വനവാസക്കാലത്ത് ഇവിടുത്തെ ഭരണങ്ങാനം എന്ന ഗ്രാമത്തില്‍ ഏതാനും നാളുകള്‍ കഴിച്ചുകൂട്ടിയതായി ഐതിഹ്യം പ്രചാരത്തിലുണ്ട്.1751-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഈ പ്രദേശങ്ങള്‍ കീഴടക്കി വേണാടിനോട് കൂട്ടിച്ചേര്‍ക്കുന്നതു വരെ കടനാടു പ്രദേശങ്ങള്‍ വടക്കുംകൂര്‍ രാജാക്കന്‍മാരുടെയും ഭരണങ്ങാനം, മീനച്ചല്‍, മുത്തോലി, കൊഴുവനാല്‍, കരൂര്‍ പ്രദേശങ്ങള്‍ തെക്കുംകൂര്‍ രാജാക്കന്‍മാരുടെ സാമന്തന്‍മാരായിരുന്ന മീനച്ചല്‍ കര്‍ത്താക്കന്മാരുടേയും അധീനതയിലായിരുന്നുവെന്ന് തിരുവിതാംകൂറില്‍ ദിവാന്‍ പേഷ്കാരായിരുന്ന പി.ശങ്കുണ്ണിമേനോന്‍ 1878-ല്‍ ഇംഗ്ളീഷില്‍ പ്രസിദ്ധപ്പെടുത്തിയ “തിരുവിതാംകൂര്‍ ചരിത്ര”ത്തില്‍ നിന്നും മനസ്സിലാക്കാം. തെക്കുംകൂറിലേയും വടക്കുംകൂറിലേയും മാടമ്പിമാരും അവരുടെ വകയിലുള്ള നായന്മാരും അല്ലാതെ രാജാക്കന്മാര്‍ക്ക് സ്വന്തമായി പട്ടാളങ്ങളോ ആയുധങ്ങളോ ഉണ്ടായിരുന്നില്ലയെന്നും അതുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് നിഷ്പ്രയാസം ഇവരുടെയെല്ലാം രാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും വൈക്കും പാച്ചുമൂത്തതിന്റെ “തിരുവിതാംകൂര്‍ ചരിത്ര”ത്തില്‍(1867) കാണുന്നു. തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശ്ശേരി എന്നീ രാജ്യങ്ങള്‍ അതിവേഗത്തില്‍ കീഴടക്കുവാന്‍ മാര്‍ത്താണ്ഡവര്‍മ്മക്കു കഴിഞ്ഞുവെന്ന് “കേരളത്തിന്റെ സാംസ്കാരിക ചരിത്ര”ത്തില്‍ പി.കെ.ഗോപാലകൃഷ്ണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കടനാടിനെ വരുതിയിലാക്കിക്കഴിഞ്ഞതോടെ തെക്കുംകൂറും, വടക്കുംകൂറുമായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ തുടര്‍ന്നുള്ള ലക്ഷ്യങ്ങള്‍. ഇരു രാജ്യങ്ങളും കാര്യമായ പ്രതിരോധത്തിന് ഒരുമ്പെടാഞ്ഞതിനാല്‍ 1749-50 കാലത്ത് വലിയ യുദ്ധമൊന്നുമില്ലാതെ രണ്ടു രാജ്യങ്ങളും തിരുവിതാംകൂറിനോടു ചേര്‍ക്കപ്പെടുകയായിരുന്നു. ഏതാണ്ട് അതേ സമയത്തുതന്നെ ഞാവക്കാട്ടു കര്‍ത്താക്കന്മാരില്‍ നിന്നും മീനച്ചിലും തിരുവിതാംകൂറിനോടു ചേര്‍ത്തുവെന്ന് എ.ശ്രീധരമേനോന്‍ എഴുതിയിരിക്കുന്നു.യുദ്ധം ചെയ്തു പിടിച്ചെടുത്ത ഈ പ്രദേശങ്ങളില്‍ കോട്ടകൊത്തളങ്ങള്‍ സ്ഥാപിച്ച് ഭദ്രത കൈവരുത്താന്‍ രാമയ്യന്‍ ദളവായും സര്‍വ്വസൈന്യാധിപനായിരുന്ന ഡിലനായിയും പ്രത്യേക ശ്രദ്ധ കാണിച്ചു വെന്ന് ശങ്കുണ്ണിമേനോന്‍ പറഞ്ഞിട്ടുണ്ട്. ചെങ്കല്ലുകൊണ്ടു നിര്‍മ്മിച്ച ഇവയില്‍ പലതിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും കാണാം. മൂവാറ്റുപുഴയിലുള്ള പിറവത്തും, ഏറ്റുമാനൂരുള്ള കുമരകത്തും, തൊടുപുഴയിലുള്ള കരിമണ്ണൂരും, മീനച്ചിലുള്ള ളാലത്തും കുറ്റിക്കാടുകള്‍ മൂടി തകര്‍ന്നുകിടക്കുന്ന പല കോട്ടകളുടെയും അവശിഷ്ടങ്ങള്‍ ഇന്നും കാണാവുന്നതാണ്. ളാലം പ്രദേശത്തിന്റെ ചരിത്രപ്രാധാന്യത്തിന് ഈ ഉദ്ധരണികള്‍ മതിയായ തെളിവുകളാണ്. മധുരയില്‍നിന്നും വന്ന പാണ്ഡ്യരാജവംശജരായ മീനച്ചില്‍ കര്‍ത്താക്കന്മാര്‍ മധുരമീനാക്ഷിയുടെ പേരില്‍ ഈ പ്രദേശത്തു സ്ഥാപിച്ച മീനാക്ഷിക്ഷേത്രത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് മീനച്ചില്‍ എന്ന പേരു ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമെന്ന് വിശ്വസിക്കപ്പെടുന്ന വര്‍ത്തമാനപ്പുസ്തകം രചിക്കപ്പെട്ടത് 1785-നും 1798-നും ഇടയിലുള്ള കാലയളവിലാണ്. ഇതിന്റെ കര്‍ത്താവായ പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ ജീവിച്ചിരുന്നത് കടനാട്ടിലാണ്. തന്റെ ജന്മദേശത്തിന് കടല്‍നാട് എന്ന നാമധേയമാണ് ഈ ഗ്രന്ഥത്തിലുടനീളം അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കടുത്തുരുത്തിയ്ക്ക് കടല്‍ത്തുരുത്തി യെന്നും, കോട്ടയത്തിന് കോട്ടയകമെന്നുമുള്ള പേരുകള്‍ അദ്ദേഹം ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. ചരിത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഗവേഷണ കുതുകികളായവര്‍ക്ക് ഈ പുരാതന നാമധേയങ്ങള്‍ വിലപ്പെട്ട സൂചനകള്‍ നല്‍കുന്നു. മധുരയില്‍ നിന്നും വന്ന പാണ്ഡ്യരാജവംശജരായ മീനച്ചല്‍ കര്‍ത്താക്കന്‍മാര്‍ മധുരമീനാക്ഷിയെ പ്രതിഷ്ഠിച്ചു കൊണ്ട് ഈ പ്രദേശത്തു മീനാക്ഷിക്ഷേത്രം സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മയുടെ അന്ത്യവിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനവും, മുത്തോലി പഞ്ചായത്തില്‍പ്പെട്ട കാപ്പാട്ടൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കുവാന്‍ നിരവധി ഭക്തര്‍ ഇവിടെയെത്തിച്ചേരാറുണ്ട്. ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമെന്ന് വിശ്വസിക്കപ്പെടുന്ന “വര്‍ത്തമാനപുസ്തകം” രചിച്ചത്, 1785-നും 1798-നുമിടയില്‍ ഈ പ്രദേശത്ത് ജീവിച്ചിരുന്ന പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ ആയിരുന്നു. ഐതീഹൃമാലയില്‍ പരാമര്‍ശിക്കുന്ന കുളപ്പുറത്തു ഭീമന്റെ വിഹാരകേന്ദ്രമായിരുന്ന കയ്യൂര്‍മലയും, അതിനു സമീപമുള്ള തേവര്‍ മലയും ഈ ബ്ളോക്കുപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഐതീഹ്യമാലയില്‍ പരാമര്‍ശിക്കപ്പെടുന്ന കുളപ്പുറത്തു ഭീമന്റെ വിഹാരരംഗം ഇതിനോടടുത്തുള്ള