കുഴൂര്‍

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ മാള ബ്ലോക്കിലാണ് കുഴൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരുമുക്കുളം, കാക്കുളിശ്ശേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുഴൂര്‍ ഗ്രാമപഞ്ചായത്തിന് 19.11 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കുഴൂര്‍പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മാള, അന്നമനട പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പൊയ്യ, പുത്തന്‍വേലിക്കര പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലക്കുടി പുഴയും, കിഴക്കുഭാഗത്ത് അന്നമനട, പാറക്കടവ് പഞ്ചായത്തുകളുമാണ്. കുഴൂര്‍ എന്ന സ്ഥലനാമത്തിനു പിന്നില്‍ ചരിത്രവും ഐതീഹ്യവും കൂടിക്കലര്‍ന്ന നിഗമനങ്ങള്‍ നിലവിലുണ്ട്. പണ്ടുകാലത്ത് ഇന്നത്തെ ചാലക്കുടിപുഴ പൂവ്വത്തുശ്ശേരിയില്‍ വെച്ച് പടിഞ്ഞാറോട്ട് തിരിഞ്ഞ് ഐരാണിക്കുളം വഴി ഒഴുകിയാണ് അറബിക്കടലില്‍ പതിച്ചിരുന്നതെന്ന് കേള്‍ക്കുന്നു. പിന്നീട് ഈ പുഴ ഗതിമാറി പൂവ്വത്തുശ്ശേരിയില്‍ വെച്ച് തെക്കോട്ട് തിരിഞ്ഞ് ഒഴുകിമാറിപ്പോന്ന സ്ഥലമാകാം ഇന്നത്തെ തിരിപ്പറമ്പ്. ആ പോരലിനിടയില്‍ ആറാട്ടുകടവില്‍ രൂപം കൊണ്ട അഗാധമായ ചുഴിയില്‍ നിന്നും ഉയര്‍ന്നുവന്ന ഊര് ചുഴിയൂര്‍ ആയിയെന്നും അതല്ല കുഴിയില്‍ നിന്നും രൂപപ്പെട്ട ഊര് കുഴിയൂര്‍ ആയിയെന്നും കാലക്രമത്തില്‍ ഇത് കുഴൂരായി മാറിയെന്നുമാണ് ഐതിഹ്യം. തൃശ്ശൂര്‍, എറണാകുളം ജില്ലകളെ വേര്‍തിരിച്ചുകൊണ്ട് കുഴൂരിന്റെ തെക്കേ അറ്റത്തുകൂടി ചാലക്കുടിപുഴയൊഴുകുന്നു. കുഴൂര്‍ പഞ്ചായത്തിലെ ഐരാണിക്കുളം വളരെ പ്രസിദ്ധമാണ്. 32 മൂല ഗ്രാമങ്ങളില്‍ ഒന്നായി കേരളോല്‍പത്തിയില്‍ ഐരാണിക്കുളം പരമാര്‍ശിക്കപ്പെടുന്നുണ്ട്. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഇവിടുത്തെ ഐരാണിക്കുളം ക്ഷേത്രം പല സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. കേരളത്തിലെ ഏറ്റവും വലിയ ഇരുനിലവട്ട ശ്രീകോവിലും ബലിക്കല്ലുകളും ഈ ക്ഷേത്രത്തിലുണ്ട്.