ളാലം

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലാണ് ളാലം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭരണങ്ങാനം, കരൂര്‍, കൊഴുവനാല്‍, കടനാട്, മീനച്ചില്‍, മുത്തോലി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്കാണ് ളാലം. മീനച്ചില്‍, കടനാട്, ഭരണങ്ങാനം, ളാലം, പള്ളിച്ചിറ, പുലിയന്നൂര്‍, പൂവരണി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ളാലം ബ്ളോക്ക് പഞ്ചായത്തിന് 173 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 വാര്‍ഡുകളുമുണ്ട്. വടക്കുഭാഗത്ത് തൊടുപുഴ ബ്ളോക്കും, കിഴക്കു ഭാഗത്ത് ഈരാറ്റുപേട്ട ബ്ളോക്കും, തെക്കുഭാഗത്ത് പാമ്പാടി ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് ഉഴവൂര്‍ ബ്ളോക്കുമാണ് ളാലം ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. കോട്ടയം ജില്ലയുടെ ഏറ്റവും വടക്കേയറ്റത്ത് ഇടുക്കി ജില്ലയോടു ചേര്‍ന്നാണ് ളാലം ബ്ളോക്കു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പാലാ മുനിസിപ്പാലിറ്റി ഈ ബ്ളോക്കിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. കവണാര്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന മീനച്ചിലാറ് ളാലം ബ്ളോക്കിന്റെ മധ്യഭാഗത്തിലൂടെ കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന ഹൈവേ ബ്ളോക്കിന്റെ മധ്യഭാഗത്തുകൂടെ തെക്കുവടക്കായി കടന്നുപോകുന്നു. ഇടനാട് ഭൂപ്രകൃതിമേഖലയിലാണ് ളാലം ബ്ളോക്കുപ്രദേശം സ്ഥിതി ചെയ്യുന്നത്. കടനാട്, ഭരണങ്ങാനം ഗ്രാമപഞ്ചായത്തുകളുടെ കിഴക്കന്‍ വാര്‍ഡുകള്‍ താരതമ്യേന ഉയരം കൂടിയ മലമ്പ്രദേശങ്ങളാണ്. ബ്ളോക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ചെരിഞ്ഞ ഭൂപ്രകൃതിയോടു കൂടിയതാണ്. തെങ്ങ്, കമുക്, കാപ്പി, കുരുമുളക്, കപ്പ, വാഴ തുടങ്ങിയവയൊക്കെയായിരുന്നു ആദ്യകാല കുടിയേറ്റക്കാര്‍ ഈ പ്രദേശങ്ങളില്‍ കൃഷി ചെയ്തുകൊണ്ടിരുന്നത്. ഇന്ന് അവയെ എല്ലാം പുറന്തള്ളിക്കൊണ്ട് ചെറുതും വലുതുമായ റബ്ബര്‍ തോട്ടങ്ങള്‍ ഇവിടെ സ്ഥാനമുറപ്പിച്ചിരിക്കുന്നു. 1960 ഏപ്രില്‍ 1-ാം തീയതി പ്രീ-എക്സ്റ്റന്‍ഷന്‍ ബ്ളോക്ക് ആയാണ് ളാലം ബ്ളോക്ക് ആരംഭിച്ചത്. ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മുത്തോലി, മീനച്ചല്‍ എന്നീ 6 പഞ്ചായത്തുകളും, ഭരണങ്ങാനും, ളാലം, കടനാട്, പുലിയന്നൂര്‍, പൂവരണി, വള്ളീച്ചിറ, മീനച്ചില്‍ എന്നീ 7 വില്ലേജുകളുമാണ് അക്കാലത്ത് ഈ ബ്ളോക്കിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ടിരുന്നത്. ഇന്ന് ബ്ളോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്ന രണ്ടേക്കര്‍ 14 സെന്റ് സ്ഥലം പൊതുജനങ്ങള്‍ സര്‍ക്കാരിലേക്ക് സൌജന്യമായി നല്‍കിയിട്ടുള്ളതാണ്.