കയ്യൂര്‍ ആണ്. വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മയുടെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനവും, മുത്തോലി പഞ്ചായത്തില്‍പ്പെട്ട കടപ്പാട്ടൂര്‍ ക്ഷേത്രവും ലക്ഷക്കണക്കായ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന രണ്ടു പുണ്യകേന്ദ്രങ്ങളാണ്. കരൂര്‍ പഞ്ചായത്തിലെ സെന്റ് തോമസ് മൌണ്ടും, ഭരണങ്ങാനത്തെ നാടുകാണി മലയും, കടനാട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടവും വികസന സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.പുനലൂര്‍-മൂവാറ്റുപുഴ സ്റ്റേറ്റു ഹൈവെ ബ്ളോക്കിന്റെ മധ്യഭാഗത്തു കൂടി തെക്കുവടക്കായി കടന്നുപോകുന്നു. വിദ്യാഭ്യാസപരമായും, സാമ്പത്തികമായും കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രദേശം വളരെ പുരോഗമിച്ചിട്ടുണ്ട്. ഈ നാടിന്റെ സന്താനങ്ങളായ പലരും സാഹിത്യാദികലകളില്‍ പേരെടുത്തവരായുണ്ട്. സ്വാതന്ത്ര്യസമരമുള്‍പ്പെടെയുള്ള ദേശീയപ്രവര്‍ത്തനങ്ങളില്‍ ഈ നാട് എന്നും മുന്നണിയിലുണ്ടായിരുന്നു. പുരാതനകാലം മുതല്‍തന്നെ ഇവിടുത്തെ പല ക്രൈസ്തവദേവാലയങ്ങളും ഹൈന്ദവകുടുംബങ്ങളുടെ സഹായ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണെന്ന വസ്തുത ഇവിടെ നിലനിന്നു പോന്നിരുന്ന മതസൌഹാര്‍ദ്ദത്തിന്റെ തെളിലാണ്. വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മയുടെ പാദമുദ്രകളാല്‍ അനുഗ്രഹീതമായ ഭരണങ്ങാനം ഈ ബ്ളോക്കിലുള്‍പ്പെടുന്നു. അല്‍ഫോണ്‍സാമ്മ അന്ത്യനിദ്രകൊള്ളുന്നതും ഭരണങ്ങാനത്തുതന്നെ. അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അനുഗ്രാഹാശിസ്സുകള്‍ തേടുന്നതിനുമായി ലക്ഷക്കണത്തിനു തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും വിദേശങ്ങളില്‍നിന്നുപോലും ഇവിടെ എത്തിച്ചേരുന്നുണ്ട്. മീനച്ചില്‍ താലൂക്കിന്റെ വിദ്യാഭ്യാസ ചരിത്രം തന്നെയാണ് ളാലം ബ്ളോക്കിന്റയും വിദ്യാഭ്യാസ ചരിത്രം. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തില്‍ എടുത്തു പറയത്തക്ക സ്ഥാനമാണ് മീനച്ചില്‍ താലൂക്കിനുള്ളത്. മീനച്ചില്‍ താലൂക്കിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലാ മുനിസിപ്പാലിറ്റിയുടെ പ്രാന്ത പ്രദേശങ്ങളിലായി കിടക്കുന്ന ആറ് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രം പാലായുടെ വിദ്യാഭ്യാസ ചരിത്രവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ളാലം ബ്ളോക്കു പ്രദേശത്തു കാണുന്ന ബഹുഭൂരിപക്ഷം സ്കൂളുകളും ബ്രിട്ടീഷുകാരുടെ ഭരണകാലത്തു