ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

ഇന്നത്തെ തിരുവഞ്ചിക്കുളം കഴിഞ്ഞാല്‍ കേരള ചരിത്രത്തില്‍ മുഖ്യമായ സ്ഥാനം അലങ്കരിച്ചിരുന്ന മഹോദയപുരം എന്ന ഗ്രാമത്തെപ്പറ്റി പ്രാചീനകൃതിയായ ചന്ദ്രോത്സവത്തിലും കേരളോല്‍പത്തിയിലും ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലും വിശ്വവിജ്ഞാനകോശം മൂന്നാംവാല്യത്തിലും, ശ്രീധരമേനോന്‍ രചിച്ച കേരളചരിത്രത്തിലും ബാലകൃഷ്ണപിള്ളയുടെ ചേരരാജധാനികള്‍ എന്ന ലേഖനത്തിലും പരാമര്‍ശിക്കുന്നുണ്ട്. മഹോദയപുരം എന്ന് പേരുള്ള ചേരന്മാരുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന കൊടുങ്ങല്ലൂരിനു ചുറ്റുമായി ബ്രാഹ്മണരുടെതായുണ്ടായിരുന്ന നാലു മൂലഗ്രാമങ്ങളിലൊന്നായിരുന്നു ഈ പഞ്ചായത്തിലുള്ള ഐരാണിക്കുളം. പറവൂര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം എന്നിവയാണ് മറ്റ് മൂന്ന് ഗ്രാമങ്ങള്‍. 32 മൂല ഗ്രാമങ്ങളില്‍ ഒന്നായി കേരളോല്പത്തിയില്‍ ഐരാണിക്കുളം പരമാര്‍ശിക്കപ്പെടുന്നുണ്ട്. ചേരന്‍മാര്‍പെരുമാളിന്റെ സഭയിലെ പണ്ഡിതനായിരുന്ന തോലന്‍ ഐരാണിക്കുളം ഗ്രാമത്തിലെ ഒരു ബ്രാഹ്മണനായിരുന്നു. കൂടിയാട്ടത്തിന്റെ അഭിനയസങ്കേതങ്ങളെക്കുറിച്ച് വിസ്തരിച്ച് പ്രതിപാദിക്കുന്ന പല ആട്ടപ്രാകാരങ്ങളും, അവയുടെ അനുബന്ധമെന്ന നിലയില്‍ ദീര്‍ഘവും വിശദവുമായ നാടകാഭിനയനിര്‍ദ്ദേശങ്ങളടങ്ങുന്ന ക്രമദീപകയും തോലന്റെ കൃതികളാണെന്ന് വിശ്വസിക്കപ്പെടുന്നു. വലിയൊരു ഫലിതപ്രിയനുമായിരുന്നു തോലന്‍. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഇവിടുത്തെ ഐരാണിക്കുളം ക്ഷേത്രം പല സവിശേഷതകളുമുള്ളതാണ്. കേരളത്തിലെ ഏറ്റവും വലിയ ഇരുനിലവട്ട ശ്രീകോവിലും ബലിക്കല്ലുകളും ഇവിടെയുണ്ട്. പക്ഷേ ക്ഷേത്രവളപ്പില്‍ രണ്ട് മഹാക്ഷേത്രങ്ങളാണ് നിലകൊള്ളുന്നത്. ഒരേ പീഠത്തില്‍ ഉറപ്പിച്ചിരിക്കുന്ന ശിവ, പാര്‍വ്വതി, സുബ്രമണ്യ പ്രതിഷ്ഠ തന്നെ വളരെ അപൂര്‍വ്വതകളുള്ളതാണ്. വരമൂദ്രയോടെ ധ്യാനലീനനായിരിക്കുന്ന ശിവന്റെ സമ്പൂര്‍ണ്ണപ്രതിഷ്ഠയാണിവിടെ. പൌരാണികസംസ്ക്കാരത്തിന്റെ പ്രതാപശ്വൈര്യങ്ങളോടെ ഒരിക്കല്‍ ഐരാണിക്കുളം നിലനിന്നിരുന്നുവെന്നതിന്റെ സ്മാരകമുദ്രയാണ് ഈ ക്ഷേത്രം. മഹോദയപുരം ആസ്ഥാനമായുള്ള ചേരവംശത്തിന്റെ ആസ്ഥാനകവിയായിരുന്ന കണ്ണനാരുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ കുണ്ടൂര്‍, ഗൂഢല്ലൂര്‍, ഗുണ്ടൂര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ സാമീപ്യംകൊണ്ട് കുണ്ടൂര്‍ ആകാനാണിട. അങ്ങനെയെങ്കില്‍ കുഴൂര്‍ പഞ്ചായത്തിന്റെ ചരിത്രപ്രാധാന്യവും പെരുമയും വീണ്ടും വര്‍ദ്ധിക്കുന്നുവെന്ന് പറയാം. ചാലക്കുടി പുഴയോരത്ത് ഉണ്ടായിരുന്ന അരിങ്ങാമ്പിള്ളി സ്വരൂപത്തിനോടനുബന്ധിച്ച് അവിടെ പഴയകാലത്ത് ഒരു സംസ്കൃതവിദ്യാപീഠം നിലനിന്നിരുന്നു. അന്തര്‍ജ്ജനങ്ങള്‍ക്ക് മാത്രം ആരാധിക്കാനായി ഒരു ദേവീക്ഷേത്രം ഇവിടെയുണ്ടത്രെ. 14-ാ നൂറ്റാണ്ടില്‍ രചിക്കപ്പെട്ട പ്രസിദ്ധമായ ശുകസന്ദേശത്തിന്റെ കര്‍ത്താവായ ലക്ഷ്മിദാസന്‍ കരിങ്ങമ്പള്ളി സ്വരൂപത്തിലെ അംഗമായിരുന്നു. ചരിത്രപ്രാധാന്യമൂള്ള ഈ കൃതിയില്‍ നായകന്‍ സന്ദേശവാഹകനായ ശുകത്തിന് രാമേശ്വരം മുതല്‍ തൃക്കണ്ണാമതിലകം വരെയുള്ള മാര്‍ഗ്ഗം പറഞ്ഞുകൊടുക്കുന്നു. പെരിയാറും മറ്റും ഇതില്‍ വര്‍ണ്ണിക്കപ്പെടുന്നുണ്ട്. തിരുവിതാംകൂറും കൊച്ചിയും അതിരുകളിടുന്ന കുണ്ടൂര്‍ പുഴയുടെ തീരത്ത് ഒരു പാണ്ഡികശാലയുണ്ടായിരുന്നു. ഉപ്പ്, പുകയില മുതലായവക്ക് അന്ന് കരം അടയ്ക്കണം. അങ്ങോട്ടുമിങ്ങോട്ടും കടത്തുന്നത് നിയമവിരുദ്ധമായിരുന്നു. പാണ്ഡികശാല ഉണ്ടായിരുന്നത് കൊണ്ട് ഈ കടവിന് പാണ്ഡ്യാലക്കടവ് എന്ന് പേരുവീണു. ഉള്‍നാടന്‍ ജലഗതാഗതം അന്നു പരമാവധി പ്രയോജനപ്പെട്ടിരുന്നു. പൂവ്വത്തുശ്ശേരി മുതലായ പ്രദേശങ്ങളില്‍ നിന്ന് കൊച്ചി, പറവൂര്‍, കോട്ടപ്പുറം മുതലായ വ്യാപാരകേന്ദ്രങ്ങളിലേക്ക് പോയിരുന്ന കച്ചവടവള്ളങ്ങള്‍ക്ക് ഇടത്താവളമായിരുന്നു കുണ്ടൂര്‍ കടവ്. കുണ്ടൂരില്‍നിന്ന് കൊച്ചി, പറവൂര്‍, കോട്ടപ്പുറം മുതലായ സ്ഥലങ്ങളിലേക്ക് ബോട്ടുസര്‍വ്വീസ് ഉണ്ടായിരുന്നു. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ ഉല്പാദിപ്പിച്ചിരുന്ന വിളകള്‍ വിറ്റഴിക്കാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഒരു കാര്‍ഷികസംസ്ക്കാരമായിരുന്നു ഇവിടെ പൂര്‍ണ്ണമായും നിലനിന്നുപോന്നത്. കുഴൂരിലെ ഭൂസ്വത്ത് മുഴുവന്‍ അന്ന് ചെറുവള്ളിസ്വരൂപം, കാരങ്ങാമ്പിള്ളി സ്വരൂപം, ഒറവങ്കരമന, അരയണമംഗലം, നേന്ത്രമംഗലം തുടങ്ങിയ ഇവിടത്തുകാരായ നമ്പൂതിരി ഗൃഹങ്ങളും, പാലിയം, ആലപ്പാട്ട് സ്വരൂപം, സംക്രമത്ത് മുതലായ ജന്മികള്‍ കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. ആറാട്ടുകടവിനുമേലെ ചുങ്കത്ത് എന്നോരുകടവുണ്ടായിരുന്നു. അതിലൂടെ കടന്നുപോകുന്നവരില്‍നിന്ന് ചുങ്കം പിരിക്കാനുള്ള അവകാശം അതിനടുത്തുണ്ടായിരുന്ന ഒരു ജന്മികുടുംബത്തിനായിരുന്നു. മുണ്ടകന്‍, പുഞ്ച. വിരിപ്പ് എന്നിങ്ങനെ മൂന്നുതരം കൃഷിയാണ് ചെയ്തിരുന്നത്. ഇന്നത്തെ വയലുകള്‍ ഭൂരിഭാഗവും നിബിഢമായ കുറ്റിക്കാടുകളായിരുന്നു. കാളത്തേക്ക്, ചക്രം, വേത്ത്, കൊട്ടത്തേക്ക് മുതലായ പാരമ്പര്യരീതികളിലൂടെയാണ് കൃഷിക്ക് വെള്ളം തേകിയിരുന്നത്. കര്‍ഷകതൊഴിലാളികള്‍ ചൂഷണത്തിനു വിധേയരും തികച്ചും അസംഘടിതരുമായിരുന്നു. കൂലി നെല്ലായിട്ടാണ് കൊടുത്തിരുന്നത്. പിന്നോക്കക്കാര്‍ക്ക് കൂലിയായി നെല്ലും, കൂടെ പഴയ കീറിയ വസ്ത്രങ്ങളുമായിരുന്നു നല്‍കിയിരുന്നത്. കൂഴൂരിലെ സുപ്രസിദ്ധമായ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ വൃശ്ചികത്തിലെ 8 ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സവവും കലാപരിപാടികളും ഗ്രാമത്തിന്റെ മുഴുവന്‍ ആഘോഷമാണ്. ക്ഷേത്രകലകളായിരുന്ന കഥകളി, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, പാഠകം മുതലായവയ്ക്ക് വളരാനും പന്തലിക്കാനും ഈ ക്ഷേത്രം വലിയൊരളവില്‍ പ്രചോദനമായിട്ടുണ്ട്. മകരത്തിലെ പൂയം, തുലാത്തിലെ ഷഷ്ഠി എന്നിവ വളരെ പ്രാധാന്യത്തോടെ ഇവിടെ ആചരിച്ചു വരുന്നു. ക്ഷേത്രത്തിന്റെ തണലില്‍ അഖിലേന്ത്യാപ്രശസ്തരായ പല വാദ്യകലാകാരന്മാരും ഉന്നതിയിലെത്തിയിട്ടുണ്ട്. കുഴൂര്‍ കുട്ടപ്പമാരാര്‍ അഖിലേന്ത്യാ പ്രശസ്തനായ തിമിലവിദ്വാനായിരുന്നു. അദ്ദേഹം ഇന്ത്യന്‍ പ്രസിഡന്റിന്റെ നാദബ്രഹ്മം മെഡല്‍ നേടിയ അപൂര്‍വ്വകലാകാരനാണ്. മറ്റൊരു പ്രസിദ്ധകലാകാരനാണ് കുഴൂര്‍ നാരായണമാരാര്‍. അമ്പലക്കാട് ഇടവകയില്‍ നിന്ന് പിരിഞ്ഞ് പുതിയ ഇടവകകളായി താണിശ്ശേരി, കുണ്ടൂര്‍, പാറക്കടവ്, പൂവ്വത്തുശ്ശേരി എന്നിവ രൂപംകൊണ്ടു. ഇതില്‍ പഴക്കമേറിയത് താണിശ്ശേരി സെന്റ് സേവിയേഴ്സ് പള്ളിയാണ്. ഈ ഗ്രാമത്തിലെ വെള്ളാട്ട് കുന്ന് പള്ളിയും പെരുനാളും പ്രസിദ്ധമാണ്. ഒരു ഗ്രാമത്തിന്റെ ഹൃദയതുടിപ്പുകള്‍ മുഴുവനും ഉള്‍ക്കൊണ്ട പെരുന്നാളാണിവിടെ നടന്നിരുന്നത്. വീട്ടുപകരണങ്ങളും, പച്ചക്കറികളും, കിഴങ്ങുകളും, ധാന്യങ്ങളും ഇതിനോടനുബന്ധിച്ച് ക്രയവിക്രയം ചെയ്തിരുന്നു. ഓരോ കുടുംബത്തിലും ഒരു വര്‍ഷത്തേക്കാവശ്യവുള്ള എല്ലാ സാധനങ്ങളും വാങ്ങാനും കരുതി വയ്ക്കാനും ഈ പള്ളിയിലെ പെരുന്നാള്‍ ഉപകരിച്ചിരുന്നു. മഹാദേവക്ഷേത്രം, കുഴൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, താന്നശ്ശേരി സെന്റ് സേവിയേഴ്സ് ചര്‍ച്ച്, സെന്റ് മേരീസ് ചര്‍ച്ച് കുണ്ടൂര്‍, കൊച്ചുകടവ് മൊഹിയുദ്ദീന്‍ പള്ളി മുതലായവയാണ് പ്രധാന ആരാധനാലയങ്ങള്‍. കുഴൂര്‍ പഞ്ചായത്തിലെ ആദ്യഗ്രന്ഥശാല കുഴൂര്‍ വായനശാലയാണ്. വിദ്വാന്‍ ടി.കെ.രാമന്‍മേനോന്‍, പ്രൊ.പി.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍മാരാണ്. നല്ല നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാള രവി ഈ കൊച്ചുനാടിന്റെ അഭിമാനമാണ്. തൃശ്ശൂര്‍ ജില്ലയുടെ തെക്കേ അറ്റത്ത് എറണാകുളം ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുഴൂര്‍ പഞ്ചായത്തില്‍ പണ്ടുകാലത്ത് വിദ്യാഭ്യാസസൌകര്യങ്ങള്‍ പരിമിതമായിരുന്നു. കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി, പറവൂര്‍, ചേന്ദമംഗലം പ്രദേശങ്ങളെയാണ് ഇവിടത്തുകാര്‍ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്. 1951-ല്‍ പൊയ്യ വില്ലേജുപഞ്ചായത്തിന്റെ ഭാഗമായിരുന്ന കുഴൂരിലാണ് ഈ പഞ്ചായത്തില്‍ ആദ്യമായി വൈദ്യുതി എത്തിയത്.