തന്നെ സ്ഥാപിക്കപ്പെട്ടവയാണ്. പ്രൈമറി സ്ക്കൂളുകളായി തുടങ്ങിയ പലതും ഇന്ന് ഹൈസ്ക്കൂളുകളായി ഉയര്‍ത്തപ്പെട്ടു. ഈ പ്രദേശത്തുള്ള ബഹുഭൂരിപക്ഷം സ്കൂളുകളും 75 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ളവയാണ്. ചില വിദ്യാലയങ്ങള്‍ സ്ഥാപിതമായിട്ട് (100) നൂറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. 1897-ല്‍ സ്ഥാപിതമായ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂള്‍ ഈ കൂട്ടത്തില്‍പ്പെടുന്നു. ആദ്യകാലത്ത് ചില നാട്ടുപ്രമാണിമാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ചില വിദ്യാലയങ്ങള്‍ ആരംഭിച്ചു. പല സ്കൂളുകളും സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുത്തത് ക്രൈസ്തവമതാധികാരികളായിരുന്നു. കേരളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകാരനായ പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, മഹാകവി പ്രവിത്താനം പി.എം. ദേവസ്യാ, പാലാ നാരായണന്‍ നായര്‍, ആര്‍.വി.തോമസ്, കെ.എം ചാണ്ടി എന്നിവര്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്. ളാലം ബ്ളോക്കുപ്രദേശത്ത് ഇപ്പോള്‍ 16 ഹൈസ്കൂളുകളും 16 യു.പി.സ്കൂളുകളും 36 എല്‍.പി.സ്കൂളുകളും പ്രവര്‍ത്തിച്ചു വരുന്നു. ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ 18 എല്‍.പി.സ്കൂളുകളും 4 യു.പി.സ്കൂളുകളും ഒരു ടെക്നിക്കല്‍ ഹൈസ്കൂളുമാണുള്ളത്. മലയാള സാഹിത്യത്തില്‍ സഞ്ചാരസാഹിത്യശാഖയ്ക്ക് തുടക്കം കുറിച്ച പാറേമ്മാക്കല്‍ തോമ്മാകത്തനാര്‍ മുതല്‍ വെട്ടൂര്‍ രാമന്‍നായര്‍ വരെയുള്ള പ്രതിഭാധനരായ എഴുത്തുകാരുടെ ഒരു നിരയെത്തന്നെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും ഈ ബ്ളോക്കു പ്രദേശം സംഭാവന ചെയ്തിട്ടുണ്ട്. മലയാള സിനിമയുടെ ആദ്യകാലനായികയായിരുന്ന മിസ് കുമാരിയെ കലാലോകത്തിനു സംഭാവന ചെയ്തതും ഈ പ്രദേശം തന്നെ. ഈ പ്രദേശത്തെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. പാതിരാപ്പൂചൂടല്‍, തിരുവാതിരകളി, കൊയ്ത്തിനു ശേഷം കര്‍ഷകത്തൊഴിലാളികള്‍ കതിരുകള്‍ കുതിരയുടെ രൂപത്തില്‍ കെട്ടി ഉടുക്കിന്റെയും ചെണ്ടയുടെയും താളത്തില്‍ ആടി ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്ന കുതിരകളി, തലയാട്ടം, ഓട്ടംതുള്ളല്‍, കുംഭകുടം, കാവടിയാട്ടം തുടങ്ങിയ കലാപരിപാടികള്‍, ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചും, മറ്റു വിശേഷാവസരങ്ങളിലും നടത്തപ്പെട്ടിരുന്നു. മുന്‍കാലങ്ങളില്‍ പള്ളിത്തിരുനാളുകളോടനുബന്ധിച്ച്, ജനോവ നാടകം, ഉര്‍ശീനനാടകം, ചവിട്ടുനാടകം തുടങ്ങിയവ അവതരിപ്പിച്ചുവന്നിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ക്ഷേത്രോത്സവങ്ങള്‍ക്കും, പള്ളിത്തിരുനാളുകള്‍ക്കും അനുബന്ധമായി നടന്നിരുന്ന ഇത്തരം കലാപരിപാടികള്‍ നാടകം ഗാനമേള, കഥാപ്രസംഗം, ബാലെ തുടങ്ങിയ കലാരൂപങ്ങള്‍ക്കു വഴിമാറി.അതോടൊപ്പം പ്രാദേശിക കലാസംഘടനകളും, നാടകസമിതികളും രൂപംകൊള്ളുകയും ചെയ്തു. 1980-കളില്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെന്ന പോലെ ഈ പ്രദേശത്തും പ്രചരിച്ചു തുടങ്ങിയ ഇലക്ട്രോണിക് വാര്‍ത്താമാദ്ധ്യമങ്ങള്‍ ഈ തനതു കലാപ്രവര്‍ത്തനങ്ങളെയാകെ തകിടം മറിച്ചു. ബ്ളോക്ക് പ്രദേശത്തെ ജനങ്ങള്‍ ക്രിസ്ത്യന്‍ ഹിന്ദുമത വിഭാഗങ്ങളില്‍ പെടുന്നു. വിദ്യാഭ്യാസപരമായി ഈ ബ്ളോക്കുപ്രദേശം അഭിമാനാര്‍ഹമാംവിധം മുന്നിലാണ്. ജനസംഖ്യയില്‍ 95 ശതമാനത്തോളം സാക്ഷരരാണ്. സ്വാതന്ത്ര്യ സമ്പാദനവേളയില്‍ ഈ ബ്ളോക്കുപ്രദേശത്തെ 6 പഞ്ചായത്തുകളിലും കൂടി കേവലം നാല് ഇംഗ്ളീഷ് ഹൈസ്കൂളുകള്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പതിനേഴ് ഹൈസ്ക്കുളുകളും, രണ്ട് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും, ഒരു ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സെന്ററും, 14 യു.പി.സ്കൂളുകളും, 36 എല്‍.പി.സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പാലാ മുനിസിപ്പാലിറ്റിയിലേയും സമീപ സ്ഥലങ്ങളായ മേലുകാവ്, അരുവിത്തുറ, ഉഴവൂര്‍, കുറവിലങ്ങാട്, വാഴൂര്‍ പ്രദേശങ്ങളിലേയും കോളേജുകള്‍ വലിയ തോതില്‍ പ്രയോജനം ചെയ്യുന്നുണ്ട്. ഒരുകാലത്ത് പാരമ്പര്യമായി ചെയ്തുവന്ന ചില ഗ്രാമീണ വ്യവസായങ്ങളും കുടില്‍ വ്യവസായങ്ങളും ഇന്ന് പ്രായേണ വിസ്മൃതങ്ങളായിക്കഴിഞ്ഞിരിക്കുന്നു. അലുമിനിയപ്പാത്രങ്ങളുടെ ആവിര്‍ഭാവത്തോടെ മണ്‍പാത്രനിര്‍മ്മാണം അധ:പതിച്ചു.
കാര്‍ഷികചരിത്രം
ഈ ബ്ളോക്ക് പഞ്ചായത്തിന്റെ സമ്പദ്വ്യവസ്ഥ മുഖ്യമായും കൃഷിയെ ആശ്രയിച്ചാണിരിക്കുന്നത്.സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തെങ്ങായിരുന്നു ഈ പ്രദേശത്തെ മുഖ്യകൃഷി. കമുക്, കാപ്പി, കുരുമുളക്, കശുമാവ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയ്ക്കും ഗണ്യമായ പരിഗണന നല്‍കിയിരുന്നു. പില്‍ക്കാലത്ത് അവിടവിടെയായി ആരംഭിച്ച റബ്ബര്‍ കൃഷി രണ്ടാം ലോക മഹായുദ്ധത്തിനുശേഷം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രേരണയും പ്രോത്സാഹനവും മൂലം വളരെ പെട്ടെന്ന് വ്യാപകമായി തീര്‍ന്നു. ഇപ്പോള്‍ മറ്റു നാണ്യവിളകളെയെല്ലാം പിന്‍തള്ളിക്കൊണ്ട് റബ്ബര്‍ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുകയാണ്. നെല്ല്, മരച്ചീനി, വാഴ, ചേന, ചേമ്പ്, കാച്ചില്‍, കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവിളകള്‍ ഈ പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നു. ലോകമഹായുദ്ധകാലത്ത് നാടൊട്ടാകെ ദുരിതം വിതച്ച കൊടും പട്ടിണിയില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി ഓരോ ഇഞ്ചു ഭൂമിയിലും മേല്‍പറയപ്പെട്ട ഇനങ്ങളില്‍പ്പെട്ട ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ ഉത്സാഹിച്ചു. ജലലഭ്യതയുള്ള പാടങ്ങളില്‍ മാത്രമല്ല, കരഭൂമികളില്‍പ്പോലും നെല്‍കൃഷി ചെയ്യുന്ന സമ്പ്രദായം അന്ന് വ്യാപകമായുണ്ടായിരുന്നു. പയര്‍, തുവര, പാവല്‍, കോവല്‍, വെണ്ട, വഴുതന, മത്ത, കുമ്പളം, ചീനി, പടവലം തുടങ്ങിയ പച്ചക്കറികള്‍ മിക്കവാറും എല്ലാ കര്‍ഷകരും മറ്റു കൃഷികളോടൊപ്പം ഉപ ഉല്‍പന്നങ്ങളായി കൃഷി ചെയ്തിരുന്നു. ബ്ളോക്കിന്റെ പടിഞ്ഞാറു ഭാഗത്ത് മീനച്ചിലാറിന്റെ ഇരുകരകളിലും വെള്ളപ്പൊക്കം മൂലം നെല്‍കൃഷി സാധ്യമല്ലാതിരുന്ന താണ പ്രദേശങ്ങളില്‍ കരിമ്പുകൃഷി സാമാന്യം നല്ല തോതില്‍ നടന്നിരുന്നു. ചക്ക, മാങ്ങ, പേരയ്ക്കാ, ആനിക്ക തുടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ പ്രദാനം ചെയ്യുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താതെ തന്നെ മിക്ക കൃഷിസ്ഥലങ്ങളിലും നൈസര്‍ഗ്ഗികമായി മുളച്ച് വളര്‍ന്ന് ഫലം നല്‍കിക്കൊണ്ടിരുന്നു. 1950-കളുടെ പകുതികള്‍ വരെ ഈ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന കാര്‍ഷിക ശൈലിയുടെ ഒരു രേഖാചിത്രമാണിത്.രണ്ടാലോകമഹായുദ്ധങ്ങളുടെ കാലത്ത് നാടെമ്പാടും വ്യാപിച്ച ക്ഷാമവും പട്ടിണിമരണങ്ങളും അതേ രൂക്ഷതയോടെ ഈ പ്രദേശങ്ങളില്‍ താണ്ഡവനൃത്തം ആടാതിരുന്നതിനു നന്ദിപറയേണ്ടത് മുകളില്‍ കാണിച്ച വിവിധതരം കൃഷികളോടാണ്.പഴയ ചില കൃഷികള്‍ അപ്രത്യക്ഷമായെന്നതും പുതിയ ചിലത് കടന്നുവന്നുവെന്നുള്ളതും എടുത്തു പറയേണ്ടതുണ്ട്. തെങ്ങിന്റെ സ്ഥാനം റബ്ബര്‍ കരസ്ഥമാക്കിയ കാര്യം നേരത്തെ പറഞ്ഞു. കമുകു കൃഷി പ്രായേണ അപ്രത്യക്ഷമായി. നെല്‍പ്പാടങ്ങള്‍ പലതും തരിശായിക്കിടക്കുകയോ മരച്ചീനി മുതല്‍ തേക്കു വരെയുള്ള മറ്റുകൃഷികള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്തു കഴിഞ്ഞു. കരിമ്പിന്‍ തോട്ടങ്ങളുടെ സ്ഥാനത്ത് ഇന്നു കാണുന്നത് ഇഷ്ടിക കളങ്ങളാണ്. ഗ്രാമ്പു, ജാതി, കൊക്കോ, കറുവ, മാഞ്ചിയം തുടങ്ങിയ പല പുതിയ ഇനം കൃഷികളും വന്‍തോതില്‍ വ്യാപിച്ചിട്ടുണ്ട്.